Advertisement

‌കൗമാരക്കാർ അസ്വസ്ഥരാണ്, സിനിമാക്കാർ വരെ സിനിമയിലെ വയലൻസിനെതിരെ സംസാരിക്കാൻ നിർബന്ധിതരാകുന്നു

March 1, 2025
1 minute Read
poster

പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ രാജന്‍ ഗുരുക്കള്‍ ഒരു ലേഖനത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ”ഇപ്പോള്‍ കുട്ടികളും മുതിര്‍ന്നവരും ഇല്ല. നമ്മള്‍ കുട്ടികളായി കാണുന്നവരില്‍ ഏറെപ്പേരും മുതിര്‍ന്നവരേപ്പോലെ പെരുമാറുകയും ചിന്തിക്കുകയും ചെയ്യുന്നവരാണ്. കുട്ടികള്‍ എന്നാല്‍ വലിയവരുടെ സ്റ്റഫ് ചെയ്ത രൂപമാണ് എന്ന് ചുരുക്കം”.

ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പാണ് രാജന്‍ ഗുരുക്കള്‍ ഇതെഴുതിയത്. അന്നൊന്നും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇത്രയേറെ വൈലന്‍സ് കണ്ടുതുടങ്ങിയിരുന്നില്ല. സ്‌കൂളുകളിലും കോളജുകളിലും ചില വിദ്യാര്‍ത്ഥി സംഘട്ടനങ്ങളും മറ്റും നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതും ഗ്യാങ് വാറുകളും ഒക്കെ സാധാരണമായിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരിക്കുന്നു. വലിയ ഗുണ്ടാ സംഘങ്ങളൊക്കെ തമ്മിലുണ്ടാവുന്നതരത്തിലുള്ള സംഘടിത അക്രമണമാണ് കുട്ടികള്‍ തമ്മില്‍ നടന്നത് എന്നത് ഏറെ ഗൗരവതരമാണ്. മാരകായുധങ്ങളുമായി കുട്ടികള്‍ സ്‌കൂളില്‍ വരുന്നു. പതിനഞ്ചും പതിനാറും വയസുള്ള കുട്ടികളാണ് ഈ അക്രമം നടത്തിയതും ഒരു വിദ്യാര്‍ത്ഥിയുടെ തലതല്ലിതകര്‍ത്തതും, അവന്‍ മരണത്തിന് കീഴടങ്ങിയ വാര്‍ത്ത പുറത്തുവന്നതോടെ കേരളത്തിലെ രക്ഷിതാക്കള്‍ ഏറെ പരിഭ്രാന്തിയിലാണ്.

സ്വന്തം മക്കളെ പുറത്തുവിടാന്‍ ഭയപ്പെടുന്ന സാമൂഹ്യാവസ്ഥയാണിപ്പോള്‍ കേരളത്തിലുടലെടുത്തിരിക്കുന്നത്. എങ്ങിനെയാണ് കുട്ടികള്‍ ഇത്രയേറെ ക്രൂരന്മാരായി മാറിയത്. കുട്ടികള്‍ ഇത്രയേറെ അപകടകരമായ അവസ്ഥയിലേക്ക് മാറിയതിനുകാരണം സമൂഹവുമല്ലേ ?

Read Also: ‘ഷഹബാസിനെ വീടിന് തൊട്ടടുത്തുള്ള സ്ഥലത്ത് കൂട്ടുകാർ ഇറക്കി വിടുകയായിരുന്നു’, അക്രമികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്; അമ്മാവൻ

വിദ്യാർത്ഥികൾ പരസ്പരം തെരുവില്‍ ഏറ്റുമുട്ടുന്നു, കൊലവിളി നടത്തുന്നു, ഒടുവില്‍ മാരകമായി പരുക്കേറ്റ വിദ്യാര്‍ത്ഥി കൊല്ലപ്പെ’ടുന്നു. എന്താണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മലയാള സിനിമയിലെ വയലന്‍സ് വിദ്യാര്‍ത്ഥികളേയും സമൂഹത്തെയും സ്വാധീനിക്കുന്നുവോ ?

കേരളത്തില്‍ ഈയ്യിടെയായി അതിക്രൂരമായ കൊലപാതകങ്ങളും അക്രമസംഭവങ്ങളുമാണ് അരങ്ങേറുന്നത്. മിക്ക അക്രമസംഭവങ്ങളിലും പ്രതിസ്ഥാനത്ത് വിദ്യാര്‍ത്ഥികളും യുവാക്കളുമാണ്. എന്താണ് ഇത്തരത്തിലുള്ള അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍. അക്രമങ്ങള്‍ വര്‍ധിക്കുന്നതിനുപിന്നിലെ സ്വാധീന ശക്തി സിനിമയാണോ ? സിനിമയുടെ സ്വാധീനം യുവാക്കള്‍ക്കിടിയില്‍ അക്രമവാസനയ്ക്ക് വഴിവെക്കുന്നുവോ സിനിമയിലെ വയലന്‍സ്

ഈയടുത്ത കാലത്ത് മലയാളത്തില്‍ ഏറെ ഹിറ്റായ ചിത്രങ്ങളില്‍ ഏറെയും വയലന്‍സിന് പ്രധാന്യം നല്‍കിയ ചിത്രങ്ങളായിരുന്നു. ഈ ചിത്രങ്ങളിലെ വയലന്‍സ് എല്ലാ സീമകളും ലംഘിച്ചതായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം.

