‘അദാനിക്ക് ഒരു എൻട്രിയാണ് സർക്കാർ ലക്ഷ്യം’; വൈദ്യുതി നിരക്ക് വർധനയിൽ രമേശ് ചെന്നിത്തല

വൈദ്യുതി ചാർജ് വർധന ഇടതുപക്ഷത്തിൻ്റെ കെടുകാര്യസ്ഥതയെന്ന് രമേശ് ചെന്നിത്തല. കുറഞ്ഞ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാർ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികൾക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അദാനിക്ക് ഒരു എൻട്രിയാണ് സർക്കാർ ലക്ഷ്യം. കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കി സ്വകാര്യവൽകരിക്കാനുള്ള നീക്കം ഇതിന് പിന്നിലുണ്ടോയെന്ന് സംശയമുണ്ട്. നിരക്ക് വർധനവിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണം. നിരക്ക് വർധന സംസ്ഥാന താത്പര്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
യൂണിറ്റിന് 4 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ള 25 വർഷത്തേക്കുള്ള ദീർഘകാല കരാർ 2016 ൽ അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദാണ് ഒപ്പുവെച്ചത്. അത് റദ്ദാക്കി യൂണിറ്റിന് 10 മുതൽ 14 രൂപ വരെ വിലയ്ക്ക് കറണ്ട് വാങ്ങാൻ നാല് അദാനി കമ്പനികളുമായി സംസ്ഥാനം കരാറുണ്ടാക്കി. 465 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന കരാർ റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയത് ഒത്തുകളിയാണ്. മുൻ വൈദ്യുതി മന്ത്രി എംഎം മണിയാണ് റഗുലേറ്ററി കമ്മീഷൻ അംഗം. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ ഒഴിവാക്കി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനമാണ് ബോർഡിനെ കടക്കെണിയിലാക്കിയത്. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നാല് രൂപയ്ക്ക് വാങ്ങിയ വൈദ്യുതി 10.25 രൂപ മുതൽ 14 രൂപ നിരക്കിലാണ് ഇപ്പോൾ വാങ്ങുന്നതെന്നും നാല് അദാനി കമ്പനികളിൽ നിന്നാണ് വൈദ്യുതി വാങ്ങുന്നതെന്നും പറഞ്ഞ അദ്ദേഹം റെഗുലേറ്ററി കമ്മീഷനും സർക്കാരും ചേർന്ന് നടത്തുന്ന അഴിമതിയാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു.
Story Highlights : Ramesh Chennithala on electricity tariff hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here