ട്രംപിന്റെ നികുതി ഭീഷണിക്ക് കൊളംബിയ വഴങ്ങി; കുടിയേറ്റക്കാരെ സ്വീകരിക്കും

അമേരിക്കന്‍ പ്രസിഡന്റായുള്ള രണ്ടാമൂഴത്തിലെ ആദ്യ നികുതി ഭീഷണിയില്‍ ട്രംപിന് മുന്നില്‍ വഴങ്ങി കൊളംബിയ. അമേരിക്കയില്‍ നിന്ന് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാമെന്ന് കൊളംബിയ സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. കുടിയേറ്റക്കാരെ സ്വീകരിച്ചില്ലെങ്കില്‍ കൊളംബിയയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതോടെ നാടുകടത്തപ്പെട്ടവരുമായി എത്തിയ യുഎസ് സൈനിക വിമാനം വൈകാതെ സ്വീകരിക്കാമെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിക്കുകയായിരുന്നു. (Colombia agrees to take in deported migrants after Trump threat)
അമേരിക്കയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് പ്രതിജ്ഞാബദ്ധനാണെന്നും അനധികൃത കുടിയേറ്റം തടയുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലെവിറ്റ് അറിയിച്ചു. അനധികൃത കുടിയേറ്റം തടയാന്‍ എല്ലാ രാഷ്ട്രങ്ങളും അമേരിക്കയോട് സഹകരിക്കണമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു. അനധികൃത കുടിയേറ്റക്കാരുമായെത്തിയ വിമാനം തടഞ്ഞപ്പോള്‍ തന്നെ തങ്ങള്‍ കടുത്ത പ്രതികാര നടപടികളിലേക്ക് കടക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊളംബിയയിലെ ഇറക്കുമതി താരിഫ് 25 ശതമാനം എന്നത് 50 ശതമാനം ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിന് മുന്നിലാണ് കൊളംബിയ കീഴടങ്ങിയത്. കൊളംബിയന്‍ ഉദ്യോഗസ്ഥര്‍ക്കും സഖ്യകക്ഷികള്‍ക്കുമുള്ള വിസ നിരോധിക്കുമെന്നും കൊളംബിയയില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ക്കും ചരക്കുകള്‍ക്കുമുള്ള പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read Also: പോക്സോ കേസ്; കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗുസ്താവോ പെട്രോയ്ക്ക് അമേരിക്കയുടെ ഭീഷണിയ്ക്ക് വഴങ്ങുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. അതേസമയം യുഎസിന്റെ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ യുഎസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി താരിഫ് കൊളംബിയയും 25 ശതമാനം വര്‍ധിപ്പിച്ചതായി ഗുസ്താവോ പെട്രോ ഉത്തരവിട്ടിരുന്നു. ലാറ്റിന്‍ അമേരിക്കയില്‍ അമേരിക്കയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് കൊളംബിയ.
Story Highlights : Colombia agrees to take in deported migrants after Trump threat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here