ചാക്കില്‍ നിറച്ചെന്ന് പറയുന്ന കോടികളും വ്യാജ അപകടവും സതീശന്റെ വെളിപ്പെടുത്തലും; ബിജെപിയെ ചോദ്യമുനയില്‍ നിര്‍ത്തിയ കൊടകര കേസിന്റെ നാള്‍വഴികള്‍

ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് ട്വന്റിഫോറിനോട് നടത്തിയ വെളിപ്പെടുത്തലോടെയാണ് കൊടകര കുഴല്‍പ്പണ കേസ് വീണ്ടും കേരള രാഷ്ട്രീയത്തില്‍ കത്തിപ്പടര്‍ന്നത്. കേസില്‍ തുടരന്വേഷണത്തിന് ഡിജിപി നിയമോപദേശം നല്‍കിയിട്ടുണ്ട്. കേസിന്റെ നാള്‍വഴികള്‍ പരിശോധിക്കാം. (timeline of kodakara hawala case)
2021 ഏപ്രില്‍ നാലിനാണ് തൃശൂര്‍ കൊടകരയില്‍ വ്യാജ അപകടം സൃഷ്ടിച്ച് കാര്‍ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി രൂപ കവര്‍ന്നത്. കേസില്‍ 23 പേരെ അറസ്റ്റ് ചെയ്തു. 2021ല്‍ പ്രാഥമിക അന്വേഷണം നടത്തിയ ഇഡി, എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തത് 2023-ല്‍ മാത്രമായിരുന്നു. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഇ.ഡിയ്ക്കായില്ല. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി 2024 മേയില്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി.
Read Also: തകർന്ന ബന്ധങ്ങളുടെ പേരിൽ ജീവനൊടുക്കിയാൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താൻ ആവില്ല: സുപ്രീം കോടതി
2024 ഒക്ടോബര്‍ 31ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് ട്വന്റിഫോറിലൂടെ നടത്തിയ വെളിപ്പെടുത്തലുകളോടെയാണ് കൊടകര കുഴല്‍പ്പണ കേസ് വീണ്ടും കേരള രാഷ്ട്രീയത്തില്‍ കത്തിപ്പടര്‍ന്നത്. ആറു ചാക്കിലായി ആര്‍എസ്എസ് നേതാവ് ധര്‍മരാജന്‍ ഒമ്പത് കോടി രൂപയാണ് തൃശൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ എത്തിച്ചതെന്നായിരുന്നു വെളിപ്പെടുത്തല്‍. എത്ര പണം, മണ്ഡലങ്ങളില്‍ എവിടെയൊക്കെ വിതരണം ചെയ്തു, ആരൊക്കെ കൊണ്ടുപോയി എന്ന് കൃത്യമായി അറിയാമെന്നും സതീഷ് വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ബിജെപി കേരളത്തിലെത്തിച്ച കുഴല്‍പ്പണത്തില്‍ ഒരു കോടി കെ സുരേന്ദ്രന്‍ തട്ടിയെടുത്തതായും സതീഷ് ആരോപിച്ചു.
ഇതിനിടെ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഹവാല ഇടപാടിലൂടെ എത്തിയ 41 കോടി 40 ലക്ഷം രൂപ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം ബിജെപിക്കായി വിതരണം ചെയ്തുവെന്ന ഇടനിലക്കാരന്‍ ധര്‍മരാജന്റെ മൊഴി പുറത്തുവന്നു.
പുതിയ വെളിപ്പെടുത്തലുകള്‍ നിഷേധിച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാറും രംഗത്തെത്തി. ആരോപണങ്ങള്‍ നിഷേധിച്ച ശോഭ സുരേന്ദ്രന്‍ തിരൂര്‍ സതീഷിനെ അറിയില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ശോഭ സുരേന്ദ്രന്‍ തന്നെ സന്ദര്‍ശിച്ചതിന്റെ തെളിവ് തിരൂര്‍ സതീഷ് പുറത്തു വിട്ടു.
നവംബര്‍ നാലിന് ഡിജിപി കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് നിയമോപദേശം നല്‍കി. കവര്‍ച്ചാക്കേസിനെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൊണ്ടുവന്ന ഹവാലപ്പണവുമായി ബന്ധപ്പെടുത്തി എങ്ങനെ അന്വേഷിക്കും എന്നതിലാണ് നിയമോപദേശം തേടിയത്. സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസ് വീണ്ടും അന്വേഷിക്കണമെന്ന് ഹര്‍ജി കോടതിയിലെത്തിയത്.
Story Highlights : timeline of kodakara hawala case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here