ജനുവരി 14ന് മകരവിളക്ക്, ശബരിമല മണ്ഡല മഹോത്സവത്തിന് നാളെ സമാപനം

ശബരിമല നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാലതീർഥാടനത്തിനു നാളെ (ഡിസംബർ 26) സമാപനം. മണ്ഡലപൂജ ദിവസമായ വ്യാഴാഴ്ച രാത്രി 11 മണിക്കു ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും.
അതേസമയം തങ്ക അങ്കി ശരംകുത്തിയിലേക്ക് പുറപ്പെട്ടു. സ്വീകരിക്കാൻ ദേവസ്വം പ്രതിനിധി സംഘം ശരംകുത്തിയിലേക്ക് പുറപ്പെട്ടു. ആറ് മണിയോടെ സന്നിധാനത്ത് എത്തും. ആറരക്ക് തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും.
ജനുവരി 14നാണ് മകരവിളക്ക്.മണ്ഡലകാലതീർഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ വ്യാഴാഴ്ച (ഡിസംബർ 26) നടക്കും. ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടക്കുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്.
മണ്ഡലപൂജയോടനുബന്ധിച്ചു ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ സന്നിധാനത്തു സേവനമനുഷ്ഠിക്കുന്നവർക്കായി വിഭവസമൃദ്ധമായ സദ്യ ഒരുക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വിളക്കുകൊളുത്തി സദ്യയ്ക്കു തുടക്കം കുറിച്ചു.
Story Highlights : Sabarimala 2024 Makaravilakku on jan 14
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here