Advertisement

ഇന്ന് വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി; ഒരു വര്‍ഷത്തെ മുഴുവന്‍ ഏകാദശിയും അനുഷ്ഠിക്കുന്നതിന് തുല്യം; ഈ ദിനത്തിന്റെ സവിശേഷതകള്‍ അറിയാം

December 11, 2024
2 minutes Read
significance of guruvayur ekadashi 2024

ഇന്ന് വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി. ഗുരുവായൂരിലെ ആണ്ട് വിശേഷങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഗുരുവായൂര്‍ ഏകാദശി. വിപുലമായ ആഘോഷങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ 7 മുതല്‍ ആദ്ധ്യാത്മിക ഹാളില്‍ ശ്രീമദ് ഗീതാപാരായണം നടക്കും.ദേവസ്വം വകയാണ് ഇന്നത്തെ ചുറ്റുവിളക്ക്. (significance of guruvayur ekadashi 2024)

ഏകാദശി വ്രതമെടുക്കുന്നവര്‍ക്ക് പ്രത്യേകസദ്യ ഊട്ടുപുരയില്‍ നടക്കും. കിഴക്കേനടയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിനും പ്രസാദ ഊട്ടിനും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കണ്ണനെ കാണാന്‍ ഭക്തലക്ഷങ്ങളാണ് ഇന്ന് ഗുരുവായൂരില്‍ എത്തുക. ഗുരുവായൂര്‍ പ്രതിഷ്ഠാദിനം, ഗീതാ ദിനം, എന്നിങ്ങനെ ഈ നാളിനെ ഏറെ പ്രാധാന്യമുണ്ട്. ശങ്കരാചാര്യര്‍ക്കും വില്ല്വമംഗലം സ്വാമിക്കും ഭഗവാന്‍ വിശ്വരൂപ ദര്‍ശനം നല്‍കിയതും ഈ നാളില്‍ ആണെന്നാണ് വിശ്വാസം. മഹാവിഷ്ണു ദേവി ദേവന്മാരോടൊപ്പം ഗുരുവായൂരിലേക്ക് എഴുന്നള്ളുന്നതും ഈ ദിവസത്തില്‍ തന്നെയാണെന്നും വിശ്വാസമുണ്ട്. ഗോതമ്പ് ചോറ്, കാളന്‍, പുഴുക്ക്, ഗോതമ്പ് പായസം എന്നിവയോടെയാകും ഇന്നത്തെ സദ്യ.

Read Also: ‘പുഷ്പ 2’ വ്യാജ പതിപ്പ് യൂട്യൂബില്‍; വിഡിയോ കണ്ടത് 26 ലക്ഷം പേര്‍

വൃച്ഛിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് അതിവിശിഷ്ടമായി കൊണ്ടാടപ്പെടുന്നത്. മഹാഭാരത യുദ്ധ സമയത്ത് ആയുധമെടുക്കാനാകാതെ പകച്ചുനിന്ന അര്‍ജുനന് ഭഗവാന്‍ പാര്‍ത്ഥസാരഥി ഗീതോപദേശം നല്‍കിയത് ഈ ദിവസമാണെന്നും വിശ്വാസമുണ്ട്. ഗുരുവും വായുവും ചേര്‍ന്ന് ഗുരുവായൂരില്‍ പ്രതിഷ്ഠ നടത്തിയെന്ന വിശ്വാസത്തിലാണ് ഈ സ്ഥലം ഗുരുവായൂര്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ദേവഗുരുവും വായുദേവനും ഈ ദിവസത്തിലാണ് പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം.

ഒരു വര്‍ഷത്തെ മുഴുവന്‍ ഏകാദശിയും അനുഷ്ഠിക്കുന്നതിന് തുല്യമാണ് ഗുരുവായൂര്‍ ഏകാദശിയെന്നാണ് പറയാറ്. ദശാപഹാര ദോഷം, സര്‍വപാപങ്ങള്‍ എന്നിവ പരിഹരിക്കാന്‍ ഏകാദശി ദിനം വിഷ്ണുസഹസ്രനാമം ജപിക്കുന്നത് ഉത്തമമാണെന്നും വിശ്വസിക്കപ്പെടുന്നു. അതേസമയം ഇത്തവണത്തെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. പൂജ മാറ്റുന്നത് ആചാരത്തിന്റെയും ദേവഹിതത്തിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കുടുംബമായ ചേന്നാസ് ഇല്ലമാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി ദിനത്തില്‍ നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചത് ചോദ്യം ചെയ്താണ് ഹര്‍ജി. വന്‍തിരക്കുണ്ടാകുന്ന ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടന്നാല്‍ ഭക്തര്‍ക്ക് അസൗകര്യമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൂജ മാറ്റാന്‍ ഭരണസമിതി തീരുമാനിച്ചത്.

Story Highlights : significance of guruvayur ekadashi 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top