‘ഇവര്‍ സിപിഐഎം നരഭോജികള്‍ കൊന്നുതള്ളിയവര്‍ തന്നെ, ആരൊക്കെ അല്ലെന്ന് പറഞ്ഞാലും’; തരൂരിന്റെ ഓഫിസിന് മുന്നില്‍ കെഎസ്‌യുവിന്റെ പേരില്‍ പോസ്റ്റര്‍

ഫേസ്ബുക്കില്‍ സിപിഐഎമ്മിനെതിരായ നരഭോജി പരാമര്‍ശം പിന്‍വലിച്ച സംഭവത്തില്‍ ശശി തരൂരിന്റെ ഓഫിസിന് മുന്നില്‍ കെഎസ്‌യുവിന്റെ പേരില്‍ പോസ്റ്റര്‍. നരഭോജികള്‍ നരഭോജികള്‍ തന്നെയെന്ന് തരൂരിന്റെ തിരുത്തിക്കൊണ്ടാണ് പോസ്റ്റര്‍. അല്ലെന്ന് ആര് എത്ര തവണ പറഞ്ഞാലും ഷുഹൈബ്, കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ കമ്മ്യൂണിസ്റ്റ് നരഭോജികളാണ് കൊന്നുതള്ളിയതെന്നും പോസ്റ്ററില്‍ പറയുന്നു. (KSU poster protest against shashi tharoor)
ലേഖന വിവാദം കോണ്‍ഗ്രസിനെ വെട്ടിലാക്കിയതിനിടെയാണ് സിപിഐഎമ്മിനെതിരായ ഫേസ്ബുക്കിലെ നരഭോജി പരാമര്‍ശം നീക്കി തരൂര്‍ വീണ്ടും പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ തരൂരിന്റെ വാക്കുകളെ തള്ളി രംഗത്തെത്തിയതിന് പിന്നാലെയാണ് കെഎസ്‌യു തരൂരിനെതിരെ പോസ്റ്റര്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. തരൂരിന്റെ തിരുവനന്തപുരത്തെ ഓഫിസിന് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കൃപേഷിന്റേയും ഷുഹൈബിന്റേയും ശരത്‌ലാലിന്റേയും ചിത്രമുള്‍പ്പെടുത്തിയാണ് പോസ്റ്റര്‍. ഓഫിസിന് പുറത്ത് കെഎസ്‌യുവിന്റെ കൊടിയും സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെയാണ് പോസ്റ്റര് പ്രത്യക്ഷപ്പെട്ടത്. കെഎസ് യു തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ ഗോപു നെയ്യാറും തരൂരിനെതിരെ സമാന വിമര്‍ശനമുന്നയിച്ചുകൊണ്ട് ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
‘സി.പി.ഐ.എം. നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍’ എന്ന കെ.പി.സി.സിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റര്‍ പങ്കുവെക്കുകയാണ് തരൂര്‍ ചെയ്തത്.എന്നാല്‍ പോസ്റ്റര്‍ മണിക്കൂറുകള്‍ക്കകം തരൂര്‍ നീക്കം ചെയ്തു. പകരമിട്ട പോസ്റ്റില്‍ സിപിഐഎം പരാമര്‍ശമേ ഇല്ലായിരുന്നു.
ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷിക ദിനത്തിലായിരുന്നു തരൂരിന്റെ അനുസ്മരണ പോസ്റ്റ്. പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. 2019 ഫെബ്രുവരി 17-നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസിലെ പത്ത് പ്രതികള്‍ക്ക് കഴിഞ്ഞ മാസം കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
Story Highlights : KSU poster protest against shashi tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here