ആദ്യദിനം തന്നെ ട്രംപ് 100 എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവയ്ക്കും? ടിക് ടോകിനെ സംരക്ഷിക്കുന്ന ഉത്തരവും ഇന്ന് പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

ലോകം ശ്രദ്ധയോടെ ഉറ്റുനോക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ അമേരിക്കയുമായി ബന്ധപ്പെട്ട ചില സുപ്രധാന പ്രഖ്യാപനങ്ങളുമായി ഡൊണാള്‍ഡ് ട്രംപ്. താന്‍ അധികാരമേല്‍ക്കുന്ന ആദ്യ ദിനം തന്നെ 100 എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ട്രംപ് ഒപ്പുവച്ചേക്കുമെന്നാണ് വിവരം. ജീവിതചെലവ് ലഘൂകരിക്കുക, കുടിയേറ്റം തടയുക, ദേശീയ സുരക്ഷ ഉറപ്പാക്കുക മുതലായ കാര്യങ്ങളിലാകും ട്രംപ് ശ്രദ്ധയൂന്നുക. ദേശീയ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക, തെക്കന്‍ അതിര്‍ത്തി സുരക്ഷിതമാക്കാന്‍ യുഎസ് സൈന്യത്തോടും ആഭ്യന്തര സുരക്ഷാ വകുപ്പിനോടും നിര്‍ദേശിക്കുക, രാജ്യത്തുനിന്നും ക്രിമിനല്‍ സംഘങ്ങളെ തുരത്തുക തുടങ്ങിയവയാകും ട്രംപിന്റെ ആദ്യ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍. (Donald Trump to sign over 100 executive orders on day one)
വിഡിയോ ഷെയറിങിനുള്ള ചൈനീസ് ആപ്പായ ടിക് ടോകിനെ സംരക്ഷിക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവച്ചേക്കുമെന്നാണ് വിവരം. ടിക് ടോകിനെ ഇനിയും ഇരുട്ടത്ത് നിര്‍ത്തരുതെന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വാഷിംഗ്ടണില്‍ ട്രംപ് റാലി നടത്തുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ ചരിത്ര വിജയത്തിന്റെ ഫലമാണ് ഇസ്രയേല്‍-ഹമാസ് പ്രശ്‌നത്തിന്റെ പരിഹാരമെന്നും ട്രംപ് അവകാശപ്പെട്ടു.
ഇന്ത്യന്‍ സമയം രാത്രി പത്തരയോടെ വാഷിങ്ടണ്ണിലെ യു എസ് ക്യാപിറ്റോളിലാണ് ട്രംപിന്റെ സത്യപ്രജ്ഞ നടക്കുക. കടുത്ത ശൈത്യകാലാവസ്ഥ പ്രവചിച്ചിരിക്കുന്നതിനാല്‍ ക്യാപിറ്റോളിലെ റോട്ടന്‍ഡ ഹാളിലാകും സത്യപ്രതിജ്ഞ നടക്കുക. എഴുപത്തിയെട്ടുകാരന്‍ ഡോണള്‍ഡ് ട്രംപിന് അമേരിക്കന്‍ പ്രസിഡന്റ് കസേരില്‍ ഇത് രണ്ടാമൂഴമാണ്. 2017 മുതല്‍ 2021 വരെയായിരുന്നു ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലയളവ്.
യു എസ് ക്യാപിറ്റോളിലെ മകുടത്തിനു താഴെയുള്ള ഹാളായാ റോട്ടന്‍ഡയിലാണ് ചടങ്ങ്. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് ഡോണള്‍ഡ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുക്കും. വൈസ് പ്രസിഡന്റായി ജെ ഡി വാന്‍സും ചുമതലയേല്‍ക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം സെനറ്റ് ചേംബറിനടുത്തുള്ള പ്രസിഡന്റിന്റെ മുറിയിലെത്തി ട്രംപ് രേഖകളില്‍ ഒപ്പുവയ്ക്കും. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കെടുക്കുന്ന ഉച്ചഭക്ഷണ സല്‍ക്കാരം. സംഗീതാവതരണവും ഉദ്ഘാടന പരേഡും അതിനുശേഷം നടക്കും. ക്യാപിറ്റല്‍ വണ്‍ അറീനയിലാണ് പരേഡ്.
Story Highlights : Donald Trump to sign over 100 executive orders on day one
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here