Advertisement

ഇത്തവണയും പിഴച്ചു; മുംബൈയോട് തോല്‍വിയേറ്റു വാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്

November 3, 2024
3 minutes Read
Mumbai City

രണ്ട് ഗോളിന്റെ സമനില പിടിച്ചിട്ടും വരുത്തിയ പിഴവില്‍ പതിവ് തോല്‍വിയേറ്റ് വാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. എവെ മാച്ചിനെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 4-2 ന്റെ സ്‌കോറില്‍ പരാജയപ്പെടുത്തി മുംബൈ സിറ്റി. മുംബൈ സിറ്റിക്കെതിരെ പത്തുപേരുമായി വിരോചിതമായി പൊരുതിയ ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളിന് പിന്നില്‍ നിന്ന് വലിയ തിരിച്ചുവരവാണ് നത്തിയത്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് മുംബൈ ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്. ഒന്‍പതാം മിനിറ്റിലും 55-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയും നികോസ് കരേലിസ്, 75-ാം മിനിറ്റില്‍ നതാന്‍ ആഷര്‍, 90-ാം മിനിറ്റില്‍ ചാങ്‌തെ എന്നിവരാണ് മുംബൈക്കായി സ്‌കോര്‍ ചെയ്തത്. ബ്ലാസ്റ്റേഴ്‌സിനായി 57-ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെ ജീസസ് ജിമനെസ്, 71-ാം മിനിറ്റില്‍ ക്വാമി പെപ്ര എന്നിവര്‍ ഗോള്‍ കണ്ടെത്തി. അതേ സമയം മൂന്നാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. നിലവില്‍ എട്ട് പോയിന്റാണ് കേരളത്തിനുള്ളത്. മുംബൈ ഒന്‍പതു പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ വന്ന പിഴവ് മുതലെടുത്തായിരുന്നു മത്സരം തുടങ്ങി ഒമ്പതാം മിനിറ്റിലെ മുംബൈയുടെ ആദ്യ ഗോള്‍. വതുവിങ്ങില്‍ നിന്നുള്ള ചാങ്‌തെയുടെ നിലംപറ്റിയുടെ ക്രോസിന് അനായാസം കാല്‍വെച്ച് നികോസ് കരേലിസ് പന്ത് വലയിലെത്തിച്ചു. സ്‌കോര്‍ 1-0. ഒന്‍പതാം മിനിറ്റില്‍ ഗോള്‍ വഴങ്ങേണ്ടി വന്ന ദുര്യോഗത്തിന് മറുപടി നല്‍കാന്‍ ആദ്യപകുതിയിലേറെയും ബ്ലാസ്റ്റേഴ്‌സ് നന്നായി പൊരുതിയെങ്കിലും ഗോള്‍ അകന്നു. ഒരു ഗോളിന്റെ ലീഡില്‍ ഒന്നാം പകുതി പിരിയുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ ഞെട്ടിച്ച് കൊണ്ടാണ് മുംബൈക്ക് അനുകൂലമായി റഫറിയുടെ പെനാല്‍റ്റി വിധിയെത്തി. ചാങ്‌തെയുടെ മുന്നേറ്റത്തിനെ തുടര്‍ന്ന് ലഭിച്ച കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തില്‍ പന്ത് ക്വാമി പെപ്രയുടെ കയ്യില്‍ തട്ടിയതിനായിരുന്നു പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത നികോളോസ് കരെലിസിന് പിഴച്ചില്ല. സ്‌കോര്‍ 2-0.

തൊട്ടുപിന്നാലെ 57-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനും അനുകൂലമായി പെനാല്‍റ്റി ഗോള്‍ ലഭിച്ചു. മുംബൈ ബോക്‌സിലേക്ക് പന്തുമായി കുതിച്ച ക്വാമി പെപ്രയെ മുംബൈ പ്രതിരോധ താരം ഫൗള്‍ ചെയ്തുവീഴ്ത്തി. ബ്ലാസ്റ്റേഴ്‌സ് താരം ജീസസ് ജിമിനസ് എടുത്ത കിക്ക് മുംബൈ ഗോളി ഫുര്‍ബ ലചെന്‍പയ്ക്ക് സാധ്യതകള്‍ നല്‍കാതെ വലയിലെത്തി.

69-ാം മിനിറ്റില്‍ ഫ്രീകിക്കില്‍നിന്ന് അഡ്രിയന്‍ ലൂണ നല്‍കിയ പന്ത് ഹിമെനെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിച്ചു. 71-ാം മിനിറ്റില്‍ അഡ്രിയന്‍ ലൂണ നല്‍കിയ ക്രോസില്‍ തലവച്ച് ക്വാമി പെപ്ര ബ്ലാസ്റ്റേഴ്‌സിനു വേണ്ടി സമനില ഗോള്‍ നേടി. എന്നാല്‍ ജഴ്‌സിയൂരി ആഘോഷിച്ചതിന്റെ പേരില്‍ പെപ്ര രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടുപുറത്തായത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചു. പത്തു പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്‌സിനെതിരെ 75-ാം മിനിറ്റില്‍ ഗോളടിച്ച് ഇന്ത്യന്‍ യുവതാരം നേതന്‍ ആഷര്‍ റോഡ്രിഗസ് മുംബൈയെ വീണ്ടും മുന്നിലെത്തിച്ചു. 78-ാം മിനിറ്റില്‍ പരുക്കേറ്റ് വീണ മുംബൈ ഗോളി ഫുര്‍ബ ലചെന്‍പയ്ക്കു പകരം മലയാളി താരം ടി.പി. രഹനേഷ് ആയിരുന്നു വല കാത്തത്.

ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സിനെതിരെ 90-ാം മിനിറ്റിലാണ് മുംബൈ നാലാം ഗോളടിക്കുന്നത്. 89-ാം മിനിറ്റില്‍ പന്തുമായി മുന്നേറിയ മന്‍സോറോയെ വിബിന്‍ മോഹന്‍ ഫൗള്‍ ചെയ്തുവീഴ്ത്തിയതിന് വീണ്ടും പെനാല്‍റ്റി. മുംബൈ ക്യാപ്റ്റന്‍ ലാലിയന്‍സുവാല ചാങ്‌തേയുടെ കിക്ക് ഗോളി സോം കുമാറിനെ മറികടന്ന് വലയിലെത്തി.

Story Highlights: Kerala Blasters vs Mumbai City FC match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top