സിനിമാ പ്രവര്‍ത്തകര്‍ പോലും സിനിമയിലെ അമിതമായ വയലന്‍സിനെതിരെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കയാണ്. വയലന്‍സ് രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ശ്രദ്ധയോടെ വേണെന്നാണ് സംവിധായകന്‍ ആഷിക് അബു അഭിപ്രായപ്പെട്ടത്. സമൂഹത്തിന്റെ പരിച്ഛേദമാണ് സിനിമയെന്ന് അഭിപ്രായമുള്ളവരും ഉണ്ട്. സിനിമയിലെ വയന്‍സ് രംഗങ്ങള്‍ മറ്റെല്ലാമെന്നപോലെ സമൂഹത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സിനിമാ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

നേരിനുനേരെ പിടിച്ച കണ്ണാടിയെന്നാണ് സിനിമയുടെ നിര്‍വചനം. സമൂഹത്തില്‍ ചില കാര്യങ്ങള്‍ നടക്കുന്നു, അത് സിനിമയിലും എടുത്തു ചേര്‍ക്കുന്നു എന്നാണ് ചിലസിനിമാ പ്രവര്‍ത്തകരുടെ ന്യായീകരണം. എന്നാല്‍ സിനിമയിലെ വയലന്‍സും ലൈംഗികതയും മദ്യപാനവുമൊക്കെ നിയന്ത്രിക്കാന്‍ എന്തുകൊണ്ടാണ് സെന്‍സര്‍ ബോര്‍ഡിന് കഴിയാതെ പോവുന്നതെന്ന മറുചോദ്യവുമുണ്ട്. മൃഗങ്ങളുടേയും പക്ഷികളുടേയും കാര്യത്തില്‍ ഉണ്ടാവുന്ന അത്രയും ജാഗ്രത, മയക്കുമരുന്നിന്റേയും വയലന്‍സിന്റേയും വിഷയത്തില്‍ ഉണ്ടാവുന്നില്ല എന്ന് ആരോപിക്കുന്നവരുമുണ്ട്.വയലന്‍സിന് ഏറെ പ്രധാന്യമുള്ള ചില ഹിറ്റ് സിനിമകള്‍ എന്തുകൊണ്ട് യുവാക്കളെ ആകര്‍ഷിച്ചുവെന്ന് വിശദമായി പഠിക്കേണ്ടിയിരിക്കുന്നു.

കോളജില്‍ പഠിക്കാനായി എത്തുന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍. അവര്‍ സ്ഥലത്തെ ഒരു ഗുണ്ടയ്‌ക്കൊപ്പം ചേരുന്നു. ഏറെ വൈകാതെ അവര്‍ ആ ഗുണ്ടാ സംഘത്തിന്റെ പ്രിയപ്പെട്ടവരാകുന്നു. അവര്‍ കോളജിലെ ശത്രുപക്ഷത്തെ ഗുണ്ടകളെ വച്ച് അമര്‍ച്ച ചെയ്യുന്നു. ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് ഈ ചിത്രത്തില്‍. കഴിഞ്ഞവര്‍ഷം യുവാക്കള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകൂടിയായിരുന്നു. യുവാക്കള്‍ പിന്നീട് പ്രയോഗത്തിലാക്കിയൊരു വിളിയും ചില പ്രയോഗങ്ങളും ഈ സിനിമയിലുണ്ട്. ഗ്യാംങ് വാറുകളും മറ്റും ചേര്‍ന്ന യുദ്ധസമാനമായൊരു ചിത്രം.

