ഷെയ്ൻ നിഗത്തിന്റെ ‘ഹാൽ’ ഏപ്രിൽ 24ന് റിലീസ് ചെയ്യും

വീരയുടെ സംവിധാനത്തിൽ ഷെയ്ൻ നിഗം നായകനാകുന്ന ‘ഹാൽ’ ഏപ്രിൽ 24 ന് തിയറ്ററുകളിലെത്തും. നിഷാദ് കോയ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ ആണ്.
6 മാസം മുൻപ് റിലീസ് ചെയ്ത ടീസർ യൂട്യൂബിൽ 10 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. മഴയത്ത് ആൾക്കൂട്ടത്തിനു നടുവിൽ കൈകോർത്തു നിൽക്കുന്ന ഷെയ്ൻ നിഗത്തിനെയും പർദ്ദ ധരിച്ച ഒരു പെൺകുട്ടിയെയും പൊലീസുകാർ ബലപ്രയോഗത്തിൽ വേർപിരിച്ച് വാഹനത്തിൽ കയറ്റുന്നതായിരുന്നു ടീസറിലെ ദൃശ്യങ്ങൾ.
പ്രേമലു, അയാം കാതലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആകാശ് ജോസഫ് വർഗീസ് ആണ് ഹാലിന്റെ എഡിറ്റിങ്. ഏജൻറ്, ഗാണ്ടീവ ധാരി അർജുന തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സാക്ഷി വൈദ്യ ആണ് ചിത്രത്തിൽ ഷെയ്ൻ നിഗത്തിന്റെ നായികയാകുന്നത്.
മദ്രാസ്കാരൻ എന്ന തമിഴ് ചിത്രത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഷെയ്ൻ നിഗം ചിത്രം ആണ് ഹാൽ. ജെ.വി.ജെ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഹാൽ മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ കൂടി റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുന്ന പോസ്റ്റർ പുറത്തുവിട്ടത് ടൊവിനോ തോമസ് ആണ്.
Story Highlights :Shane nigam’s ‘haal’ will release on april 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here