Advertisement

ദിമിത്രിയോസിന്റെ രണ്ടടിയില്‍ ചരിത്രം തിരുത്തി കൊല്‍ക്കത്ത ഈസ്റ്റ് ബംഗാള്‍ എഎഫ്‌സി ചലഞ്ച് കപ്പ് ക്വാര്‍ട്ടറില്‍

November 2, 2024
2 minutes Read
Dimitrios

ഭൂട്ടാനിലെ തിമ്പുവിലെ ചാംഗ്ലിമിതാങ് സ്റ്റേഡിയത്തില്‍ പതിനൊന്ന് വര്‍ഷത്തെ ചരിത്രം മാറ്റിയെഴുതി കൊല്‍ക്കത്ത ഈസ്റ്റ് ബംഗാള്‍ എഫ്‌സി. എഎഫ്സി ചലഞ്ച് ലീഗില്‍ വെള്ളിയാഴ്ച നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ലെബനനിലെ നെജ്‌മെഹ് എസ്സിയെ 3-2ന് തോല്‍പ്പിച്ചാണ് ആദ്യമായി ഈസ്റ്റ് ബംഗാള്‍ ഒരു ഏഷ്യന്‍ ടൂര്‍ണമെന്റിന്റെ നോക്കൗട്ടിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.
ഈ വിജയത്തോടെ ഈസ്റ്റ് ബംഗാള്‍ ടേബിള്‍-ടോപ്പറായി ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം നേടി.

17, 77 മിനിറ്റുകളില്‍ ഒരു പെനാല്‍റ്റി അടക്കം ഗ്രീക്ക് സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമെന്റാക്കോസ് നേടിയ രണ്ട് ഗോളുകളുടെ പിന്‍ബലത്തിലായിരുന്നു ഇന്ത്യന്‍ ക്ലബ്ബിന്റെ വിജയം. നെജ്മയുടെ ബാബ മൂസയുടെ സെല്‍ഫ് ഗോളില്‍ എട്ടാം മിനിറ്റില്‍ തന്നെ കൊല്‍ക്കത്ത ലീഡ് നേടി. മാദി തലാലിന്റെ കോര്‍ണര്‍ ഹെഡ് ചെയ്ത് അപകടമൊഴിവാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മൂസയുടെ സെല്‍ഫ് ഗോള്‍. 17-ാം മിനിറ്റില്‍ മഹേഷ് നോറമിന്റെ ക്രോസ് ഗോളാക്കിമാറ്റി ദിമിത്രിയോസ് കൊല്‍ക്കത്തയുടെ ലീഡ് രണ്ടാക്കി. എന്നാല്‍, ഇടവേളക്ക് മുന്‍പ് തന്നെ രണ്ട് ഗോളുകളും തിരിച്ചടിച്ച് ലെബനന്‍ ടീം ശക്തമായ തിരിച്ചുവരവ് നടത്തി. പതിനെട്ടാം മിനിറ്റില്‍ കോളിന്‍സ് ഒപ്പറെയും 43-ാം മിനിറ്റില്‍ ഹുസൈന്‍ മോന്‍സറുമാണ് ലബനന്‍ സംഘത്തിനായി വല ചലിപ്പിച്ചത്. മേല്‍ക്കൈക്കായി ഇരുടീമുകളും ശ്രമം തുടരുന്നതിനിടെ കൊല്‍ക്കത്തക്ക് സുവര്‍ണാവസരം ലഭിച്ചു. 77-ാം മിനിറ്റില്‍ തലാലിനെ വീഴ്ത്തിയതിന് കൊല്‍ക്കത്തക്ക് അനുകൂലമായി പെനാല്‍റ്റിയായിരുന്നു റഫറി വിധിച്ചത്. കിക്ക് എടുത്ത ദിമിത്രിയോസ് ഡയമെന്റാക്കോസിന് പിഴച്ചില്ല. ഈസ്റ്റ് ബംഗാളിന്റെ വിജയഗോള്‍ കുറിച്ച ഗോളില്‍ അങ്ങനെ പുതിയ ചരിത്രം പിറക്കുകയായിരുന്നു.

കൊല്‍ക്കത്ത ഈസ്റ്റ് ബംഗാള്‍ എഫ്‌സിയുടെ ആദ്യമത്സരം ഭൂട്ടാന്‍ ടീമായ പാരോയുമായിട്ടായിരുന്നു. ഈ മത്സരം 2-2 സമനില പിടിച്ച ഈസ്റ്റ് ബംഗാള്‍ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് ക്ലബ്ബായ ബസുന്ധര കിങ്സിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. നെജ്മ ആദ്യ രണ്ടുകളികളിലും ജയിച്ചതിനാല്‍ സമനിലയാണെങ്കിലും ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കാമായിരുന്നു. എന്നാല്‍ ഈസ്റ്റ് ബംഗാളിന് ജയം അനിവാര്യമായിരുന്നു. അതേ സമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ തോല്‍വിയേറ്റു വാങ്ങിയ ഈസ്റ്റ് ബംഗാള്‍ അവരുടെ പുതിയ പരിശീലകനായ ഓസ്‌കാര്‍ ബുസോണിനു കീഴില്‍ വന്‍തിരിച്ചുവരവാണ് എഎഫ്‌സി ചലഞ്ച് കപ്പിലൂടെ നടത്തിയിരിക്കുന്നത്. ടൂര്‍ണമെന്റിലെ ഈ നേട്ടം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

Story Highlights: AFC Challenge Cup 2024 Kolkata East Bengal FC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top