കോമഡിയും ഹൊററും ഫാമിലിയുമൊന്നുമല്ല ഹിറ്റായി മാറുന്നത്. നല്ല കിടിലന്‍ വയലന്‍സ് ചിത്രങ്ങളാണ്. നമ്മുടെ യുവാക്കളുടെ മാറിയ സിനിമാഭിരുചിയാണോ ഇത്, അതോ മാറിയ കാഴ്ചപ്പാടോ… എന്തായാലും സിനിമയിലെ വയലന്‍സ് സമൂഹത്തിലും നടമാടുന്നു. സ്വന്തം അച്ഛനേയും അമ്മയേയും സഹോരങ്ങളേയും അയല്‍ക്കാരേയുമൊക്കെ കൊല്ലാന്‍ ഒരുമടിയുമില്ലാത്തവര്‍. ആരേയും അതിക്രൂരമായി ഇല്ലാതാക്കാന്‍ ഒരു മടിയുമില്ലാത്തൊരു തലമുറയായി നമ്മുടെ യുവാക്കളില്‍ ചിലര്‍ മാറുകയാണോ ? ഞെട്ടിക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ അനുദിനമുണ്ടാകുന്നത്.

യുവാക്കള്‍ക്കിടയില്‍ ഗ്യാങ് വാറുകള്‍ പതിവായി മാറുന്നു. വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പരസ്പരം ആക്രമണം നടത്തുന്നു. സഹപാഠിയെ അതിക്രൂരമായി സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുന്നു. ഇതെല്ലാം സിനിമകളുടെ സ്വാധീനത്താലാണെന്നാണ് ഉയരുന്ന ആരോപണം.

കഴിഞ്ഞ ദിവസം മുന്‍ ആഭ്യന്തരമന്ത്രികൂടിയായ രമേശ് ചെന്നിത്തല സിനിമയിലെ വയലന്‍സിനെക്കുറിച്ച് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

വൈദേശിക സിനിമകളുടെ മാതൃകയിലാണ് ചില മലയാള ചിത്രങ്ങള്‍ രൂപം കൊള്ളുന്നത്. ഇത്തരം ചിത്രങ്ങള്‍ ബോക്ലോഫീസില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കും, നിര്‍മാതാവിന് വന്‍ലാഭവും ഉണ്ടാക്കും. എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ സമൂഹത്തിന് ഉണ്ടാക്കുന്ന അകപടം ആരും ചിന്തിക്കാറുമില്ല, സമൂഹം ചര്‍ച്ച ചെയ്തതുമില്ല. ഒരു സംഭവം സമൂഹത്തെ ആകമാനം ബാധിക്കുമ്പോള്‍ മാത്രമാണ് ബന്ധപ്പെട്ടവർ
അഭിപ്രായങ്ങള്‍ പറയാന്‍പോലും തയ്യാറാവുന്നത്.

കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലയോടെയാണ് സിനിമയിലെ വയലന്‍സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സമൂഹം തയ്യാറായത്. കേവലം 23 വയസുമാത്രം പ്രായമായ ഒരു യുവാവ് നടത്തിയ അതിക്രൂരമായ കൊലപാതകപരമ്പരയില്‍ പൊലിഞ്ഞത് അഞ്ചു ജീവിതങ്ങളായിരുന്നു. ഇത്രയും ക്രൂരമായൊരു മാനസിക ഘടന എങ്ങിനെയാണ് യുവാക്കളില്‍ വളര്‍ന്നുവരുന്നത്.

സിനിമ ഏറ്റവും സ്വാധീനമുള്ള മാധ്യമമാണ്. അതിനാലാണ് ഫാഷനും ട്രന്റും മറ്റും സെറ്റുചെയ്യാന്‍ സിനിമയ്ക്ക് വളരെ പെട്ടെന്ന് സാധിക്കുന്നത്. എല്ലാ പ്രായക്കാരേയും സിനിമ ചിലപ്പോള്‍ സ്വാധിനിച്ചേക്കാം. എന്നാല്‍ സിനിമയെ ഒരു കലയായി മാത്രം കണ്ടാല്‍ ഇത്തരം പകര്‍ത്തലുകള്‍ ഉണ്ടാവില്ല. ജീവിതത്തിലേക്ക് പകര്‍ത്തേണ്ടതൊന്നുമല്ല സിനിമയെന്നും അത് വിനോദം മാത്രമാണെന്നും തിരിച്ചറിയാത്തൊരു സമൂഹം കൂടി സിനിമ കാണുന്നുണ്ട് എന്ന് മനസിലാക്കേണ്ടതുണ്ട്.

പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം എന്ന് സിനിമയില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ വയലന്‍സിന് യു / എ സര്‍ട്ടിഫിക്കറ്റ് നല്‍കി അധികൃതര്‍ കൈയൊഴിയുകയാണ് പതിവ്.

കലാലയങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നു വ്യാപകമാണെന്നാണ് പരക്കേയുള്ള ആരോപണം. ഇപ്പോഴിതാ സ്‌കൂളുകളില്‍ പോലും മയക്കുമരുന്ന് സംഘങ്ങള്‍ ആധിപത്യം സ്ഥാപിക്കുന്ന ഗുരുതരമായ അവസ്ഥയാണുള്ളത്.

