‘പാലക്കാട് കള്ളപ്പണം എത്തിയിട്ടുണ്ട്, കൃഷ്ണദാസ് പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം’: ഇ.എൻ സുരേഷ് ബാബു

ട്രോളി വിവാദം അനാവശ്യമെന്ന് തുറന്നടിച്ച മുതിര്‍ന്ന നേതാവ് എന്‍എന്‍ കൃഷ്ണദാസിനെ തളളി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. കള്ളപ്പണം പാലക്കാട് എത്തിയെന്നതാണ് വസ്തുത. സമഗ്ര അന്വേഷണം വേണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
കൃഷ്ണദാസ് പറഞ്ഞതിനെ കുറിച്ച് കൃഷ്ണദാസിനോട് തന്നെ ചോദിക്കണമെന്നും സിപിഐഎമ്മിൽ ഒരു പ്രതിസന്ധിയും അഭിപ്രായ ഭിന്നതയുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.പാലക്കാട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എതിരായി വരുന്ന എല്ലാ കാര്യവും ചർച്ച ചെയ്യണമെന്നാണ് പാര്‍ട്ടി സെക്രട്ടറി ഗോവിന്ദൻ മാഷ് പറഞ്ഞത്.
ഷാഫി പറമ്പിലിന്റെ കാറിൽ കയറിയെന്നാണ് യുഡിഎഫ് സ്ഥാനാർഥി ആദ്യം പറഞ്ഞത്. സിനിമയിൽ അധോലോക സംഘം ചെയ്യുന്നത് പോലെയായിരുന്നു ഇതെല്ലാം. കാറിൽ ഷാഫി ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കണം. 10 മീറ്റർ ദൂരം പോകാൻ ഒരു കാർ, 700 മീറ്റർ ദൂരം പോയപ്പോൾ മറ്റൊരു കാറിൽ കയറുന്നു.
കോൺഗ്രസ് നേതാക്കളുടെ കളളപ്പണത്തിനെതിരെ താൻ നൽകിയ പരാതിയിൽ പൊലീസ് മൊഴിയെടുക്കാൻ വിളിക്കുമെന്നാണ് കരുതുന്നതെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. പാലക്കാട് എല്ലാ ജനകീയ പ്രശ്നങ്ങളും ചർച്ചചെയ്യുന്നുണ്ട്.
എന്ത് വികസന കാര്യങ്ങളാണ് ചർച്ച ചെയ്യാത്തത്? പാലക്കാട് കള്ളപ്പണം വന്നിട്ടുണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് പറഞ്ഞിട്ടുണ്ട്. അന്വേഷണം നടക്കുമ്പോൾ എല്ലാ കാര്യങ്ങളും പുറത്ത് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : Palakkad cpim against n n krishnadas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here