‘നാട്ടില്‍ ഇറങ്ങുന്നത് കടുവയാണെങ്കിലും ആന ആണെങ്കിലും വെടിവെച്ച് കൊല്ലും’; ചക്കിട്ടപ്പാറ പഞ്ചായത്ത്

നാട്ടില്‍ ഇറങ്ങുന്നത് കടുവയാണെങ്കിലും ആന ആണെങ്കിലും വെടിവെച്ച് കൊല്ലുമെന്ന് കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത്. 20 പേരടങ്ങുന്ന എംപാനല്‍ ഷൂട്ടര്‍മാരെ നിയോഗിക്കാന്‍ ഭരണസമിതി തീരുമാനിച്ചു. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം എന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍കുമാറിന്റെ വിശദീകരണം.
ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം അനുസരിച്ച് പത്തു വാര്‍ഡുകള്‍ വനത്താല്‍ ചുറ്റപ്പെട്ടതാണ്. വന്യജീവി ആക്രമണങ്ങളാല്‍ ജനം പൊറുതിമുട്ടിയിരിക്കുന്നു. ജീവനും സ്വത്തിനും ഭീഷണിയായി ഇത് തുടരുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് കടുത്ത തീരുമാനത്തിലേക്ക് കടന്നത്. നാട്ടിലിറങ്ങുന്നത് ആന ആയാലും പുലി ആയാലും കടുവ ആയാലും വെടിവെച്ചു കൊല്ലാനാണ് ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗം തീരുമാനിച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ 15 മെമ്പര്‍മാരും തീരുമാനം അംഗീകരിക്കുകയായിരുന്നു. എന്ത് സംഭവിച്ചാലും പ്രത്യാഘാതം നേരിടാന്‍ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍കുമാര്‍ പറയുന്നു.
നിലവിലുള്ള നിയമം അനുസരിച്ച് കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനാണ് അനുമതി ഉള്ളത്. ചട്ട വിരുദ്ധമാണ് തീരുമാനമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.
Story Highlights : Chakkittappara Panchayat take action against wild animal attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here