2024 ല്‍ 391 പേര്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേരും വിദ്യാര്‍ത്ഥികളാണ്. മയക്കുമരുന്നിന്റെ പിടിയില്‍ അകപ്പെട്ടവരാണ് ആത്മഹത്യ ചെയ്തവരില്‍ 90 ശതമാനവും. പ്രായപൂര്‍ത്തിയാവാത്തവരും ഇതില്‍ പെടും.

മയക്കുമരുന്ന് വ്യാപനവും അതിക്രൂരമായ വയലന്‍സും സമൂഹത്തിന് വലിയ ബാധ്യതയായി മാറിയിരിക്കയാണ്. മയക്കുമരുന്നിന്റെ സ്വാധീനമാണ് മിക്ക ആക്രമസംഭവങ്ങളുടേയും മൂലക്കാരണം.

സ്‌കൂളിലും കോളജിലും വ്യാപകമായി മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിരിക്കുന്നു. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സംസ്ഥാനത്ത് ഒരു നിത്യ സംഭവമായി മാറിയിരിക്കുന്നു. എന്തും സംഭവിക്കാവുന്ന അവസ്ഥയാണെന്നാണ് കേരളത്തിലെ കലാലയങ്ങള്‍. ഇത്തരം സംഭവങ്ങളില്‍ അധ്യാപകര്‍ നിസ്സഹായരായി മാറുന്നു. ആര്‍ക്കും കുട്ടികളെ നിയന്ത്രിക്കാന്‍ പറ്റാത്ത നിലയിലേക്ക് കൗമാരക്കാര്‍ മാറിയിരിക്കുന്നു.

നമ്മുടെ കുട്ടികള്‍ എങ്ങിനെയാണ് ഇത്രയും ക്രൂരമായി മാറുന്നത് ? തമ്മില്‍ പോരാടുന്ന വിദ്യാര്‍ത്ഥികളെല്ലാം മയക്കുമരുന്നിന് അടിമകളാണെന്ന പൊതു ധാരണയല്ല. സ്‌കൂള്‍, കോളജ് തലത്തിലുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വന്‍ മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായാണ് പൊലീസ് പോലും പറയുന്നത്. എറണാകുളത്തെ ഒരു പ്രമുഖ സ്‌കൂളില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് മയക്കുമരുന്ന് വില്‍പന നടത്തുന്നത്.

കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന മയക്കുമരുന്ന് കേസില്‍ 90 ശതമാനവും വിദ്യാര്‍ത്ഥികളാണെന്നത് ആരെയും ഭയപ്പെടുത്തുന്ന കണക്കുകളാണ്. കഞ്ചാവില്‍ തുടങ്ങി പിന്നീട് മാരകമായ മയക്കുമരുന്നിന്റെ പിടിയിലേക്ക് വിദ്യാര്‍ത്ഥികള്‍ മാറുന്നു. പിന്നീട് പണത്തിനുവേണ്ടി എന്തും ചെയ്യാവുന്ന രീതിയിലേക്ക് കുട്ടികള്‍ മാറുന്നു.

എന്തുകൊണ്ടാണ് സ്വന്തം അച്ഛനമ്മമാരെപ്പോലും കൊലപ്പെടുത്തുന്ന രീതിയിലേക്ക് യുവാക്കളുടെ മനസ് മലിനമാക്കപ്പെടുന്നത്. യുവാക്കള്‍ക്കള്‍ക്കിടയിലെ മയക്കുമരുന്ന് വ്യാപനം സമൂത്തെ തകര്‍ക്കുന്ന തരത്തിലാണ്.

സിനിമ മാത്രമാണോ പുതുതലമുറയെ മാറ്റിമറിച്ചത് ? മയക്കുമരുന്നിന്റെയും മദ്യത്തിന്റേയും ഉപയോഗവും മറ്റും എങ്ങിനെയാണ് ഇത്രയേറെ വര്‍ധിച്ചത്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഗ്യാംങ്‌വാറുകള്‍ സ്ഥിരം സംഭവമായതും കുട്ടികള്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാവുന്നതും എങ്ങിനെ നിയന്ത്രിക്കും. എവിടെ നിന്നാണ് തിരുത്തല്‍ ആരംഭിക്കേണ്ടത്.

യുവാക്കള്‍ക്കിടയിലെ മയക്കുമരുന്ന് വ്യാപനത്തേയും വയലന്‍സിനേയും ചെറുക്കാന്‍ അടിയന്തിരമായൊരു ഇടപെടല്‍ ഉണ്ടായേ തീരൂ… ഈ സമൂഹം നശിച്ചുപോകാതിരിക്കാന്‍ … ഒപ്പം മലയാള സിനിമയുടെ നിലനില്‍പ്പിനും തിരിച്ചറിവുകള്‍ അനിവാര്യമാണ്.

Story Highlights : Students violence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top