Advertisement

പാര്‍ലമെന്റില്‍ ജയ് ഭീം ഉയരുമ്പോള്‍…; അംബേദ്കര്‍, ഭരണഘടനാ തര്‍ക്കത്തില്‍ ജയിക്കുക ബിജെപിയോ കോണ്‍ഗ്രസോ?

December 18, 2024
4 minutes Read
war of words in Parliament over Amit Shah's Remark on Ambedkar

അപ്രഖ്യാപിത അടിയന്തരാവസ്ഥ, യഥാര്‍ത്ഥ അടിയന്തരാവസ്ഥ, ഏകീകൃത സിവില്‍ കോഡ്, ഭരണഘടനാ ഭേദഗതി, മനുവാദം, ഒറ്റ തെരഞ്ഞെടുപ്പ് തുടങ്ങി ഭരണഘടനയെക്കുറിച്ചുള്ള നിരന്തര ചര്‍ച്ചകള്‍ ഇരുസഭകളിലും ചൂടുപിടിക്കുന്നു എന്ന അപൂര്‍വതയാണ് കുറച്ചുനാളായി പാര്‍ലമെന്റില്‍ കാണുന്നത്. ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊണ്ട ഘട്ടത്തില്‍ അമിത് ഷാ നടത്തിയ പരാമര്‍ശം ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കറിനെതിരായ അധിക്ഷേപമാണെന്ന് പറഞ്ഞ് പാര്‍ലമെന്റിലാകെ വീണ്ടും ജയ് ഭീം മുഴക്കുകയാണ് പ്രതിപക്ഷം. ഭരണഘടനയുടെ യഥാര്‍ത്ഥ സംരക്ഷകര്‍ ആരെന്ന തരത്തില്‍ ഈ ആഴ്ച തുടങ്ങിയ ചര്‍ച്ച ഇന്നാകുമ്പോള്‍ അംബേദ്കറെ ചരിത്രത്തില്‍ അധിക്ഷേപിച്ചതാര്, ഹൈജാക് ചെയ്തതാര്, ഉള്‍ക്കൊണ്ടതാരെന്ന തരത്തിലാകുന്നു. എന്‍ഡിഎയും ഇന്ത്യയും വീണ്ടും അമിത് ഷായുടെ പരാമര്‍ശത്തില്‍ വാക്കുകള്‍ കൊണ്ട് ഇന്ന് അതിശക്തമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. (war of words in Parliament over Amit Shah’s Remark on Ambedkar)

അംബേദ്കര്‍, ഫാഷന്‍, ദൈവം

രാജ്യസഭയിലെ ഭരണഘടന ചര്‍ച്ചക്കുള്ള മറുപടി പ്രസംഗത്തിനിടെയായിരുന്നു ആഭ്യന്തര മന്ത്രി നടത്തിയ പരാമര്‍ശം വിവാദമായത്. ‘അംബേദ്കര്‍,അംബേദ്കര്‍,അംബേദ്കര്‍,അംബേദ്കര്‍,അംബേദ്കര്‍…ഇതിപ്പോള്‍ ഒരു ഫാഷനായിരിക്കുകയാണ്. ഇത്രയും തവണ ഭഗവാനെ വിളിച്ചിരുന്നെങ്കില്‍ ഏഴ് ജന്‍മത്തിലും സ്വര്‍ഗം ലഭിച്ചേനേ. അംബേദ്കറുടെ പേര് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്, പക്ഷെ അദ്ദേഹത്തോടുള്ള അവരുടെ യഥാര്‍ത്ഥ താല്‍പ്പര്യം എന്താണെന്ന് കൂടി ഉറക്കെ പറയണം’. ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വര്‍ഷത്തെ മഹത്തായ യാത്ര എന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ഷായുടെ പരാമര്‍ശം.

അമിത് ഷായുടെ പരാമര്‍ശങ്ങള്‍ ഭരണഘടനാ ശില്‍പ്പിയും ദളിത് അവകാശ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ചയാളുമായ അംബേദ്കറെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നാണ് ആരോപണം. കോണ്‍ഗ്രസിനെ ലക്ഷ്യം വച്ചാണ് അമിത് ഷാ പരാമര്‍ശം നടത്തിയതെങ്കിലും അംബേദ്കറിന്റെ പേരും ആശയങ്ങളും ജയ് ഭീം വിളിയും ഉറക്കെ മുഴങ്ങേണ്ട ചരിത്ര ഘട്ടത്തില്‍ അംബേദ്കര്‍ വിളികള്‍ റദ്ദ് ചെയ്യാനുള്ള ശ്രമമാണ് ആ വാക്കുകള്‍ എന്ന് വിമര്‍ശനമുയരുകയാണ്.

Read Also: സഭയിൽ ഇന്നും പോര്, ബി ആർ അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കണം; മല്ലികാർജ്ജുൻ ഖർഗെ

എതിര്‍പ്പുകള്‍ ഉയരുന്നു

അമിത് ഷായുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അതിരൂക്ഷവിമര്‍ശനം ഉയര്‍ത്തി.മനുസ്മൃതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് തീര്‍ച്ചയായും അംബേദ്കറുമായി പ്രശ്‌നം ഉണ്ടാകുമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ലോക്‌സഭയില്‍ അംബേദ്കര്‍ ചിത്രവുമായി എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ ജയ് ഭീം മുദ്രാവാക്യം മുഴക്കി.ബഹളത്തെ തുടര്‍ന്ന് ഇരു സഭകളും രണ്ടു മണി വരെ പിരിഞ്ഞു.

