Advertisement

‘കേരളത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിക്കുന്നത് കൃത്യമായ വിപണി ഇടപെടൽ മൂലം’ : മുഖ്യമന്ത്രി

December 21, 2024
2 minutes Read

നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യോൽപ്പന്നങ്ങളുടെയും വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി. ഈ വിലക്കയറ്റം കേരളത്തിൽ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിക്കുന്നത് സംസ്ഥാന സർക്കാറിന്റെ കൃത്യമായ വിപണി ഇടപെടൽ മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഡിസംബർ 21 മുതൽ 30 വരെ നടക്കുന്ന സപ്ലൈക്കോ ക്രിസ്മസ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  വിലക്കയറ്റം പിടിച്ചുനിർത്താനുള്ള സർക്കാർ ഇടപെടലിൽ പ്രധാന ശക്തിയായി പ്രവർത്തിക്കുന്നത് സപ്ലൈകോയാണ്.

ഉത്സവകാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കാനിടയുണ്ട് എന്ന് കണ്ടതുകൊണ്ടാണ് സംസ്ഥാന സർക്കാർ ഫലപ്രദമായ ഇടപെടൽ വിപണിയിൽ നടത്തുന്നത്. സംസ്ഥാന വ്യാപകമായിയുള്ള ഫലപ്രദമായ ഇടപെടലിൽ സപ്ലൈകോയ്ക്കൊപ്പം കൺസ്യൂമർ ഫെഡുമുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളും ഉത്സവകാലങ്ങളിൽ ഇടപെടൽ നടത്തുന്നുണ്ട്. ഇത്തരത്തിൽ വിവിധ മേഖലകളിലെ ഇടപെടലാണ് വിലക്കയറ്റം വലിയ തോതിൽ ഉയരാതെ തടുത്തു നിർത്തുന്നത്.

കേരളത്തിൽ മാത്രമാണ് ഇത്ര വിപുലമായ വിപണി ഇടപെടൽ നടത്തുന്നതും വിലക്കയറ്റം ഫലപ്രദമായി തടഞ്ഞുനിർത്താൻ കഴിയുന്നതും. ഇത് കൃത്യമായ കാഴ്ചപ്പാടുള്ളതുകൊണ്ടാണ്. സാധാരണക്കാരും പാവപ്പെട്ടവരും വിലക്കയറ്റം മൂലം പൊറുതിമുട്ടരുതെന്ന കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 കേരളം ഭക്ഷ്യോത്പാദന രംഗത്ത് നല്ല രീതിയിൽ മുന്നേറുന്ന ഒരു കാലഘട്ടമാണിത്. നെല്ലിന്റെ കാര്യത്തിൽ ഉത്പാദനക്ഷമത നല്ലതുപോലെ വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. നാളികേരത്തിന്റെയും ഉത്പാദനക്ഷമത വർധിക്കുകയാണ്. കാർഷികോൽപ്പന്നങ്ങളെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന നടപടികളും സ്വീകരിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ക്രിസ്മസ് പ്രമാണിച്ച് നിലവിലുള്ള സബ്സിഡി ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിന് പുറമേ മറ്റുൽപ്പന്നങ്ങൾക്ക് പലവിധത്തിലുള്ള ഓഫറുകളും വിലക്കുറവും നൽകി ജനങ്ങൾക്ക് ആശ്വാസം പകരാൻ കഴയുന്ന തരത്തിലാണ് ഇത്തവണ ക്രിസ്മസ് ഫെയർ സംഘടിപ്പിക്കുന്നതെന്നു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

കേരളത്തിൽ ഒട്ടാകെ ജില്ലാ ആസ്ഥാനങ്ങളിൽ ഫെയറുകൾ ആരംഭിച്ചിട്ടുണ്ട്. ഔട്ട്‌ലെറ്റുകളിൽ എല്ലാ ഉത്പന്നങ്ങളും എത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കേരളത്തിലെ ആറ് ലക്ഷത്തോളമുള്ള എ.എ.വൈ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് പഞ്ചസാര സബ്സിഡി നിരക്കിൽ ലഭ്യമാക്കും. പുതുവർഷം പ്രമാണിച്ച് 45 രൂപയിലധികംവരുന്ന ഒരു കിലോ പഞ്ചസാര കാർഡുടമകൾക്ക് ഇരുപത്തിയേഴ് രൂപയ്ക്ക് ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് മന്ത്രി പറഞ്ഞു.

Story Highlights : Pinarayi Vijayan about Christmas Fare in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top