Advertisement

ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടി; ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു

February 2, 2025
3 minutes Read
sreethu

ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മ ശ്രീതുവിനെതിരെ കേസെടുത്തു. സാമ്പത്തിക തട്ടിപ്പിനാണ് കേസെടുത്തത്. ദേവസ്വം ബോർഡിലടക്കം ജോലി വാഗ്ദാനം ചെയ്‌ത്‌ ആളുകളിൽ നിന്ന് ശ്രീതു ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. നെയ്യാറ്റിൻകര സ്വദേശികളായ രണ്ടു പേരുടെ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കൂടുതൽ ആളുകൾക്കും ഇതുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന പേരിലാണ് ഇവര്‍ പത്ത് ലക്ഷം രൂപ തട്ടിയതെന്നാണ് വിവരം. ജോലിക്കായി വ്യാജ ഉത്തരവ് കാണിച്ച് വിശ്വസിപ്പിച്ച് എന്നും പൊലീസ് വ്യക്തമാക്കി. BNS 316 ( 2 ) 318 ( 4 ) 336 (2 ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ശ്രീതുവിനെ ചോദ്യം ചെയ്യുന്നതിനായി മഹിളാ മന്ദിരത്തിൽ നിന്ന് ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ശ്രീതുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ശ്രീതുവിനെ താമസിപ്പിച്ചിട്ടുള്ള ബാലരാമപുരത്തെ മഹിളാ മന്ദിരത്തില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. ഇന്നലെ രാത്രി ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചും ചോദ്യം ചെയ്യല്‍ നടന്നിരുന്നു.

Read Also: വൈക്കത്ത് 11 കാരന് മൊബൈൽ വെളിച്ചത്തിൽ സ്റ്റിച്ചിട്ട സംഭവം; ജനറേറ്റർ ബട്ടണിൽ ഉണ്ടായ തകരാറെന്ന് RMO റിപ്പോർട്ട്

അതേസമയം, സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഇതടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രീതുവിനോട് ചോദിച്ചറിയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീതുവില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണ് വിവരം. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്പി കെ സുദര്‍ശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കും.

കഴിഞ്ഞ മാസം 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ രണ്ട് വയസ്സുകാരി ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മാവനായ ഹരികുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

Story Highlights : Extorting lakhs by promising job in Devaswom Board; A case of financial fraud has been registered against Sreethu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top