വായു മലിനീകരണം: ഡൽഹിയിൽ വ്യാപാരികൾക്ക് നഷ്ടം 2500 കോടി രൂപയെന്ന് ചേമ്പർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി

രാജ്യ തലസ്ഥാനത്തുണ്ടായ വായുമലിനീകരണത്തെ തുടർന്ന് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ മൂലം ഏകദേശം 2500 കോടി രൂപയുടെ നഷ്ടം നവംബറിൽ സംഭവിച്ചതായി വിലയിരുത്തൽ. ചേമ്പർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി പുറത്തുവിട്ട കണക്കിലാണ് ഡൽഹിയിൽ ഒറ്റ മാസത്തിനിടെ 2500 കോടി രൂപ നഷ്ടം സംഭവിച്ചതായി പറയുന്നത്.
ചരക്ക് വാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയത് വ്യാപാര വ്യവസായ ടൂറിസം സെക്ടറുകളെ സാരമായി ബാധിച്ചതായി ചേമ്പർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി വിലയിരുത്തുന്നു. റീട്ടെയിൽ വ്യാപാര മേഖല പൂർണമായും തടസ്സപ്പെട്ടു. ടെലിവിഷൻ പത്രം സമൂഹമാധ്യമങ്ങൾ വഴി നടന്ന പ്രചാരണം തുടർന്ന് ആളുകൾ മാർക്കറ്റിലേക്ക് വരാതെ പോയത് വലിയ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാക്കിയത്.
വായു മലിനീകരണം ഉയരുന്നതിന് മുൻപ് ഡൽഹിയിൽ ഒരു ദിവസം നാല് ലക്ഷത്തോളം പേർ ഷോപ്പിങ്ങിനായി പുറത്തിറങ്ങാറുണ്ട് എന്നാണ് ഇവർ പറയുന്നത്. എന്നാൽ വായു മലിനീകരണ ഭീതിയെ തുടർന്ന് ജനം സാധനങ്ങൾ വാങ്ങാൻ ഓൺലൈൻ സംവിധാനങ്ങളെ ആശ്രയിച്ചു. ഇതുമൂലം മാത്രം 100 കോടി രൂപ ദിവസം നഷ്ടം സംഭവിച്ചു. വായു മലിനീകരണം എത്രയും വേഗം പരിഹരിക്കണമെന്നും അല്ലെങ്കിൽ സാമ്പത്തിക സ്ഥിതിയെ ഇത് സാരമായി തന്നെ ബാധിക്കും എന്നും വ്യാപാരികൾ സർക്കാരുകളെ ഓർമിപ്പിക്കുന്നു. ഇത്തവണ ദില്ലിയിൽ രജിസ്റ്റർ ചെയ്ത ഏറ്റവും താഴ്ന്ന വായു ഗുണനിലവാരത്തോത് 303 ആയിരുന്നു.
Story Highlights : Delhi business suffers Rs 2500-crore blow amid pollution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here