Advertisement

ഇസ്ലാമോഫോബിയ,വെറുപ്പിനെതിരെ സ്‌നേഹത്തിന്റെ പാലം പണിയുകയാണ് പരിഹാരമെന്ന് ടി. ആരിഫലി

January 29, 2025
1 minute Read
gulf

വര്‍ധിച്ചുവരുന്ന ഇസ്ലാമോഫോബിയയെയും മുസ്ലിം വിദ്വേഷത്തെയും പ്രതിരോധിക്കാന്‍ ജനഹൃദയങ്ങളിലേക്ക് സ്‌നേഹത്തിന്റെ പാലങ്ങള്‍ പണിയുകയാണ് പരിഹാരമെന്ന് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടി. ആരിഫലി പ്രസ്താവിച്ചു. ഖത്തറിലെ മലയാളി പ്രവാസികള്‍ക്ക് വേണ്ടി ഔഖാഫ്-മതകാര്യ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇസ്ലാം വിരുദ്ധ പൊതുബോധം മാറ്റിയെടുക്കാനും മുസ്ലിം സമൂഹത്തിന് അനുകൂലമായ പൊതുജനാഭിപ്രായം രൂപപ്പെടുത്താനും പരിശ്രമിക്കുകയാണ് മുസ്ലിം സമുദായത്തിന്റെ പ്രഥമ ഉത്തരവാദിത്തം. മുസ്ലിംകള്‍ സ്വയം ഗുണപരമായ മാറ്റത്തിന് തയാറാവണം. ദൈവിക സന്മാര്‍ഗമനുസരിച്ച് മാതൃകാ വ്യക്തിത്വങ്ങളായി മാറണം. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് മനുഷ്യന്റെ ദൗത്യം പൂര്‍ത്തിയാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടുംബവും വിവാഹവും പാരതന്ത്ര്യവും ബാധ്യതയും ശല്യവുമല്ല. ‘എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം’ എന്ന വ്യക്തികേന്ദ്രീകൃത ലിബറല്‍ ചിന്താഗതി മൂല്യങ്ങളുടെ നിരാസമാണ്. കുടുംബ സംവിധാനത്തിന്റെ തകര്‍ച്ചയാണ് ലിബറലിസത്തിന്റെ ഫലം. മദ്യവും മയക്കുമരുന്നും ഗണ്യമായി വ്യാപിക്കുന്നതിന്റെ കാരണങ്ങളിലൊന്നും ലിബറലിസമാണെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ഖത്തര്‍ നടത്തിയ ഇടപെടലിനെ ആരിഫലി ശ്ലാഘിച്ചു. ലോകത്തോടും മനുഷ്യരോടും കാരുണ്യത്തോടെ വര്‍ത്തിക്കുന്ന ഖത്തറിനെ രണ്ടാമത്തെ വീടായി മനസ്സിലാക്കി, ഈ നാടിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി പ്രവാസികള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വക്‌റ വലിയ പള്ളിയില്‍ (ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ് മസ്ജിദ്) നടന്ന പരിപാടിയില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. ശൈഖ് അബ്ദുല്ല ബിന്‍ സെയ്ദ് ആല്‍മഹമൂദ് കള്‍ച്ചറല്‍ സെന്റര്‍ (ഫനാര്‍) പ്രതിനിധി ഡോ. അഹ്മദ് അബ്ദുറഹീം തഹാന്‍ ആശംസകള്‍ നേര്‍ന്നു. ഖാസിം ടി.കെ ആമുഖഭാഷണം നടത്തി. മുഹമ്മദ് സകരിയ്യ ഖുര്‍ആന്‍ പാരായണം നടത്തി. നൗഫല്‍ വി.കെ പരിപാടി നിയന്ത്രിച്ചു. ബിലാല്‍ ഹരിപ്പാട് നന്ദി പറഞ്ഞു.

Story Highlights : Program for Malayalees in Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top