ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല, മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തില്ല; നിലപാട് കടുപ്പിച്ച് ഹൈക്കോടതി

ആന എഴുന്നള്ളിപ്പിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് ഹൈക്കോടതി.ജനങ്ങളുടെ സുരക്ഷയും,ആനകളുടെ പരിപാലനവുമാണ് ഏറ്റവും പ്രധാനം. ആനകള്‍ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതാണ്, ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണമെന്നും നിലവിലെ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല.അനിവാര്യമായ ആചാരമല്ലെങ്കില്‍ ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളിപ്പ് തുടരാനാവില്ല. ഒരുകാര്യം ഏറെ കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അനിവാര്യമായ മതാചാരമാകില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. എഴുന്നള്ളിപ്പിന് ആനകള്‍ തമ്മിലുള്ള മൂന്ന് മീറ്റര്‍ അകലം കർശനമായിത്തന്നെ പാലിക്കേണ്ടതാണ്. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകല പരിധി നിശ്ചയിച്ചിരിക്കുന്നത്.
ഹൈക്കോടതിയുടെ മാർഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
അതേസമയം, കോടതി പറഞ്ഞ ആനകൾ തമ്മിലുള്ള മൂന്ന് മീറ്റർ അകല പരിധി പാലിക്കുന്നുണ്ടോവെന്നറിയാൻ ജില്ലാ കളക്ടര്‍മാര്‍ക്ക് നിരീക്ഷണ ചുമതല നല്‍കുമെന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നത് അംഗീകരിക്കില്ല.ഉത്തരവ് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ നീതിന്യായ വ്യവസ്ഥ സ്വീകരിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ആന എഴുന്നള്ളിപ്പ് തുടങ്ങിയ കാലത്തെ സാഹചര്യമല്ല ഇപ്പോൾ, അതിനൊക്കെ മാറ്റങ്ങൾ വന്നു. അകലപരിധി കുറയ്ക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിഗണിക്കാം.അഭിപ്രായ പ്രകടനങ്ങള്‍ പരിഗണിച്ചുകൊണ്ടു മാത്രം കോടതിക്ക് തീരുമാനമെടുക്കാനാവില്ല.പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഒരു ആചാരം അനിവാര്യമായ മതാചാരം ആണോയെന്ന് നിശ്ചയിക്കുന്നത്.
അതിനാവശ്യമായ വസ്തുതകള്‍ ഉണ്ടെങ്കില്‍ കൊണ്ടുവരൂ. നിശ്ചിത അകലപരിധി പാലിച്ചാല്‍ എത്ര ആനകളെ വേണമെങ്കിലും എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കാനാവുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Story Highlights : Highcourt amendment on elephant guidelines in festival seasons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here