Union Budget 2025: നിർമലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടം, പ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്: കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകം

കേന്ദ്ര ബജറ്റിൽ കോർപറേറ്റ് കമ്പനികൾക്ക് ആശ്വാസമാകുന്ന വിധത്തിൽ കോർപറേറ്റ് നികുതി ഇളവുണ്ടാകുമെന്ന് പ്രതീക്ഷ. രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട നിലയിലേക്ക് എത്തിക്കുന്ന വിധത്തിൽ പ്രത്യക്ഷ നികുതി വരുമാനം ഉയർന്ന സാഹചര്യത്തിലാണ് ഈ ഇളവ് കോർപറേറ്റ് കമ്പനികൾ പ്രതീക്ഷിക്കുന്നത്. പ്രത്യക്ഷ നികുതി വരുമാനത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ വലിയ വർധനവ് ഉണ്ടായതാണ് ഈ വിലയിരുത്തലിൻ് കാരണം.
മുൻ വർഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 16.45 ശതമാനം വർധനവുണ്ടായി. ഡിസംബർ പകുതി വരെയുള്ള കണക്ക് പ്രകാരം സർക്കാരിന് ഈ ഇനത്തിൽ 15.82 ലക്ഷം കോടി രൂപ ഇതിലൂടെ ലഭിച്ചു. റീഫണ്ടുകൾക്ക് മുൻപുള്ള പ്രത്യക്ഷ നികുതി വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 20.32 ശതമാനം ഉയർന്ന് 15.96 ലക്ഷം കോടിയിൽ (2023-24) നിന്ന് നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതിനോടകം 19.21 ലക്ഷം കോടിയിലെത്തി. 3.38 ലക്ഷം കോടി റീഫണ്ടായി നൽകിയതിൽ മുൻവർഷത്തെ അപേക്ഷിച്ച് 42.49 ശതമാനം വർധനവുണ്ടായി.
വ്യക്തിഗത നികുതിയിലും കോർപറേറ്റ് നികുതിയിലും ഉണ്ടായ വർധനവാണ് ഇതിലേക്ക് നയിച്ച പ്രധാന കാരണം. ബിസിനസ് സ്ഥാപനങ്ങൾ കോർപറേറ്റ് ടാക്സ് ഇനത്തിൽ 7.42 ലക്ഷം കോടി രൂപയാണ് നൽകിയത്. മുൻവർഷം ഇത് 6.83 ലക്ഷം കോടിയായിരുന്നു. റീഫണ്ടിന് മുൻപുള്ള കോർപറേറ്റ് നികുതി വരുമാനം മുൻവർഷത്തെ 7.9 ലക്ഷത്തിൽ നിന്ന് 9.24 ലക്ഷം കോടിയായി ഉയർന്നു.
വ്യക്തിഗത നികുതി വരുമാനവും വലിയ വർധനവാണ് രേഖപ്പെടുത്തിയത്. വ്യക്തിഗത ആദായ നികുതി റീഫണ്ടുകൾ കിഴിച്ച ശേഷം 7.97 ലക്ഷം കോടിയിലെത്തി. കഴിഞ്ഞ വർഷം ഇത് 6.50 ലക്ഷം കോടിയായിരുന്നു. കോർപറേറ്റ് ഇതര മൊത്ത നികുതി വരുമാനത്തിലും വർധനവുണ്ടായി. 7.81 ലക്ഷം കോടിയിൽ നിന്ന് 9.53 ലക്ഷം കോടിയായാണ് നികുതി വരുമാനം ഉയർന്നത്.
ഗിഫ്റ്റ് ടാക്സ്, എസ്റ്റേറ്റ് ഡ്യൂട്ടി, എക്സ്പെൻഡിച്ചർ ടാക്സ്, ഹോട്ടൽ റസീപ്റ്റ് ടാക്സ്, ബാങ്കിങ് ക്യാഷ് ട്രാൻസാക്ഷൻ ടാക്സ്, വെൽത്ത് ടാക്സ്, ഫ്രിൻജ് ബെനഫിറ്റ് ടാക്സ്, ഈക്വലൈസേഷൻ ലെവിസ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ്, പേഴ്സണൽ ഇൻകം ടാക്സ്, കോർപറേറ്റ് ടാക്സ് തുടങ്ങിയവയാണ് പ്രത്യക്ഷ നികുതിയിൽ ഉൾപ്പെടുന്നത്.
Story Highlights : Budget 2025 Corporate Tax cut expected as Direct Tax revenue hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here