യുപിയിൽ കോഴിവണ്ടി മറിഞ്ഞു, ജനക്കൂട്ടം ഓടിനടന്ന് കോഴികളെ മോഷ്ടിച്ചു! പരുക്കേറ്റ ഡ്രൈവറെ തിരിഞ്ഞുനോക്കിയില്ല

ഉത്തർപ്രദേശിലെ കനൗജിൽ ആഗ്ര എക്സ്പ്രസ് വേയിൽ കോഴികളുമായി എത്തിയ ലോറി മറിഞ്ഞു. ലോറി മറിഞ്ഞതോടെ കോഴികളെ പിടികൂടാൻ ഓടിക്കൂടി ജനം. എന്നാൽ അപകടത്തിൽ പരുക്കേറ്റ ഡ്രൈവറേയും സഹായിയേയും ആരും തിരിഞ്ഞു നോക്കിയില്ല. പരുക്കേറ്റ് കിടന്നിട്ടും അവരെ രക്ഷിക്കാൻ ശ്രമിക്കാതെ കോഴികളെ പിടികൂടി വീട്ടിൽ കൊണ്ടുപോകാനാണ് ആളുകൾ ശ്രമിച്ചത്.ട്രക്ക് മറിഞ്ഞതിനെ തുടർന്ന് റോഡിൽ ചിതറിയ കോഴികളെ പരമാവധി പിടികൂടി കൊണ്ടുപോകാൻ ശ്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവത്തിൽ നടപടി സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർ സലീമും സഹായി കലീമും അമേത്തിയിൽ നിന്ന് ഫിറോസാബാദിലേക്ക് ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേ വഴി കോഴികളെ കൊണ്ടുപോകുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ്, സകരാവയിലെത്തിയപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് അഡീഷണൽ എസ്പി അജയ് കുമാർ പറഞ്ഞു.
Story Highlights : crowd steals chickens after poultry truck overturns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here