പത്തനംതിട്ടയിലെ കൊലപാതകം; ജിതിന്റെ വയറിലും വലതു തുടയിലും ഗുരുതരമായ മുറിവ്; കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് CPIM

പത്തനംതിട്ട പെരുന്നാട് മഠത്തുംമൂഴിയിൽ കത്തിക്കുത്തിൽ സിഐടിയുടെ പ്രവർത്തകൻ ജിതിന്റെ കൊലപാതകം രാഷ്ട്രീയ കൊലയെന്ന് സിപിഐഎം. ആർഎസ്എസ് പ്രവർത്തകർ ജിതിനെ സംഘർഷത്തിനിടെ കുത്തുകയായിരുന്നു എന്നാണ് സിപിഐഎം നേതാക്കളുടെ ആരോപണം. ആർഎസ്എസ് പ്രവർത്തകനായ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്ന് സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജു. കൃത്യം നടപ്പാക്കിയ ശേഷം പ്രതികൾ പത്തനംതിട്ട ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയെന്നും പോലീസ് എത്തുമെന്ന് കണ്ട് ആശുപത്രിയിൽ നിന്നും മുങ്ങി. തൊഴിൽപരമായ തർക്കങ്ങൾ പ്രദേശത്ത് നിലനിന്നിരുന്നുവെന്ന് സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ട ജിതിന്റെ വയറിലും വലതു തുടയിലും ഗുരുതരമായ മുറിവെന്ന് എഫ്ഐആർ. ജിതിന്റെ ബന്ധുവായ അനിലുമായി പ്രതികളായ മൂന്നു പേർക്ക് തർക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് പ്രതികൾ സംഘം ചേർന്നത്. രാഷ്ട്രീയ കാര്യങ്ങൾ പരാമർശിക്കാതെയാണ് പോലീസിന്റെ എഫ്ഐആർ. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്.
യുവാക്കൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. മറ്റൊരു യുവാവിനും കത്തിക്കുത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിതിൻ്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ഇൻക്വസ്റ്റ് നടപടിക്രമങ്ങൾക്കുശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights : Pathanamthitta Jithin Murder; CPIM claims murder was political rivalry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here