മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ഇന്നുണ്ടായേക്കും, NCP യിൽ നിർണായക നീക്കങ്ങൾ

മന്ത്രിസ്ഥാനത്തെ ചൊല്ലി തർക്കം തുടരുന്ന സംസ്ഥാന എൻസിപിയിൽ നിർണായക നീക്കങ്ങൾ. എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം സ്വയം രാജിവെച്ച് ഒഴിയണമെന്നാണ് നേതൃത്വത്തിന്റെ അന്ത്യശാസനം.ഇന്നലെ കൊച്ചിയിൽ സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുടെ നേത്യത്വത്തിൽ എൻസിപിയുടെ നേതൃ യോഗം ചേർന്നിരുന്നു. 200 ഓളം പേർ പങ്കെടുത്ത യോഗത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ സ്വയം രാജിവെച്ച് ഒഴിയണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ പുറത്താകേണ്ട സാഹചര്യം ഉണ്ടാകുമെന്നും യോഗത്തിൽ വ്യക്തമാക്കിയിരുന്നു. പകരം മന്ത്രി സ്ഥാനം കിട്ടിയാലും ഇല്ലെങ്കിലും ശശീന്ദ്രൻ രാജിവെക്കുന്ന കാര്യത്തിൽ ഒരു മാറ്റവും ഇല്ലെന്നാണ് എൻസിപി നേതൃ യോഗത്തിൽ പിസി ചാക്കോ പ്രഖ്യാപിച്ചത്. എൻസിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് പി സി ചാക്കോയും തോമസ് കെ തോമസും നാളെ ശരത് പവാറുമായി ചർച്ച നടത്തും. ശരത് പവാറിനെ കൊണ്ട് മുഖ്യമന്ത്രിയിൽ സമ്മർദം ചെലുത്താനാണ് നീക്കം.
എന്നാൽ പാർട്ടി തീരുമാനം പാലിക്കാൻ തനിക്ക് മടിയില്ലെന്നും മന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി. മന്ത്രിസ്ഥാനം രാജിവെച്ചാൽ പകരം സംസ്ഥാന അധ്യക്ഷ സ്ഥാനം വേണമെന്ന് ശശീന്ദ്രൻ യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും പി സി ചാക്കോ യോഗത്തിൽ അതിന് വ്യക്തമായ ഒരു മറുപടി നൽകിയിരുന്നില്ല. ഒപ്പമുളള നേതാക്കളുമായി ആശയ വിനിമയം സജീവമാക്കിയിരിക്കുകയാണ് ശശീന്ദ്രൻ.
അതേസമയം, എ കെ ശശീന്ദ്രൻ സ്ഥാനമൊഴിയുന്നതോടെ തോമസ് കെ തോമസ് മന്ത്രിയാക്കാൻ സാധ്യതയുണ്ടോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നേരത്തെ തോമസ് കെ തോമസിനെ കുറ്റമുക്തനാക്കിക്കൊണ്ട് എൻസിപിയുടെ ആഭ്യന്തര സമിതി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. മാത്രമല്ല ആഭ്യന്തര സമിതി കുറ്റമുക്തനാക്കിയതുകൊണ്ട് മാത്രം തോമസ് കെ തോമസിന് മന്ത്രി സ്ഥാനം ലഭിക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനം പറയാൻ കഴിയില്ല. കാരണം ആരോപണത്തിന്റെ കരിനിഴൽ ഇപ്പോഴും അദ്ദേഹത്തിന് മുന്നിൽ നിൽക്കുന്നുണ്ട്. അത് പൂർണമായും മാറിയിട്ടില്ല അക്കാര്യത്തിൽ സിപിഐഎമ്മാണ് ഒരു തീരുമാനം എടുക്കേണ്ടത്.
Story Highlights : NCP Minister AK Saseendran may resign today?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here