‘വിജയ് ചെന്നൈയിൽ സിബിഎസ്‌ഇ സ്കൂൾ നടത്തുന്നുണ്ട്; ഹിന്ദി അടിച്ചേല്പിക്കരുതെന്ന പ്രസ്താവന ഇരട്ടത്താപ്പ്’; അണ്ണാമലൈ

ടിവികെ പ്രസിഡന്റ് വിജയ്‍യെ വിമർശിച്ച് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ. ഹിന്ദി അടിച്ചേല്പിക്കരുതെന്ന വിജയ്‌യുടെ പ്രസ്താവന ഇരട്ടത്താപ്പെന്ന് അണ്ണാമലൈ വിമർശിച്ചു. വിജയ് ചെന്നൈയിൽ സിബിഎസ്‌ഇ സ്കൂൾ നടത്തുന്നുണ്ടെന്നും വിദ്യാശ്രമം എന്ന സ്കൂളിൽ ഹിന്ദിയും പഠിപ്പിക്കുന്നുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.
വിജയ്‌യുടെ സ്കൂളിന്റെ രേഖകളും അണ്ണാമലൈ പുറത്തുവിട്ടു. വിജയ്‌യുടെ മകൻ മൂന്നാം ഭാഷയായി ഫ്രഞ്ച് പഠിക്കുന്നു. മറ്റുള്ളവർ രണ്ട് ഭാഷ മാത്രം പഠിച്ചാൽ മതിയെന്ന് പറയുന്നത് എന്തുകൊണ്ടെന്നും തമിഴ്നാട് ബിജെപി അധ്യക്ഷൻ ചോദിച്ചു. കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന് ഇന്ത്യാ സഖ്യം തെറ്റിദ്ധാരണ പരത്തുന്നുവെന്നും പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ഒരിക്കലും ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് അണ്ണമലൈ പറഞ്ഞു. ഹിന്ദി പഠിക്കാൻ താത്പര്യമില്ലെങ്കിൽ മറ്റേതെങ്കിലും ഭാഷ പഠിക്കാം. വിദ്യാർത്ഥികളെ ആശയക്കുഴപ്പത്തിലാക്കുന്ന രാഷ്ട്രീയം ശരിയല്ലെന്ന് അണ്ണമലൈ പറഞ്ഞു.
മൂന്ന് ഭാഷാ ഫോർമുലയിൽ കേന്ദ്രത്തെ വിമർശിച്ച് വിജയ് രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റെ സമീപനം ഫെഡറലിസത്തിന് എതിരെന്ന് ടിവികെ പ്രസിഡന്റ് വിജയ് വിമർശിച്ചു. സംസ്ഥാനത്തിന്റെ ഭാഷ നയത്തിനെ എതിർക്കുന്നതും പ്രതികാരബുദ്ധിയിൽ ഫണ്ട് തരാത്തതും ഫാസിസമെന്നും വിജയ് പറഞ്ഞു. ഫാസിസം ആരിൽ നിന്നുണ്ടായാലും ടിവികെ എതിർക്കുമെന്നും വിജയ് വ്യക്തമാക്കിയിരുന്നു.
Story Highlights : Tamil Nadu BJP state president Annamalai criticised Vijay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here