Advertisement

കലയും കലാപവും കരുണയും ഒന്നിക്കുന്ന ചിത്രങ്ങളെടുത്ത പ്രതിഭ; ലെനിന്‍ രാജേന്ദ്രനെ ഓര്‍മിക്കുമ്പോള്‍

January 14, 2025
2 minutes Read
director Lenin Rajendran death anniversary

മനുഷ്യമനസ്സിന്റെ സ്പന്ദനങ്ങള്‍ ആവിഷ്‌ക്കരിച്ച സിനിമകളിലൂടെ, മലയാളിയുടെ ഹൃദയത്തില്‍ ചേക്കേറിയ സംവിധായകനാണ് ലെനിന്‍ രാജേന്ദ്രന്‍. പുരോഗമന ആശയങ്ങള്‍ ജീവിതത്തിലും സിനിമയിലും പകര്‍ത്തിയ കലാകാരന്‍ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 6 വര്‍ഷം. (director Lenin Rajendran death anniversary)

കലയും കലാപവും കരുണയും ഒന്നിക്കുന്ന ചിത്രങ്ങളായിരുന്നു ലെനിന്‍ രാജേന്ദ്രന്റേത്. മഴയായും മകരമഞ്ഞായും വേനലായുമൊക്കെയെത്തിയ ഒരുപിടി ചിത്രങ്ങള്‍. ആ സിനിമകളില്‍, പ്രണയത്തിന്റെ സംഘര്‍ഷങ്ങളും സമൂഹത്തിലെ സംവാദങ്ങളും ഇഴ ചേര്‍ന്നു.

Read Also: ‘കല്ലറ പൊളിക്കാൻ അനുവദിക്കില്ല, ഹിന്ദു ആചാരങ്ങളെ വ്രണപ്പെടുത്താൻ ശ്രമം’; ഗോപൻ സ്വാമിയുടെ മകൻ

1953-ല്‍ നെയ്യാറ്റിന്‍കരയില്‍ എം വേലുക്കുട്ടി- ഭാസമ്മ ദമ്പതികളുടെ മകനായാണ് ലെനിന്‍ രാജേന്ദ്രന്റെ ജനനം. യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ബിരുദം നേടി. എറണാകുളത്ത് സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ തൊഴിലെടുക്കവേ, സംവിധായകന്‍ പി എ ബക്കറെ പരിചയപ്പെട്ടത് വഴിത്തിരിവായി. ബക്കറിന്റെ സഹസംവിധായകനായി. 1981-ല്‍ വേനല്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.

കയ്യൂര്‍ സമരം പശ്ചാത്തലമാക്കിയ മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുനാള്‍, മനശ്ശാസ്ത്ര ചിത്രമായ ചില്ല്, ദൈവത്തിന്റെ വികൃതികള്‍, മഴ, മകരമഞ്ഞ്, വചനം,രാത്രിമഴ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. അതിമനോഹരമായ സംഗീതത്തിന്റെ അകമ്പടിയോടെയാണ് എല്ലാ ചിത്രങ്ങളുമെത്തിയത്.

ദൈവത്തിന്റെ വികൃതികളും മഴയും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. രാത്രിമഴയിലൂടെ മികച്ച സംവിധായകനായി. കെ പി എ സിയുടെ രാജാ രവിവര്‍മ്മ ഉള്‍പ്പെടെ നാല് നാടകങ്ങള്‍ സംവിധാനം ചെയ്തു. 1991-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് കെ ആര്‍ നാരായണനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെ എസ് എഫ് ഡി സി ചെയര്‍മാനായിരുന്നു. ആ ചുവന്ന കാലത്തിന്റെ ഓര്‍മ്മയ്ക്ക് എന്ന കൃതിയും ലെനിന്റേതായുണ്ട്. വേറിട്ട പാതയിലൂടെ മലയാള സിനിമയെ നയിച്ച പ്രതിഭാശാലിയായ സംവിധായകന്‍ തന്റെ അറുപത്തിയഞ്ചാം വയസ്സിലാണ് വിട വാങ്ങിയത്.

Story Highlights : director Lenin Rajendran death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top