Advertisement

‘സാബു ബാങ്കിലെത്തിയപ്പോൾ ജീവനക്കാരൻ ‘പോടാ പുല്ലേ’ എന്ന് പറഞ്ഞു, പുള്ളി ഭയങ്കര വിഷമത്തിലായിരുന്നു’; ഭാര്യ മേരിക്കുട്ടി

December 21, 2024
1 minute Read
idukki suicide

ഇടുക്കി കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിൽ ആത്മഹത്യ ചെയ്ത സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്. സിപിഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയും ബാങ്ക് മുൻ പ്രസിഡന്‍റുമായ വി.ആർ സജിയുമായുള്ള സംഭാഷണമാണ് പുറത്ത് വന്നത്. താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോൺ സംഭാഷണത്തിൽ പറയുന്നു. നിങ്ങൾ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞുവെന്നായിരുന്നും സജിയുടെ പ്രതികരണം. പണി മനസിലാക്കി തരാമെന്നും സജി സാബുവിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. പണം തരാൻ ഭരണ സമിതിയും ജീവനക്കാരും കിണഞ്ഞു ശ്രമിക്കുമ്പോൾ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്നും സന്ദേശത്തിൽ പറയുന്നു.

സാബു ബാങ്കിലെത്തിയപ്പോൾ ബിനോയ് എന്നയാൾ ‘പോടാ പുല്ലേ’ എന്ന് പറയുകയും അതിൽ സാബുവിന് മനോവിഷമം ഉണ്ടാവുകയും ചെയ്തിരുന്നുവെന്ന് ഭാര്യ മേരിക്കുട്ടി പറയുന്നു. കഴിഞ്ഞദിവസം സാബു ബാങ്കിലെത്തി 2 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ മോശമായി പെരുമാറി എന്ന പരാതി പറയാൻ വിളിച്ചപ്പോഴാണ് മുൻ ബാങ്ക് പ്രസിഡന്റ് കൂടിയായിരുന്നു വി ആർ സജിയുടെ ഭീഷണി. ചികിത്സയ്ക്ക് പണം കിട്ടാതെ വന്നതിനോടൊപ്പം ഭീഷണി കൂടി കേട്ടതോടെ സാബു പൂർണമായും തകർന്നു.

Read Also: മുണ്ടക്കൈ ദുരന്തം: പുനരധിവാസ കരട് പട്ടികയില്‍ അര്‍ഹരായ പല ആളുകളുടേയും പേരില്ല; ലിസ്റ്റില്‍ ഇരട്ടിപ്പും; അപാകത ചൂണ്ടിക്കാട്ടി ദുരന്തബാധിതര്‍

പൊലീസ് നീതിപൂർവ്വമായ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സാബുവിൻ്റെ സഹോദരൻ ജോയി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും. സഹോദരന്റെ ആത്മഹത്യക്ക് കാരണം ബാങ്ക് ജീവനക്കാരിൽ നിന്നുണ്ടായ മനോവിഷമമാണ്. ബാങ്ക് ജീവനക്കാരുടെ മോശം പെരുമാറ്റം അദ്ദേഹത്തെ തളർത്തി .ചെറിയ തുക ആവശ്യപ്പെട്ടിട്ടും നൽകിയില്ല അപമാനിച്ചിറക്കിവിട്ടു. ജീവനക്കാർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്നും സഹോദരൻ ട്വന്റി ഫോറിനോട് പറഞ്ഞു.

സാബുവിന് 12 ലക്ഷം ആണ് ഇനി കൊടുക്കാൻ ഉള്ളത്.തങ്ങൾ കുടുംബത്തോടൊപ്പമാണെന്ന് സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോർജ് വ്യക്തമാക്കി. ബാങ്കിന്റെ ഭരണം സിപിഎം ഏറ്റെടുത്തിട്ട് 4 വർഷം ആയി. 20 കോടിയുടെ ബാധ്യതയാണ് ബാങ്കിനുള്ളത്. നിശ്ചിത തുക വീതം സാബുവിന് കൊടുക്കുന്നുണ്ട്. സാബു ബാങ്കിൽ എത്തി ജീവനക്കാരുമായി തർക്കം ഉണ്ടാക്കുകയായിരുന്നു ഭരണ സമിതി എന്ന നിലയിൽ അഭിപ്രായം പറയുക സാധാരണമാണെന്നും അതിൽ കൂടുതൽ ഒന്നും കാണേണ്ടതില്ല, രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനോട് യോജിപ്പില്ലെന്നും ഏരിയ സെക്രട്ടറി മാത്യു ജോർജ് കൂട്ടിച്ചേർത്തു. കേസന്വേഷണത്തിൽ പൊലീസുമായി സഹകരിക്കുമെന്നും, അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്യുന്നു എന്നും സി പി ഐ എം വ്യക്തമാക്കി.

അതേസമയം, നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു വ്യാഴാഴ്ച ബാങ്കിൽ എത്തിയിരുന്നു. സാബുവിന് 35 ലക്ഷത്തോളം രൂപ നിക്ഷേപമുണ്ടെന്നാണ് വിവരം. ഭാര്യയുടെ ചികിൽസാർത്ഥം പണം ആവശ്യപ്പെട്ടെത്തിയ സാബുവിനെ ജീവനക്കാർ അപമാനിച്ചിറക്കി വിട്ടെന്ന പരാമർശം ആത്മഹത്യാക്കുറിപ്പിലുമുണ്ട്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും നിക്ഷേപകർക്ക് ഘട്ടം ഘട്ടമായി പണം നൽകുന്നുണ്ടെന്നുമാണ് ബാങ്കധികൃതരുടെ വിശദീകരണം.

സംഭവത്തില്‍ ബാങ്ക് ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്യും. കട്ടപ്പന സിഐയുടെ നേത്യത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയി, സുജ മോൾ എന്നിവരുടെ മൊഴികളാണ് പൊലീസ് ആദ്യം രേഖപ്പെടുത്തുക. ബാങ്കുമായി ബന്ധപ്പെട്ടവർ സാബുവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന ബന്ധുവിന്‍റെ ആരോപണവും പരിശോധിക്കും. സാബു ബാങ്കിൽ എത്തിയ സമയത്തെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സാബുവിന്റെ മൃതദേഹം ഉച്ചയോടെ കട്ടപ്പനയിലുള്ള വീട്ടിൽ എത്തിക്കും. സംസ്കാരം ഇന്ന് കട്ടപ്പന സെന്റ് ജോർജ് പള്ളിയിൽ വൈകീട്ട് 3 .30 നായിരിക്കും നടക്കുക.

Story Highlights : Kattapana investor sabu suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top