രഞ്ജിയിലെ കേരളത്തിൻ്റെ കുതിപ്പ്: ക്രെഡിറ്റ് ഭാരവാഹികള്‍ പങ്കുവയ്ക്കട്ടെ

ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ പിന്‍ബലത്തില്‍ ക്വാര്‍ട്ടറും സെമിയും കടന്ന കേരളത്തിന് രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്ക്ക് ലീഡ് വഴങ്ങേണ്ടിവന്നു. ഫലം, മൂന്നാമതൊരിക്കല്‍ക്കൂടി വിദര്‍ഭ രഞ്ജി ട്രോഫി നേടി. ചരിത്രത്തിലാദ്യമായി ഫൈനലില്‍ കളിച്ചത് കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനനേട്ടം. ജയിച്ചിരുന്നെങ്കിൽ 1973 ലെ പ്രഥമ സന്തോഷ് ട്രോഫി ഫുട്ബോൾ വിജയം പോലെ അത് മാറിയേനെ. ദേശീയ റണ്ണേഴ്സ് അപ്പ് ആയ കേരളത്തിൻ്റെ താരങ്ങളെ ചാംപ്യൻമാരെപോലെ നാട് സ്വീകരിക്കുന്നതിൻ്റെ കാരണം അവസാന ഘട്ടം വരെ സച്ചിൻ ബേബിയുടെ ടീം കാഴ്ചവെച്ച പോരാട്ടം നാട്ടിലെ ക്രിക്കറ്റ് പ്രേമികൾ എത്ര ആവേശത്തോടെ ഉൾക്കൊണ്ടു എന്നതു തന്നെയാണ്. നമുക്കവരെ ചാംപ്യൻമാർക്കു തുല്യമായി കാണാം.
പക്ഷേ, ഈ നേട്ടം ഒന്നോ രണ്ടോ വര്‍ഷം കൊണ്ടു കൈവന്നതല്ല എന്ന് ഓർക്കണം. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ഇപ്പോഴത്തെ ഭാരവാഹികള്‍ക്ക് അവകാശപ്പെടാനുമാകില്ല. കാരണം ഇതൊരു തുടര്‍ക്കഥയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് തുടക്കമിട്ട പദ്ധതികളുടെ വിജയം. അത് നന്നായി മുന്നോട്ടു കൊണ്ടുപോയി എന്ന് ഇപ്പോഴത്തെ ഭരണ സമിതിക്ക് അഭിമാനിക്കാം. 1996-97ല്‍ നടാടെ ദക്ഷിണ മേഖലാ ചാമ്പ്യന്‍മാരായ കേരളം 2018 ല്‍ ആദ്യമായി ക്വാര്‍ട്ടറിലും 2019ല്‍ സെമിയിലും കളിച്ചു.
എസ്. കരുണാകരന്‍ നായര്‍ നേതൃത്വം നൽകിയ കാലത്താണ് (അദ്ദേഹം ബി.സി.സി.ഐ. ഭാരവാഹി ആയിരുന്ന കാലവും കൂട്ടാം) ടിനു യോഹന്നാനും എസ്. ശ്രീശാന്തും ടെസ്റ്റ് ക്യാപ് അണിഞ്ഞത്. എസ്.കെ.യ്‌ക്കൊപ്പം 1997-ല്‍ കെ.സി.എ.യുടെ ട്രഷറർ ആയ ടി.സി.മാത്യു 2005-13 കാലഘട്ടത്തിൽ സെക്രട്ടറിയും 2013-17 ല്‍ പ്രസിഡന്റുമായി. 2010 ല്‍ ആണ് രഞ്ജി ട്രോഫി ലക്ഷ്യിട്ട് മിഷന്‍ 2020 എന്ന പേപ്പര്‍ മാത്യുവിൻ്റെ നേതൃത്വത്തിൽ അവതരിപ്പിച്ചത്. അതിനും മുമ്പേ 2007ല്‍ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയിരുന്നു. ജില്ലകള്‍ തോറും സ്‌റ്റേഡിയവും ടര്‍ഫ് വിക്കറ്റുകളും ഒന്നൊന്നായി നിര്‍മ്മിച്ചു. വയനാട്ടിലെ കൃഷ്ണഗിരിയും ഇടുക്കിയിലെ തൊടുപുഴയുമൊക്കെ താരങ്ങളുടെ ഇഷ്ടവേദികളായി. 2005-06 ല്‍ പാലക്കാട് കോട്ട മൈതാനത്ത് കരാര്‍ അടിസ്ഥാനത്തില്‍ തുടക്കമിട്ട അടിസ്ഥാന സൗകര്യവികസനമാണ് പൂര്‍ണ്ണമായും കെ.സി.എ.യുടെ നിയന്ത്രണത്തിലുള്ള വേദികളുടെ നിർമാണ പ്രവർത്തനങ്ങളായി പിന്നീട് മാറിയത്.