അംബേദ്കറിനെ അപമാനിച്ച ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ പരാമര്‍ശം അംബേദ്കറിനെ അപമാനിക്കുന്നതും, ഇന്ത്യന്‍ ഭരണഘടന അപമാനിക്കുന്നതും, രാജ്യത്തെ പട്ടികജാതി പട്ടികവര്‍ വിഭാഗങ്ങളെ അപമാനിക്കുന്നതാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. പരാമര്‍ശം പിന്‍വലിച്ച് ആഭ്യന്തര മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും അംഗീകരിച്ചില്ല. പരാമര്‍ശം പുറത്തുവന്നത്തോടുകൂടി എക്കാലവും ബിജെപി അംബേദ്കറിന് എതിരാണെന്ന് വ്യക്തമാവുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി കൂട്ടിച്ചേര്‍ത്തു.

അംബേദ്കറെ ദൈവതുല്യനായാണ് രാജ്യം കാണുന്നതെന്നും അദ്ദേഹം ഡ്രാഫ്റ്റ് ചെയ്ത ഭരണഘടനയെ വിശുദ്ധ പുസ്‌കമായാണ് കാണുന്നതെന്നും കെ സി വേണുഗോപാല്‍ എം പി എക്‌സില്‍ കുറിച്ചു. ബിജെപിക്ക് അംബേദ്കറോടുള്ള വെറുപ്പ് അറിയാമായിരുന്നെന്നും അമിത് ഷായുടെ വാക്കുകളിലൂടെ അത് വെളിപ്പെട്ടെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ആത്മാഭിമാനം നിഷേധിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ജീവിതം മാറ്റിയെഴുതിയ ഒരു മഹാനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഓര്‍മ വേണമെന്ന് കോണ്‍ഗ്രസ് എം പി പ്രിയങ്കാ ചതുര്‍വേദിയും എക്‌സിലൂടെ പ്രതികരിച്ചു.

ബിജെപി മറുപടി പറയുന്നു

തങ്ങളല്ല കോണ്‍ഗ്രസ് ആണ് കാലങ്ങളായി അംബേദ്കറിനെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ മറുപടി. അംബേദ്കറിനെ തെരഞ്ഞെടുപ്പില്‍ രണ്ട് തവണ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ഭാരതരത്‌ന പോലും അംബേദ്കറിന് നല്‍കിയിട്ടില്ല. അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത് നരേന്ദ്രമോദി സര്‍ക്കാരാണെന്നും അദ്ദേഹം തിരിച്ചടിച്ചു.

അംബേദ്കര്‍ ലെഗസിയെ കവരാന്‍ ശ്രമിക്കുന്നതാര്?

ജനലക്ഷങ്ങളും തലവര മാറ്റിയെഴുതിയ രാജ്യത്തെ ഏറ്റവും മഹത്തായ ബുദ്ധിജീവിയും ദലിത് ഐക്കണുമായ അംബേദ്കറിന്റെ പൈതൃകത്തെ കവരാന്‍ ശ്രമിക്കുന്നതാരെന്ന ചോദ്യമാണ് പാര്‍ലമെന്റിലെ ഇന്നത്തെ ചര്‍ച്ചകളും വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്. സവര്‍ണമൂല്യങ്ങളിലൂന്നിയ ഭരണം നടത്തുന്ന ബിജെപിക്കാര്‍ മനുവാദികളാണെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഭരണഘടനയെയല്ല പകരം മനുസ്മൃതിയെയാണ് ബിജെപിയും ആര്‍എസ്എസും ബഹുമാനിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. മനുസ്മൃതി പരസ്യമായി കത്തിച്ച അംബേദ്കറിന്റെ പാരമ്പര്യം അവര്‍ക്ക് അവകാശപ്പെടാനാകില്ലെന്നാണ് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നത്.

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് തങ്ങളെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രസംഗിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ചില തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് അംബേദ്കറിനെ ഹൈജാക്ക് ചെയ്യാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് വാദം.

എന്നാല്‍ അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടനയില്‍ ഏറ്റവും കൂടുതല്‍ ഭേദഗതി കൊണ്ടുവന്നത് കോണ്‍ഗ്രസെന്ന് ബിജെപി വാദിക്കുന്നു. ഭരണഘടനയെ കുടുംബ സ്വത്തെന്ന പോലെ ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്നും സ്വന്തം കസേര സംരക്ഷിക്കാന്‍ ഭരണഘടനയെ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്തതിന്റെ തെളിവാണ് അടിയന്തരാവസ്ഥയെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. ഭരണഘടനയെയും അംബേദ്കറിനേയും ചൊല്ലിയുള്ള പുതിയ ചര്‍ച്ചകള്‍ക്ക് ഇന്നത്തെ അമിത് ഷായുടെ പരാമര്‍ശങ്ങള്‍ വീണ്ടും വഴിമരുന്നിട്ടിരിക്കുകയാണ്.

Story Highlights : war of words in Parliament over Amit Shah’s Remark on Ambedkar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top