‘ഗുണഭോക്താക്കളുടെ പൂര്‍ണ ലിസ്റ്റ് പുറത്തുവിടാന്‍ വൈകുന്നു’: സര്‍ക്കാരിനെതിരെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്

സര്‍ക്കാരിനെതിരെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്. ദുരന്തം ഉണ്ടായി ഏഴുമാസമായിട്ടും ഗുണഭോക്താക്കളുടെ പൂര്‍ണ ലിസ്റ്റ് പുറത്തുവിടാന്‍ വൈകുന്നു എന്നാണ് ഇവരുടെ പരാതി. ജനകീയ സമിതിയും പഞ്ചായത്തും ചേര്‍ന്ന് സര്‍ക്കാരിന് ലിസ്റ്റ് സമര്‍പ്പിച്ചതാണ് എന്ന് ചെയര്‍മാന്‍ മനോജ് ജെ എം ജെ ട്വന്റിഫോറിനോട് പറഞ്ഞു. ഇത് പരിശോധിച്ച് ശേഷം അംഗീകരിച്ചാല്‍ മാത്രം മതിയാകുമെന്നാണ് വ്യക്തമാക്കിയത്.
ദുരന്തം നടന്നിട്ട് ഏഴ് മാസത്തോളമായി. പൂര്‍ണമായുള്ള ഗുണഭോക്താക്കളുടെ പട്ടിക പുറത്തിറക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ അടിസ്ഥാനത്തില്‍ കുറേ പേര്‍ക്ക് ആശങ്കയുണ്ട്. തങ്ങള്‍ക്ക് വീടുകള്‍ കിട്ടുമോയെന്ന് ആശങ്കപ്പെടുന്ന ദുരന്തബാധിതരുണ്ട്. തുടക്കത്തില്‍ ഏകദിന ഉപവാസമാണ് ഉദ്ദേശിക്കുന്നത്. അതിനപ്പുറത്തേക്കുള്ള സമരപരിപാടികള്‍ വേണ്ടി വന്നാല്‍ ആസൂത്രണം ചെയ്യും – മനോജ് ജെ എം ജെ വ്യക്തമാക്കി.
വീട് ലഭിക്കുന്ന കാര്യത്തില്‍ പലര്‍ക്കും ആശങ്ക നിലനില്‍ക്കുന്നുണ്ട്. നെടുമ്പാല എസ്റ്റേറ്റിലേതുപോലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലും 10 സെന്റ് ഭൂമിയില്‍ വീട് നിര്‍മ്മിക്കണമെന്ന ജനകീയ സമിതിയുടെ ഈ ആവശ്യം സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. ഇരു എസ്റ്റേറ്റുകളും ഒന്നിച്ച് ഏറ്റെടുത്ത് പുനരധിവാസം വേഗത്തില്‍ ആക്കണം. രണ്ട് ഘട്ടമായി ഏറ്റെടുക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. ആദ്യഘട്ട സമരം എന്ന നിലയില്‍ കലക്ടറേറ്റിനു മുന്നില്‍ തിങ്കളാഴ്ച ദുരന്തബാധിതരുടെ ഉപവാസം നടത്തും – ജനകീയ സമിതി വ്യക്തമാക്കുന്നു.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ-ചൂരല്‍ മല മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനായി 529.5 കോടിയാണ് കേന്ദ്രം വായ്പയായി നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷം തന്നെ ഉപയോഗിക്കണം എന്ന നിബന്ധനയോടെയാണ് വായ്പ അനുവദിച്ചിരുന്നത്.
Story Highlights : People’s Committee of Mundakkai-Chooralmala Landslide Disaster Victims Strike Against Govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here