Advertisement

ട്രംപിൻ്റെ ഭീഷണി, തലവേദനയായി ചൈന: ഇന്ത്യയെ കാത്തിരിക്കുന്നത് രൂക്ഷമായ വിലക്കയറ്റത്തിൻ്റെ കാലമെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

February 18, 2025
2 minutes Read

ഉഭയകക്ഷി വ്യാപാരം സന്തുലിതമാക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉയർത്തിയ താരിഫ് ഭീഷണി ഇന്ത്യയിൽ വിലക്കയറ്റത്തിന് കാരണമാകുമെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. ട്രംപിൻ്റെ ഭീഷണി മൂലം അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ വർധിപ്പിക്കേണ്ടി വരും. ഇന്ത്യയിൽ ഉൽപ്പാദനം വർധിച്ചില്ലെങ്കിൽ ഇത് വലിയ ധനക്കമ്മിയിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലേക്ക് സോഫ്റ്റ്‌വെയർ സേവനം കയറ്റുമതി ചെയ്ത് ചൈനയിൽ നിന്ന് കൺസ്യൂമർ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുകയാണ് രാജ്യം. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തുണ്ടാക്കുന്ന മിച്ചം ചൈനയിൽ നിന്നുള്ള ഇറക്കുമതി മൂലമുണ്ടാകുന്ന കമ്മിയെ മറികടക്കാൻ സഹായിക്കുന്നു. എന്നാൽ ഇനി അമേരിക്കയിൽ നിന്ന് ഐഫോണും, ജിപിയുവും എൽപിജിയും ന്യൂക്ലിയർ പ്ലാൻ്റുകളും യുദ്ധവിമാനങ്ങളും വിസ്കിയും അടക്കം ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച് ഉഭയകക്ഷി കയറ്റുമതിയിൽ ഇരു രാജ്യങ്ങളും തമ്മിലെ അന്തരം കുറയ്ക്കാൻ ഇന്ത്യക്ക് മേലെ സമ്മർദ്ദം ഏറി.

ഇതൊരു പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കാൻ ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ രാജ്യ ശ്രമിക്കണം. അതിന് ആഭ്യന്തര ഉൽപ്പാദനം കൂടുതൽ ശക്തിപ്പെടുത്തണം. ഇതൊരു ഒറ്റ രാത്രി കൊണ്ട് സംഭവിക്കില്ല എന്നതിനാൽ തന്നെ രാജ്യത്ത് വിലക്കയറ്റം ഉയരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ വിശദീകരിച്ചു.

കോവിഡ്-19 മഹാമാരിക്ക് ശേഷം, യുഎസുമായുള്ള ഇന്ത്യയുടെ വ്യാപാര മിച്ചം ഇരട്ടിയായി ഉയർന്നിട്ടുണ്ട്. 2019-20ൽ 17.30 ബില്യൺ ഡോളറായിരുന്നു ഉഭയക്ഷി വ്യാപാരത്തിൽ ഇന്ത്യയുടെ മിച്ചം. ഇത് 2023-24ൽ 35.33 ബില്യൺ ഡോളറായി വളർന്നു. ഇലക്ട്രോണിക്, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലുണ്ടായ വൻ കുതിപ്പാണ് ഇന്ത്യയ്ക്ക് നേട്ടമായത്. രത്നങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ പരമ്പരാഗത കയറ്റുമതികളിൽ കാര്യായ മാറ്റം ഉണ്ടായതുമില്ല.

അതേസമയം, 2024 സാമ്പത്തിക വർഷത്തിൽ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 85.1 ബില്യൺ ഡോളറിലെത്തി. 2019 ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി ചൈനയിൽ നിന്നുള്ള ഇറക്കുമതി കുതിച്ചുയരുന്നതാണ് കോവിഡ് മാഹാമാരിക്ക് ശേഷം കണ്ടത്. കോവിഡിനെ തുടർന്ന് 2020 ൽ 45.91 ബില്യൺ ഡോളറായി താഴ്ന്ന വ്യാപാര കമ്മി, 2021 ൽ 69.56 ബില്യൺ ഡോളറിലേക്കും അവിടെ നിന്ന് 101.28 ബില്യൺ ഡോളറിലേക്ക് ഉയർന്നു. 2023 ലും 2024 ലും 85 ബില്യൺ ഡോളറാണ് ഇന്ത്യാ – ചൈന വ്യാപാര കമ്മി. 2024 മാർച്ചിലെ കണക്ക് പ്രകാരം ഇരു രാജ്യങ്ങളും തമ്മിൽ 118.4 ബില്യൺ ഡോളറിൻ്റെ വ്യാപാരം നടക്കുന്നുണ്ട്. 2024 ഏപ്രിൽ മുതൽ ഒക്ടോബർ വരെ കാലത്ത് ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര കമ്മിയിൽ 9.8 ശതമാനം വളർച്ചയുണ്ടായെന്നാണ് കണക്ക്.

അമേരിക്കയുടെ സമ്മർദ്ദത്തിന് കീഴ്പ്പെടുന്ന ഇന്ത്യയ്ക്ക് അവിടെ നിന്നുള്ള ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് സ്വീകരിക്കുകയല്ലാതെ മറ്റ് വഴികളില്ല. അതേസമയം ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറച്ച് കയറ്റുമതി വർധിപ്പിക്കാനും ആഭ്യന്തര ഉൽപ്പാദനം ഉയർത്താനും കേന്ദ്ര സർക്കാർ കഠിനാധ്വാനം നടത്തേണ്ടി വരും.

Story Highlights: Zoho Founder Sridhar Vembu’s Big Warning As Trump Demands Reciprocal Trade

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top