2009- 10 ല്‍ തുടക്കമിട്ട ക്രിക്കറ്റ് അക്കാദമി ആന്‍ഡ് സ്‌പോര്‍ട്സ് ഹോസ്റ്റല്‍ അഥവാ കാഷ്(CASH) എന്ന പദ്ധതിയാണ് വിപ്ലവം സൃഷ്ടിച്ചത്. തുടര്‍ന്ന് ക്രിക്കറ്റ് അറ്റ് സ്‌ക്കൂള്‍ തുടങ്ങി. നൂറു കണക്കിനു സ്‌ക്കൂളുകളില്‍ വി ക്കറ്റ് നിര്‍മ്മിച്ചു. കിറ്റുകള്‍ വിതരണം ചെയ്തു. സ്‌ക്കൂളുകളുമായി ബന്ധപ്പെട്ട് 14 അക്കാദമികള്‍ തുടങ്ങി. ഇതില്‍ മികവു കാട്ടിയവരെ ഏതാനും മേഖലകളിലാക്കി പ്ലസ്ടു സ്‌ക്കൂളുകളില്‍ ചേര്‍ത്തു. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി കളമശ്ശേരി സെന്റ് പോള്‍സ്, തേവര എസ്.എച്ച്. ,തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് തുടങ്ങിയിടങ്ങളില്‍ ഹോസ്റ്റലുകള്‍ ആരംഭിച്ചു. മികച്ച സൗകര്യങ്ങളാണു കുട്ടികള്‍ക്ക് ലഭിച്ചത്.
തൊടുപുഴയിലും വയനാട്ടിലുമൊക്കെ തുടങ്ങിയ വനിതാ ക്രിക്കറ്റ് അക്കാദമികളും വന്‍ വിജയമായി. ഇതിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ വനിതാ ടീമില്‍ മലയാളി താരങ്ങള്‍ സ്ഥിരം സാന്നിധ്യമമായി. പുരുഷവിഭാഗത്തില്‍ സഞ്ജു സാംസനൊരു പിന്‍ഗാമി താമസിയാതെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. ടി. സി. മാത്യുവിനെ തുടര്‍ന്ന് ഏതാനും മാസം റോങ്കിലിന്‍ ജോണ്‍ കെ.സി.എ. പ്രസിഡന്റായി. അടുത്തത് ജയേഷ് ജോര്‍ജിന്റെ ഊഴമായി. വിനോദ് എസ്. കുമാര്‍ ആണ് സെക്രട്ടറി. ഇവരുടെ സംഭാവന ആരും കുറച്ചു കാണില്ല. പക്ഷേ, ഇപ്പോള്‍ ദേശീയ തലത്തില്‍ കേരളം നടത്തിയ കുതിപ്പിന് അടിത്തറയിട്ടത് ടി.സി.മാത്യുവും കൂട്ടരുമാണെന്നത് യാഥാര്‍ത്ഥ്യമാണ്.
സാധാരണ ഭരണമാറ്റം ഉണ്ടാകുമ്പോള്‍ നിലവിലെ പദ്ധതികള്‍ മാറ്റി പുതിയതു കൊണ്ടുവന്നെന്നിരിക്കും. ജയേഷ് ജോര്‍ജ് അതു ചെയ്തില്ല. പകരം നിലവിലെ പദ്ധതികള്‍ കുറ്റമറ്റ രീതിയില്‍ തന്നെ മുന്നോട്ടുകൊണ്ടുപോയി. അപ്പോള്‍ കേരളത്തിന്റെ കുതിപ്പില്‍ മുന്‍ ഭാരവാഹികള്‍ക്കും നിലവിലെ ഭാരവാഹികള്‍ക്കും ഒരുപോലെ അഭിമാനിക്കാം. ഇക്കാര്യത്തിൽ മൂപ്പിളപ്പ് തർക്കമോ അമിത അവകാശവാദമോ ആരും ഉന്നയിക്കാതിരിക്കുക. അടുത്ത സീസണിൽ രഞ്ജി ട്രോഫി നേടാൻ കേരളത്തിൻ്റെ താരങ്ങളെ പര്യാപ്തമാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുക.
Story Highlights : kca’s role in kerala team’s renji trophy performance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here