Advertisement

ദുരൂഹത നീങ്ങാതെ ദേവേന്ദുവിന്റെ കൊലപാതകം; പിന്നിൽ ഹരികുമാർ ഒറ്റക്കോ? പ്രേരണ വൈരാഗ്യം മാത്രമോ? ശ്രീതുവിനെതിരെ ഭർത്താവിന്റെ മൊഴി

January 31, 2025
1 minute Read

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തിൽ ദുരൂഹത തുടരുന്നു. കുറ്റം ഏറ്റു പറഞ്ഞെങ്കിലും അമ്മാവൻ ഹരികുമാർ മാത്രമല്ല കൃത്യത്തിന് പിന്നിൽ എന്ന നി​ഗമനത്തിലാണ് പൊലീസ്. അതിനാൽ കുട്ടിയുടെ അമ്മയും അച്ഛനുമടക്കം പൊലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞദിവസമാണ് രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. തുടക്കം മുതൽ നിലനിന്ന ദുരൂഹത അമ്മാവൻ കുറ്റം സമ്മതിച്ചതോടെ മാറിയെന്നാണ് കരുതിയിരുന്നത്. എന്നാൽ അമ്മ ശ്രീതുവിന്റെ മൊഴികളും ഹരികുമാറിന്റെ കുറ്റ സമ്മതവും ഭർത്താവിന്റെ മൊഴിയും കൂടുതൽ ദുരൂഹത സൃഷ്ടിക്കുകയാണ്.

കൊലപാതകം നടത്തിയത് താനെന്ന് കുട്ടിയുടെ അമ്മാവനായ ഹരികുമാർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ കൊലപാതക കാരണത്തിലാണ് അവ്യക്തത തുടരുന്നത്. മറ്റാരെങ്കിലും കൊലപാതകത്തിൽ സഹായിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കുകയാണ് പൊലീസ്. കുഞ്ഞിൻ്റെ മാതാവിനും പ്രതിയായ ഹരികുമാറിനും അടുപ്പമുള്ള പൂജാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കരിക്കകം സ്വദേശിയായ പ്രദീപ് പറയുന്ന നിർദ്ദേശങ്ങൾ ആയിരുന്നു ഇരുവരും കൂടുതലായി അനുസരിച്ചിരുന്നത്. ഇയാളുമായി ശ്രീതുവിന് സാമ്പത്തിക ഇടപാടും ഉണ്ട്. ഇത് അന്വേഷണ പരിധിയിൽ വരും.

എല്ലാവരും സംശയനിഴലിലാണെന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും റൂറൽ എസ്.പി എസ്.പി സുദർശൻ പറയുന്നു. കൊല്ലപ്പെട്ട ദേവേന്ദുവിൻ്റെ പിതാവ്, സഹോദരി, മുത്തച്ഛൻ, മുത്തശ്ശി തുടങ്ങിയവരെയും സ്റ്റേഷനിലെത്തിച്ച് മൊഴിയെടുക്കുകയാണ്. കൊലപാതകത്തിൽ ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഭർത്താവ് ശ്രീജിത്ത് മൊഴി നൽകിയിട്ടുണ്ട്. ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചിരുന്നതായി ശ്രീതുവിന്റെ മൊഴി ഉണ്ട്. ഇതിലും വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. ഹരികുമാറിന്റെ മൊഴിയും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സഹോദരിയോടുള്ള വൈരാ​ഗ്യവും മക്കൾ ഉണ്ടായത് ഇഷ്ടപ്പെടാത്തതും കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് ഹരികുമാറിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞത്.

Read Also: ‘ഹരികുമാറിന് സഹോദരിയോട് വഴിവിട്ട താല്പര്യം, തൊട്ടടുത്ത മുറികളില്‍ കഴിയുമ്പോഴും വാട്സാപ്പ് കോളുകള്‍’; മുഴുവൻ വാട്സ് ആപ്പ് ചാറ്റുകൾ വീണ്ടെടുക്കും

എന്നാൽ ദേവേന്ദുവിന്റെ കൊലപാതകത്തിൽ വിശ്വാസത്തിന്റെ പങ്കുണ്ടോയെന്നുകൂടി പൊലീസ് പരിശോധിക്കുന്നുണ്ട്. അതിനാലാണ് ശ്രീതുവിനും ഹരികുമാറിനും പരിചയമുള്ള പൂജാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പിതാവിന്റെ മരണശേഷം ഹരികുമാറും ശ്രീതുവും ഒരുമിച്ച് തലമുണ്ടനം ചെയ്തതും ദുരൂഹതയുണ്ട്. ഇത് കസ്റ്റഡിയിലുള്ള പൂജാരി പറഞ്ഞതനുസരിച്ച് ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. പൂജാരി പറഞ്ഞാൽ അനുസരിക്കുന്നവരായിരുനന്നു ഇരുവരും. ശ്രീതു പൂജാരിയുടെ അടിമയായിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇവർ തമ്മിൽ വലിയ തുകയുടെ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടുണ്ട്.

കേസിൽ നിർണായകമായി വേണ്ടത് ഹരികുമാറും ശ്രീതുവും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് വീണ്ടെടുക്കുകയെന്നതാണ്. കേസിൽ ശ്രീതുവിന് പങ്കുണ്ടെന്ന് കരുതുന്ന യാതൊരു തെളിവും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ വാട്‌സ്ആപ്പ് ചാറ്റുകൾ വീണ്ടെടുത്താൽ കേസിന് സുപ്രധാനമായ തെളിവുകളിലേക്കെത്താൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. നിലവിൽ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് അമ്മാവനായ ഹരികുമാറിന്റേത് മാത്രമാണ്. ഇന്ന് വൈകുന്നേരത്തോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. റിമാന്റിനുശേഷം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ഉൾപ്പടെ നടത്താനാണ് പൊലീസ് ആലോചന.

Story Highlights : Thiruvananthapuram Balaramapuram Devendu’s murder remains mystery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top