‘ഒരു രൂപ പോലും ശമ്പളം ലഭിച്ചില്ല; അനുകൂല നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മകള്‍ ഈ കടുംകൈ ചെയ്യില്ലായിരുന്നു’ ; അധ്യാപികയുടെ മരണത്തില്‍ കുടുംബം

കോഴിക്കോട് കോടഞ്ചേരിയിലെ അധ്യാപികയുടെ ആത്മഹത്യയ്ക്ക് കാരണം അഞ്ചുവര്‍ഷമായി ശമ്പളം ലഭിക്കാത്തതിനാലെന്ന് പിതാവ് ബെന്നി ട്വന്റിഫോറിനോട്. ബന്ധപ്പെട്ടവര്‍ അനുകൂല നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മകള്‍ ഈ കടുംകൈ ചെയ്യില്ലായിരുന്നുവെന്നും ബെന്നി പറഞ്ഞു. അലീനയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.
കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ അധ്യാപിക കട്ടിപ്പാറ സ്വദേശിനി അലീന ബെന്നിയുടെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് പിതാവ് ബെന്നി ഉന്നയിക്കുന്നത്. നാലുവര്‍ഷം കട്ടിപ്പാറ ഹോളി ഫാമിലി എല്‍പി സ്‌കൂളിലും ഒരു വര്‍ഷം സെന്റ് ജോസഫ് സ്‌കൂളിലും ജോലി ചെയ്തതിന് ഒരു രൂപ പോലും ശമ്പളം ലഭിച്ചിട്ടില്ലെന്നും അതിന്റെ മനോവിഷമത്തിലാണ് അലീന ആത്മഹത്യ ചെയ്തതെന്നും ബെന്നി.
Read Also: അഞ്ച് വര്‍ഷം ജോലി ചെയ്തിട്ടും സ്‌കൂള്‍ ശമ്പളം നല്‍കിയില്ല; മനംനൊന്ത് അധ്യാപിക തൂങ്ങി മരിച്ചു
എന്നാല്‍ മാനേജ്‌മെന്റിന് തെറ്റുപറ്റിയിട്ടില്ല എന്നും സര്‍ക്കാരിന്റെ അലംഭാവമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നുമാണ് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് മലബാര്‍ മേഖലാ കമ്മിറ്റിയുടെ വിശദീകരണം. അലീനയ്ക്ക് നല്‍കിയത് സ്ഥിരം നിയമനം ആണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിശദീകരണം തള്ളിയ ബെന്നി, മാനേജ്‌മെന്റിന്റെ വീഴ്ചയ്ക്ക് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും പുറത്തുവിടുമെന്നും പറഞ്ഞു. സംഭവത്തില്‍ താമരശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അലീനയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചനിലയിലാണ് അലീനയെ കണ്ടെത്തിയത്. അലീന സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്‌കൂളില്‍ പോയി തിരികെ വരാന്‍ പണമില്ലാതിരുന്ന അലീനയ്ക്ക് അധ്യാപകര്‍ 3000 രൂപ കൊടുത്തെന്ന് അലീനയുടെ പിതാവ് പറഞ്ഞു. കര്‍ഷക കുടുംബമായ തങ്ങള്‍ വളരെ കഷ്ടപ്പാടിലാണ് ജീവിച്ചിരുന്നത്. തന്നോട് ഒരിക്കലും പണമില്ലെന്ന് അലീന പറഞ്ഞിരുന്നില്ല. ബുദ്ധിമുട്ടുകള്‍ ഒറ്റയ്ക്ക് സഹിച്ചു. വായ്പയെടുത്ത 13 ലക്ഷം രൂപ നല്‍കിയാണ് അലീന സ്‌കൂളില്‍ ജോലിയ്ക്ക് കയറിയത്. സംഭവത്തില്‍ താമരശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Story Highlights : Aleena Benny’s death: father alleges management not paid salary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here