‘ദേവേന്ദുവിനെ കൊന്നത് ഉള്‍വിളി കൊണ്ട്; കൊല്ലണമെന്ന് തോന്നി, കൊന്നു’; വിചിത്ര മൊഴിയുമായി ഹരികുമാര്‍; അടിക്കടി മൊഴിമാറ്റി പൊലീസിനെ കുഴപ്പിച്ച് പ്രതി

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ വിചിത്ര മൊഴിയുമായി അമ്മാവന്‍ ഹരികുമാര്‍. കുഞ്ഞിനെ കൊന്നത് ഉള്‍വിളി കൊണ്ടെന്നാണ് ഹരികുമാര്‍ പറയുന്നത്. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നെന്നും ഹരികുമാര്‍ പറയുന്നു. അതേസമയം, അടിക്കടി പ്രതി മൊഴി മാറ്റുന്നത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. സഹോദരിയുമായി പ്രശ്‌നമുണ്ടെന്ന ഇന്നലത്തെ മൊഴി ഇന്ന് നിഷേധിച്ചു. വ്യക്തമായ ഉത്തരമില്ലാത്ത അവസ്ഥയിലാണ് പൊലീസ്.
പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കൊലപാതകത്തിന്റെ കാരണം ഇപ്പോഴും അവ്യക്തമെന്നും തിരുവനന്തപുരം റൂറല്‍ എസ്പി കെഎസ് സുദര്‍ശന്‍ പറഞ്ഞു. കുറച്ച് നാളായി ചികിത്സയിലാണ് ഇയാളെന്നും വ്യക്തമായ കണ്ടെത്തലുകളിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
പ്രതിയുടെ മൊഴിയില്‍ സ്ഥിരതയില്ല. മാനസിക പ്രശ്‌നം അന്വേഷണത്തിന് തടസം. പലപ്പോഴും പല മൊഴികള്‍ പറയുന്നു. അന്ധവിശ്വാസത്തിന്റെ തെളിവ് വന്നിട്ടില്ല. സാമ്പത്തിക ഇടപാട് പൂര്‍ണമായും കണ്ടെത്തിയിട്ടില്ല. കുട്ടിയുടെ മാതാവ് ജ്യോത്സ്യനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതി നല്‍കിയിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ഇനിയും ശേഖരിക്കണം. പ്രാഥമികമായി സംസാരിക്കുമ്പോള്‍ നോര്‍മല്‍ അല്ല. വാട്ട്‌സാപ്പ് ചാറ്റുകള്‍ കൂടി ശേഖരിക്കും. പല മൊഴികള്‍ ഉണ്ട്. ആറ് വര്‍ഷമായി ചികിത്സയില്‍ എന്ന് അമ്മയും പറയുന്നു – എസ്പി പ്രതികരിച്ചു.
അതേസമയം, പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുത്തു. വീടിനുള്ളിലേക്കും തെളിവെടുപ്പിന്റെ ഭാഗമായി പ്രവേശിപ്പിച്ചു. പിന്നീട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് വിരലടയാളം അടക്കം ശേഖരിക്കുന്നതിനായി എത്തിച്ചു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
Story Highlights : Harikumar’s statement about Balaramapuram Deventhu murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here