ഒരു ഡിഎസ്‌പി സീറ്റ് 1.5 കോടി രൂപയ്ക്ക് വിറ്റെന്ന് പ്രശാന്ത് കിഷോർ; നിരാഹാര സമരം തുടരുന്നു; ബിഹാറിൽ ആളിക്കത്തി പരീക്ഷാ ക്രമക്കേട് വിവാദം

ബിഹാർ സിവിൽ സർവീസ് പരീക്ഷാ ക്രമക്കേടിനെതിരെ ജൻ സുരാജ് പാർട്ടി നടത്തുന്ന നിരാഹാര സമരം ആറ് ദിവസം പിന്നിട്ടു. നിരാഹാര സമരമിരിക്കുന്ന പാർട്ടി തലവൻ പ്രശാന്ത് കിഷോർ ബിഹാറിലെ എൻഡിഎ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ബിഹാറിലെ സിവിൽ സർവീസ് പരീക്ഷയിൽ പാതിയോളം സീറ്റുകൾ വിറ്റെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജോലി ഒന്നര കോടി രൂപയ്ക്കാണ് വിറ്റതെന്നും അദ്ദേഹം ആരോപണം ഉന്നയിക്കുന്നു.
പരീക്ഷാ ക്രമക്കേടിനെതിരെ മൂന്നര ലക്ഷം ഉദ്യോഗാർത്ഥികളാണ് പ്രതിഷേധിക്കുന്നത്. എന്നിട്ടും പുനഃപ്പരീക്ഷ നടത്തിയപ്പോൾ 15000 പേർക്ക് മാത്രമാണ് അവസരം ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. ഡിഎസ്പി പദവി ഒന്നര കോടിക്ക് വിറ്റതിൽ സർക്കാർ പ്രതികരിക്കുന്നില്ല. ഉദ്യോഗാർത്ഥികളുടെ ആവശ്യം പൂർണമായി അംഗീകരിക്കും വരെ താൻ സമരം തുടരും. മുഖ്യമന്ത്രി സമരക്കാരായ ഉദ്യോഗാർത്ഥികളെ നേരിൽ കാണണം, യോജിച്ച സമവായ തീരുമാനം വിഷയത്തിൽ ഉണ്ടാകണമെന്നും പ്രശാന്ത് കിഷോർ പറയുന്നു.
ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ നത്തിയ കമ്പയിൻ്റ് കോംപറ്റീറ്റീവ് എക്സാമിനേഷൻ 2024 പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്. ഡിസംബർ 13 ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം ഉയർന്നത്. സമരക്കാർ പാറ്റ്നയിൽ റോഡും ട്രെയിൻ ഗതാഗതവും തടഞ്ഞ് സമരം ചെയ്തിരുന്നു. ഇടത് വിദ്യാർത്ഥി സംഘടനകൾ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇത് പൊലീസുമായുള്ള സംഘർഷത്തിലാണ് കലാശിച്ചത്. അതേസമയം ലാലു പ്രസാദ് യാദവ് അനുയായികളും സമരവുമായി രംഗത്തുണ്ട്. നാളെ വിഷയത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇടത് പാർട്ടികൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
Story Highlights : BPSC exam row: Prashant Kishor, on hunger strike, claims ‘DSP post being sold for ₹1.5 crore’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here