വാരണം ആയിരത്തിന് ശേഷം, ഹാരിസിനെ എന്തിനൊഴിവാക്കിയെന്നു ചോദിച്ചവരുണ്ട് ; ഗൗതം മേനോൻ

വാരണം ആയിരം പോലൊരു ആൽബം ഉണ്ടാക്കിയിട്ടും ഹാരിസ് ജയരാജിനെ വിട്ടുപോകാൻ എങ്ങനെ മനസ്സ് വന്നു എന്ന് തന്റെ സുഹൃത്തുക്കൾ പോലും ചോദിച്ചിട്ടുണ്ട് എന്ന് ഗൗതം മേനോൻ. ഗൗതം മേനോന്റെ ആദ്യ സംവിധാന സംരംഭം ‘മിന്നലേ’ മുതൽ അദ്ദേഹവും സംഗീത സംവിധായകൻ ഹാരിസ് ജയരാജും ചേർന്നുള്ള കൂട്ടുകെട്ടിൽ ഇറങ്ങിയ നിരവധി ഗാനങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു. കാക്കാ കാക്കാ,വേട്ടയാട് വിളയാട്,പച്ചയ്ക്കിളി മുത്തുച്ചരം,വാരണം ആയിരം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിൽ ഹാരിസ് ജയരാജിന്റെ പാട്ടുകൾക്ക് ഒഴിച്ചുകൂടാനാവാത്ത പങ്കുണ്ട്.
വാരണം ആയിരത്തിനു ശേഷം വിണ്ണൈത്താണ്ടി വരുവായാ, എന്ന ചിത്രത്തിൽ ഗൗതം മേനോൻ എ.ആർ റഹ്‌മാനുമായി ഒന്നിച്ചു, പിന്നീട് എങ്കേ യെൻ പൊൻവസന്തം എന്ന ചിത്രത്തിൽ ഇളയരാജയുമായും,നടുൻസി നായകൾ എന്ന ചിത്രത്തിൽ വിജയ് ആന്റണിയുമായും ഒന്നിച്ചു. പിന്നീട് 8 വർഷത്തിന് ശേഷം അജിത്ത് ചിത്രം യെന്നൈ അറിന്താൽ എന്ന ചിത്രത്തിൽ ഇരുവരും വീണ്ടും ഒന്നിച്ച് വർക്ക് ചെയ്തു എങ്കിലും വീണ്ടും ഇരുവർക്കും ഇടയിൽ വലിയ ഗ്യാപ്പ് വീണു. പിന്നീട് എ.ആർ റഹ്മാനുമായി രണ്ട് തവണയും ഡർബുക്ക ശിവ,കാർത്തിക്ക് എന്നിവരുമായും സിനിമ ചെയ്ത ഗൗതം മേനോൻ ഹാരിസ് ജയരാജുമായി വീണ്ടും ഒന്നിച്ച് ധ്രുവനച്ചത്തിരം ചെയ്തു എങ്കിലും ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി 7 വർഷമായിട്ടും റിലീസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.
“ശരിക്കും എ.ആർ റഹ്മാൻ ആണ് എന്റെ ആദ്യ ചിത്രം ചെയ്യേണ്ടിയിരുന്നത്, അത് നടക്കാത്തതിനാൽ ഹാരിസുമായി മിന്നലേ ചെയ്തു, പിന്നീട് തുടർച്ചയായി ഞങ്ങൾ ചിത്രങ്ങൾ ചെയ്തു. പിന്നെ ഇളയരാജയുമായും എ.ആർ റഹ്മാനുമായും ഒക്കെ വർക്ക് ചെയ്യണമെന്ന് ആർക്കും ആഗ്രഹം കാണില്ലേ? അത്രയേ ഉള്ളു. ധ്രുവനച്ചത്തിരം റിലീസ് ചെയ്യാൻ സാധിച്ചാൽ ഇപ്പൊ കേൾക്കുന്ന പരാതികൾ എല്ലാം തീരും, ഗൗതം മേനോൻ പറയുന്നു.
Story Highlights :വാരണം ആയിരത്തിന് ശേഷം, ഹാരിസിനെ എന്തിനൊഴിവാക്കിയെന്നു ചോദിച്ചവരുണ്ട് ; ഗൗതം മേനോൻ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here