തിരക്കഥ രചനയിലെ കമൽ ഹാസൻ മാജിക്

സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ ഉലകനായകന് അഭിനയം എന്നത് പത്തു തലകളിൽ ഒന്ന് മാത്രം. അഭിനയം, സംവിധാനം, തിരക്കഥാരചന, നിർമ്മാണം, ഗാനാലാപനം,ഗാനരചന,മേക്കപ്പ്,ആക്ഷൻ കൊറിയോഗ്രഫി,നൃത്തം, തുടങ്ങി കമൽ പയറ്റിത്തെളിയാത്ത മേഖലയേയില്ല. നടനമികവിനൊപ്പം തന്നെ അദ്ദേഹത്തിന്റെ രചനാ പാടവവും പ്രശംസകൾക്ക് പാത്രമായിട്ടുണ്ട്. 1976 ൽ തന്റെ 22-ാം വയസ്സിൽ “ഉണർചികൾ” എന്ന ചിത്രത്തിലൂടെയാണ് സഹതിരക്കഥാകൃത്തായി കമലിന്റെ എഴുത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്. ചിത്രം സെൻസർ ബോർഡുമായി ഉണ്ടായ പ്രശ്നങ്ങൾ കാരണം “രാസലീല(1975)” എന്ന പേരിൽ മലയാളത്തിലാണ് ആദ്യം റിലീസ് ചെയ്തത്.
30തിലധികം തിരക്കഥകൾ കമൽ ഹാസന്റേതായുണ്ട്. അവയിൽ 5 എണ്ണം അദ്ദേഹം തന്നെ സംവിധാനം ചെയ്തു. തേവർ മകൻ,ഹേ റാം,അൻബേ ശിവം, മഹാനദി, വിശ്വരൂപം,ദശാവതാരം,ആളവന്താൻ,അപൂർവ സഗോദരർഗൾ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ എഴുത്തിന്റെ ശക്തിയും തിരഞ്ഞെടുക്കുന്ന വിഷയങ്ങളിലെ വ്യത്യസ്തതയും കാട്ടി തരുന്നുണ്ട്.
ആഴത്തിലുള്ള ചരിത്ര-രാഷ്ട്രീയബോധം, അപാരമായ ഹ്യൂമർസെൻസ്,ഭാഷാജ്ഞാനം തുടങ്ങിയവ അദ്ദേഹത്തിന്റെ എഴുത്തിലെ വലിയ സവിശേഷതകളാണ്. ഗാന്ധിവധത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഹേറാം, തീവ്രവാദികൾക്കിടയിൽ നുഴഞ്ഞു കയറുന്ന ചാരന്റെ കഥ പറഞ്ഞ വിശ്വരൂപം പോലുള്ള സിനിമകൾ രാജ്യത്താകെ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. രാഷ്ട്രപിതാവിന്റെ ഘാതകരുടെയും തീവ്രവാദികളുടെയും കാഴ്ചപ്പാടിൽ നിന്ന് കഥപറഞ്ഞ്, അവരുടെ ആശയങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടി കാണിക്കുന്ന ഇത്തരം ശൈലികൾ സിനിമയിൽ ഉപയോഗിക്കാൻ ഉള്ള ചങ്കൂറ്റം എത്രപേർക്ക് ഉണ്ടാവും?. പുറമെ പറയുന്ന ഡയലോഗുകളിൽ ഒന്നിലധികം അർഥങ്ങൾ ധ്വനിപ്പിക്കുന്നതിനെയാണ് തിരക്കഥാരചനയിൽ സബ്ടെക്സ്റ്റ് എന്ന് വിളിക്കുന്നത്.
Read Also: 70ന്റെ ചെറുപ്പം; സപ്തതി നിറവിൽ ഉലകനായകൻ
കമൽ എഴുതുന്ന സംഭാഷണങ്ങളിൽ മിക്കപ്പോഴും അനേകം സബ്ടെക്സ്റ്റ്കളുണ്ടാവാറുണ്ട്. കോമഡിയോ, രാഷ്ട്രീയമോ, പ്രണയമോ ധ്വനിപ്പിക്കുന്ന ഡയലോഗുകളാവട്ടെ അവക്ക് പല ലേയറുകൾ ഉണ്ടാകും. വലിയ സാമ്പത്തിക വിജയവും ദേശീയ പുരസ്കാരങ്ങളും നേടിയ ഭരതൻ സംവിധാനം ചെയ്ത തേവർ മകന്റെ തിരക്കഥ കമൽ വെറും 7 ദിവസങ്ങൾക്കൊണ്ടാണ് എഴുതിയത്. തമിഴിൽ ആദ്യമായി തിരക്കഥയെഴുത്തിന് ഒരു സോഫ്റ്റ്‌വെയർ ഉപയോഗിച്ച ചിത്രവും തേവർ മകൻ ആണ്. അടുത്തതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ‘തഗ് ലൈഫ്’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മണിരത്നവും കമൽ ഹാസനും ചേർന്നാണ്. ഇളയരാജയുടെ ബയോപിക് ചിത്രവും കമൽ എഴുതും എന്നാണ് റിപ്പോർട്ടുകൾ.
Story Highlights : Kamal Haasan magic in script writing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here