ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി നീട്ടി നൽകാൻ സർക്കാർ നീക്കം

ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെയും അംഗങ്ങളുടെയും കാലാവധി 4 വർഷമാക്കി പുനർനിർണ്ണയിക്കാനാണ് സർക്കാർ നീക്കം. സമാനാവശ്യവുമായി നേരത്തെ ദേവസ്വം ബോർഡ് സർക്കാരിന് കത്ത് നൽകിയിരുന്നു. വിഷയം സർക്കാർ പരിഗണനയിലാണെന്ന് നിയമസഭ രേഖകൾ. ട്വന്റിഫോർ എക്സ്‌ക്ലൂസീവ്.
സംസ്ഥാനത്തെ 1254 ക്ഷേത്രങ്ങളുടെ ഭരണാധികാരം കൈയ്യാളുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിനെ നയിക്കുന്നത് പ്രസിഡന്റ് ഉൾപ്പെടെ നാല് പേരടങ്ങുന്ന ഭരണസമിതിയാണ്. രണ്ട് വർഷമാണ് ഭരണസമിതിയുടെ കാലയളവ്. നിലവിൽ അധ്യക്ഷൻ ആയിട്ടുള്ള പി എസ് പ്രശാന്ത് നേതൃത്വം നൽകുന്ന ഭരണസമിതിക്ക് ഈ വർഷം നവംബർ വരെ കാലാവധിയുണ്ട്. ഇത് നീട്ടി നിൽക്കണം എന്ന് ആവശ്യപ്പെട്ട് ദേവസ്വം സർക്കാരിനെ കത്ത് നൽകിയിരുന്നു. അതുകൂടി പരിഗണിച്ചാണ് സർക്കാരിന്റെ നീക്കം.
Read Also: പ്രായപരിധി സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം; പ്രകാശ് കാരാട്ട്
അംഗങ്ങളുടെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നത് പരിശോധിച്ച് വരികയാണെന്ന് സര്‍ക്കാര്‍ നിയമസഭയിൽ ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കി.2007ൽ ജി സുധാകരന്റെ കാലത്താണ് ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി 4ൽ നിന്നും 2 വർഷമാക്കി കുറയ്ക്കുന്നത്. 2014ൽ ഉമ്മൻചാണ്ടി സർക്കാർ അത് മൂന്ന് വർഷമാക്കി. 2017ൽ ബോർഡ് പ്രസിഡന്റായിരുന്ന കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണനുമായുള്ള ഉരസലിനെത്തുടർന്ന് കാലാവധി ഇടത് സർക്കാർ മൂന്നിൽ നിന്നും 2 വർഷമായി പിന്നെയും കുറച്ചു. 2017 നവംബർ 14ന് പ്രത്യേക ഓർഡിനൻസ് ഇറക്കിയായിരുന്നു നടപടി. ബോർഡ് രണ്ട് വർഷം പൂർത്തിയാക്കുന്നതിന്റെ തലേ ദിവസം ഓർഡിനൻസ് കൊണ്ടുവന്നതോടെ, പ്രയാർ ഗോപാലകൃഷ്ണൻ അംഗമായിരുന്ന അജയ് തറയിലിനും തൊട്ടടുത്ത ദിവസം തന്നെ സ്ഥാനമൊഴിയേണ്ടി വന്നു. ആദ്യമായി അംഗങ്ങളുടെ കാലാവധി കുറച്ച ഇടത് സർക്കാർ തന്നെയാണ് ഇപ്പോൾ വർധിപ്പിക്കുന്നതിനുള്ള നീക്കവും നടത്തുന്നത്.
Story Highlights : Government moves to extend the term of Devaswom Board members
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here