Advertisement

എബിവിപിയിലൂടെ തുടക്കം; മഹിള മോര്‍ച്ച നേതാവ്; ഡല്‍ഹിയെ നയിക്കാന്‍ രേഖ ഗുപ്ത

February 19, 2025
2 minutes Read
rekha

ആദ്യമായി എംഎല്‍എ ആവുകയാണെങ്കിലും രാഷ്ട്രീയ പരിചയത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി രേഖ ഗുപ്ത. ആം ആദ്മി തലവന്‍ കെജ്‌രിവാളിനെ വീഴ്ത്തിയ പര്‍വേശ് ശര്‍മ, ഡല്‍ഹിയിലെ ബിജെപി ജനറല്‍ സെക്രട്ടറി ആശിഷ് സൂദ്, മുന്‍ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത തുടങ്ങി, പ്രമുഖ നിരയെ പരിഗണിക്കാതെയാണ് ഈ 50 കാരിക്ക് നേതൃത്വം അവസരം നല്‍കിയത്. ‘ പ്രവര്‍ത്തനമാണ് തന്റെ ഐഡന്റിറ്റി’ എന്ന് പ്രചാരണത്തിലുടനീളം ആവര്‍ത്തിച്ച രേഖ ഇനി തലസ്ഥാനത്തിന്റെ ഭരണ ചക്രം തിരിക്കും.

1992ല്‍ എബിവിപിയിലൂടെയാണ് രേഖ രാഷ്ട്രീയ രംഗത്തേക്ക് ചുവട് വച്ചത്. ഡല്‍ഹി സര്‍വകലാശാലയുടെ കളരിയിലാണ് രാഷ്ട്രീയം പയറ്റി തെളിഞ്ഞത്. 1996 – 97 കാലഘട്ടത്തില്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി. 2007ല്‍ മൂന്ന് തവണ മുന്‍സിപ്പല്‍ കൗണ്‍സിലറായും സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയറായും പ്രവര്‍ത്തിച്ചു. നിലവില്‍ ഡല്‍ഹിയില്‍ ബിജെപി മഹിളാ മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയാണ് രേഖ. ഷാലിമാര്‍ ബാഗില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെയും കോണ്‍ഗ്രസിന്റെ പ്രവീണ്‍ കുമാര്‍ ജെയിനിനെയും പിന്തള്ളി 29,000 വോട്ടുകള്‍ക്കാണ് രേഖ ഗുപ്ത വിജയിച്ചത്.

Read Also: ഡല്‍ഹിക്ക് വീണ്ടും വനിത മുഖ്യമന്ത്രി; രേഖ ഗുപ്ത തലസ്ഥാനത്തെ നയിക്കും

ഡല്‍ഹിയുടെ മുഖ്യമന്ത്രി പദത്തിലേക്കെത്തുന്ന നാലാമത്തെ വനിതയാണ് രേഖ. ബിജെപിയുടെ സുഷ്മ സ്വരാജ്, കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത്, ആം ആദ്മി പാര്‍ട്ടിയുടെ അതിഷി എന്നിവരാണ് ഇതിനു മുന്‍പ് രാജ്യ തലസ്ഥാനത്തിന്റെ ഭരണചക്രം തിരിച്ച വനിതകള്‍.

പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്കാണ്. ഡല്‍ഹി രാംലീലാ മൈതാനിയില്‍ വിപുലമായ ചടങ്ങുകള്‍ നടക്കും. സത്യപ്രതിജ്ഞയില്‍ അരവിന്ദ് കെജ്‌രിവാളിനും അതിഷിക്കും ക്ഷണമുണ്ട്. നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, എന്‍ഡിഎ ദേശീയനേതാക്കള്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

Story Highlights : Who is Rekha Gupta ? Delhi’s next chief minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top