Advertisement

ദിലീപിന് ശബരിമല സന്നിധാനത്ത് താമസസൗകര്യം നല്‍കിയതിലും വീഴ്ച; താമസം ഒരുക്കിയത് മന്ത്രിക്കും ബോര്‍ഡ് അംഗങ്ങള്‍ക്കുമുള്ള ദേവസ്വം കോംപ്ലക്‌സില്‍; ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

December 8, 2024
1 minute Read
dileep

ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി പരിഗണനയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സന്നിധാനത്ത് നടന് താമസം ഒരുക്കിയത് മന്ത്രിമാരും ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ദേവസ്വം കോംപ്ലക്‌സില്‍. ഉദ്യോഗസ്ഥ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡിന് കൈമാറി. കുറ്റക്കാര്‍ക്കെതിരെ കര്‍ശനം നടപടി ഉണ്ടാകും എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് അടിമുടി വീഴ്ചയെന്നാണ് വ്യക്തമാക്കുന്നത്. ഹരിവരാസന സമയത്ത് തന്ത്രി ഗേറ്റ് വഴി പ്രവേശനം അനുവദിച്ച് മറ്റു തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം മറച്ചതിന് പിന്നാലെ നടന് മുന്തിയ വിഐപി പരിഗണനയാണ് സന്നിധാനത്ത് നല്‍കിയത്. മന്ത്രിമാരും ദേവസ്വം ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ദേവസ്വം ഓഫീസ് കോംപ്ലക്‌സില്‍ മുറി നല്‍കി. വാടക പോലും വാങ്ങാതെയായിരുന്നു സൗകര്യം. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം താമസിക്കുന്ന ഇടത്ത് മുറി നല്‍കിയതില്‍ ഗുരുതര വീഴ്ചയാണ് കണ്ടെത്തിയത്.

Read Also: ‘മല്ലു ഹിന്ദു ഓഫിസേഴ്‌സ്’ മാത്രമല്ല, മല്ലു മുസ്ലീം ഉദ്യോഗസ്ഥര്‍ക്കും വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്; രണ്ടിനും ഒരേ അഡ്മിന്‍

ശബരിമലയില്‍ അക്കോമഡേഷന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും വീഴ്ച പറ്റിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം വിജിലന്‍സ് ബോര്‍ഡിന് കൈമാറി. നിലവില്‍ രണ്ടു ഉദ്യോഗസ്ഥര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അന്വേഷിച്ച് നടപടിയെടുക്കാന്‍ ദേവസമന്ത്രി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശബരിമലയിലെ വിഐപി പരിഗണനയ്‌ക്കെതിരെ ഹൈക്കോടതി അതിരൂക്ഷ വിമര്‍ശന ഉന്നയിച്ച പശ്ചാത്തലത്തിലാണ് മറ്റൊരു ഗുരുതര വീഴ്ച കൂടി പുറത്തുവരുന്നത്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിച്ചു നടപടി നാല് പേരില്‍ ഒതുക്കാന്‍ നീക്കം എന്നാണ് സൂചന.

Story Highlights : Controversy about Dileep’s accommodation at Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top