‘സുരക്ഷിത യാത്രയ്ക്ക് സുരക്ഷിത വാഹനം മാത്രം പോര’; ബെംഗളൂരുവിലെ വോള്‍വോ എസ്‌യുവി അപകടത്തില്‍ റോഡ് സുരക്ഷ ചര്‍ച്ചയാക്കി നെറ്റിസണ്‍സ്

റോഡുകള്‍ സുരക്ഷിതമാക്കാത്തിടത്തോളം സുരക്ഷിതമായ കാറുകള്‍ക്ക് അപകടങ്ങള്‍ തടയാന്‍ കഴിയില്ലെന്ന ചര്‍ച്ചകള്‍ വീണ്ടും ആളിക്കത്തിക്കുകയാണ് ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ വോള്‍വോ എസ്‌യുവി അപകടം. സുരക്ഷയുടെ കാര്യത്തില്‍ പ്രീമിയം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വോള്‍വോ എസ്‌ക്‌സി90 ആണ് നെലമംഗല ടി ബേഗൂരിന് സമീപം അപകടത്തില്‍ പെട്ടത്. രണ്ട് ലോറിയും, രണ്ട് കാറും ഒരു ബസ്സും തമ്മിലുണ്ടായായ കൂട്ടിയിടിക്ക് ഒടുവിലാണ് ടാങ്കര്‍ ലോറി വോള്‍വോ കാറിന് മുകളിലേക്ക് മറിഞ്ഞത്. ഐഎഎസ്ടി സോഫ്റ്റ് വെയര്‍ സൊലൂഷന്‍ സിഇഒ ചന്ദ്രം യാഗപ്പ ഗൗള്‍ (48), ഭാര്യ ഗൗരാഭായി (42), മകന്‍ ഗ്യാന്‍, മകള്‍ ദീക്ഷ, സഹോദര പത്‌നി വിജയലക്ഷ്മി, വിജലക്ഷ്മിയുടെ മകള്‍ ആര്യ എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ചന്ദ്രം യാഗപ്പ ഗൗള്‍ എസ് യു വി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. പുതിയ വാഹനവുമായി മഹാരാഷ്ട്രയിലെ സ്വന്തം നാട്ടിലേക്ക് പോയതായിരുന്നു ഇവര്‍. 11 മണിയോടെയാണ് അപകടം സംഭവിക്കുന്നത്. ചന്ദ്രം യാഗപ്പ ശ്രദ്ധയോടെയാണ് വാഹനമോടിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വോള്‍വോയില്‍ ഇടിച്ച് അപകടമുണ്ടാക്കിയ കണ്ടെയ്‌നര്‍ ട്രക്ക് ഡ്രൈവര്‍ ആരിഫ് പറയുന്നത് ഇങ്ങനെ. കാര്‍ എനിക്ക് മുന്നില്‍ ബ്രേക്കിട്ടു. അതോടെ ഞാനും ബ്രേക്കിട്ടു നില്‍ക്കാന്‍ ശ്രമിച്ചു എന്നാലും കാര്‍ മുന്നോട്ട് പോയി. കാറിനെ രക്ഷിക്കാന്‍ വലതു വശത്തേക്ക് നീങ്ങി. ഒപ്പം ട്രക്ക് ഡിവൈഡറിലേക്ക് ചാടി. വോള്‍വോയിലിടിക്കുന്നതിന് മുന്‍പ് ഒരു പാല്‍ ട്രക്കുമായും കണ്ടെയ്‌നര്‍ കൂട്ടിയിടിച്ചു. ആരിഫിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അപകടസ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ ഡ്രൈവ് സ്മാര്‍ട്ട് എന്ന എക്‌സ് പേജില്‍ കുറിച്ചിട്ടുണ്ട്. സുരക്ഷിതമായ ഒരു കാര്‍ കൊണ്ട് മാത്രം റോഡില്‍ സുരക്ഷിതരാവില്ലെന്ന് ചിത്രത്തിന്റെ വിവരണത്തില്‍ കുറിച്ചിട്ടുണ്ട്. സുരക്ഷിതമായ റോഡുകള്‍, ഡ്രൈവര്‍, കാര്‍ എന്നിവയെല്ലാം സുരക്ഷയ്ക്ക് ആവശ്യമാണെന്ന് ഇതില്‍ കുറിക്കുന്നു. റോഡ് സുരക്ഷ ഉറപ്പാക്കണമെന്നാണ് നെറ്റിസണ്‍സിന്റെ അഭിപ്രായം. ബെംഗളൂരുവിലെ റോഡുകള്‍ ഏറ്റവും മോശമാണെന്നും ഇവര്‍ പറയുന്നു. ഒരു കണ്ടെയ്നര്‍ ട്രക്ക് മുകളില്‍ വീഴുകയാണെങ്കില്‍ കാര്‍ കേടുകൂടാതെയിരിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എന്നും ചോദ്യമുയരുന്നുണ്ട്.
Story Highlights : Bengaluru Volvo crash sparks road safety debate online
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here