കൊവിഡ്, വര്‍ഗീയവത്കരണം, രണ്ടാമൂഴം സിനിമ; അവസാന അഭിമുഖത്തില്‍ എം ടി പറഞ്ഞത്

മാറുന്ന ലോകത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങളും പ്രതീക്ഷകളും ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ എം ടി വാസുദേവന്‍ നായര്‍ അവസാനമായി പങ്കുവച്ചത് ട്വന്റിഫോറിന് അനുവദിച്ച അഭിമുഖത്തിലാണ്. 90 വയസിന്റെ നിറവില്‍ നില്ക്കുന്ന വേളയിലാണ് എം ടി തന്റെ അനുഭവങ്ങളും സന്ദേശങ്ങളും പങ്കുവച്ചത്. കൊവിഡ് 19 മുതല്‍ രണ്ടാമൂഴം സിനിമ വരെയുള്ള കാര്യങ്ങള്‍ ട്വന്റിഫോറുമായുള്ള ഹ്രസ്വസംഭാഷണത്തില്‍ എം ടി പങ്കുവച്ചിരുന്നു. ജാതി മത മതില്ക്കെട്ടുകളില് വേര്തിരിഞ്ഞുപോകരുതെന്നും മാനവികത മാത്രമാണ് തനിക്ക് നല്‍കാനുള്ള സന്ദേശമെന്നും എം ടി ട്വന്റിഫോറിലൂടെ പറഞ്ഞു. ( M T Vasudevan nair last interview 24 exclusive)
വയസ് കൂടുന്നുവെന്നല്ലാതെ ഒരു പിറന്നാളും തനിക്ക് പ്രത്യേകമായി ഒന്നും നല്‍കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് എം ടി സംസാരിച്ചുതുടങ്ങിയത്. മഹാമാരി വ്യാപിക്കുന്ന കാലമാണിത്. ശാന്തമായി ആലോചിക്കാന്‍, ജോലി ചെയ്യാന്‍ എഴുതാന്‍ പ്രയാസമുണ്ട്. സമൂഹത്തിന്റെ സ്ഥിതി മോശമാണ്, ശാന്തമാവാന്‍ കാത്തിരിക്കുകയാണ് താന്‍. വര്‍ഗീയത പടരുന്ന കാലമാണ്. ജാതി മതഭേദമന്യെ സൗഹൃദത്തിന്റെ കാലമുണ്ടായിരുന്നു. ഇന്ന് അതില്ലെന്നും അതില്‍ ദുഃഖമുണ്ടെന്നും എം ടി പറഞ്ഞു.
തന്റെ ഗ്രാമത്തിലെ സാധാരണക്കാരാണ് തന്റെ എഴുത്തിനെ സ്വാധീനിച്ചതെന്ന് എം ടി പറഞ്ഞു. എഴുത്തിനുള്ള സന്ദര്ഭമുണ്ടാക്കിയതിന് താന്‍ അവരോട് നന്ദിയുള്ളവനാണ്. തകിഴിയും കേശവദേവും ഉള്‍പ്പെടെയുള്ളവരെ വായിച്ചാണ് എഴുത്തിലേക്ക് കടന്നത്. അവരെപ്പോലെ എഴുതാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയാണ് ഉണ്ടായിരുന്നതെന്നും എം ടി പറഞ്ഞു. മലയാളത്തിലല്ല എഴുതിയിരുന്നതെങ്കില്‍ കുറച്ചുകൂടി ആഘോഷിക്കപ്പെടുന്ന എഴുത്തുകാരനാകുമായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു എം ടിയുടെ മറുപടി. രണ്ടാമൂഴം സിനിമയാക്കാന്‍ നിയമപ്രശ്നമുണ്ടായിരുന്നെന്നും തടസങ്ങള്‍ നീങ്ങാന്‍ കാത്തിരിക്കുന്നുവെന്നും എം ടി പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയാണ് എം ടി വിടവാങ്ങിയത്. ഇന്ന് വൈകീട്ട് 5 മണിക്കാണ് സംസ്കാരം നടക്കുക.
Story Highlights : M T Vasudevan nair last interview 24 exclusive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here