എസ്റ്റിമേറ്റ് 147 കോടി, ചെറിയ ചില മാറ്റം, സർക്കാരിന് ലാഭം 67 കോടി: കേരളത്തിൽ സർക്കാർ കെട്ടിടം നിർമ്മിക്കാൻ ഇനി പൊതു നയം

അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാനത്തിന്റെ ബജറ്റ് ആണ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറി എന്നുപറഞ്ഞ അദ്ദേഹം കേരളം ഒരു ടേക്ക് ഓഫിന് തയ്യാറായി നിൽക്കുന്നു എന്നാണ് വ്യക്തമാക്കിയത്. എന്നാൽ സാമ്പത്തിക അച്ചടക്കത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറാകുന്നില്ല. സർക്കാരിന്റെ കെട്ടിട നിർമ്മാണങ്ങളിൽ വരുന്ന അമിത ചെലവ് പലപ്പോഴും അഴിമതി ആരോപണങ്ങളിലേക്ക് വരെ നീണ്ടിട്ടുണ്ട്. എന്നാൽ കൊല്ലം ജില്ലാ കോടതി നിർമ്മാണം ചൂണ്ടിക്കാട്ടിയ വലിയ മാതൃകയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇനിയും അവലംബിക്കണം എന്ന് ആവശ്യപ്പെടുന്നത്.
സർക്കാരിന്റെ ആവശ്യത്തിന് നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ പലതിനും ആവശ്യത്തിലധികം വലിപ്പം വരുന്നതും ഓവർ ഡിസൈനിലൂടെയും പണം പാഴായി പോകുന്നുണ്ട് എന്ന വസ്തുത അദ്ദേഹം ബജറ്റിൽ മറച്ചുവച്ചില്ല. ഇവിടെയാണ് കൊല്ലം ജില്ലാ കോടതിയുടെ കെട്ടിട നിർമ്മാണം മാതൃകയായത്. കൊല്ലം ജില്ലാ കോടതി സമുച്ചയത്തിൻ്റെ ആദ്യ ഡിസൈൻ പ്രകാരം എസ്റ്റിമേറ്റ് 147 കോടി രൂപയായിരുന്നു. എന്നാൽ ചെന്നൈ ഐ.ഐ.ടി ഉൾപ്പെടെ പരിശോധിച്ച ശേഷം രൂപകൽപ്പനയിൽ ചെറിയ മാറ്റങ്ങൾ വരുത്തി. ഇതോടെ 80 കോടി രൂപയ്ക്ക് താഴേയ്ക്ക് നിർമ്മാണചെലവ് കൊണ്ടുവരാൻ കഴിഞ്ഞു. അങ്ങനെ സർക്കാർ ഖജനാവിൽ നിന്ന് പാഴായി പോകുമായിരുന്ന 67 കോടി രൂപ ലാഭിക്കാനായി. തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിന്റെ നിർമ്മാണത്തിലും സർക്കാർ ഈ നീക്കം നടത്തി. അങ്ങനെ ഹോസ്റ്റൽ നിർമ്മാണത്തിനായി ആദ്യം കണക്കാക്കിയ എസ്റ്റിമേറ്റ് തുകയെ അപേക്ഷിച്ച് 15 ശതമാനത്തിലധികം കുറവാണ് ഒടുവിലത്തെ ഡിസൈനിൽ ഉണ്ടായത്.
Read Also: കാലം ആവശ്യപ്പെടുന്ന കരുതൽ : സാമ്പത്തിക സാക്ഷരത വളർത്താനുള്ള ബജറ്റ് നിർദ്ദേശം ഇങ്ങനെ
സംസ്ഥാനത്ത് പൊതുവായി നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഒരു ചിട്ടപ്പെടുത്തൽ അനിവാര്യമാണെന്ന് ധനമന്ത്രി ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു. പൊതുമരാമത്ത് തദ്ദേശസ്വയം ഭരണ വകുപ്പുകളുമായും സാങ്കേതിക വിദഗ്ദ്ധരുമായും ചർച്ചകൾ നടത്തി ചെലവ് കുറച്ചും ആവശ്യത്തി ലധികമുള്ള ഡിസൈനുകൾ ഒഴിവാക്കിയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഒരു പൊതുനയം രൂപീകരിക്കുമെന്നും അദ്ദേഹം ബജറ്റിൽ ഉറപ്പുനൽകി. ഇത് യാഥാർത്ഥ്യമാവുകയാണെങ്കിൽ സർക്കാരിന് അതിലൂടെ കോടിക്കണക്കിന് രൂപ ലാഭിക്കാനാവും.
Story Highlights : The government will now have a public policy for constructing government buildings in Kerala.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here