സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി ട്രംപിന്റെ പേരും നിര്‍ദേശിക്കപ്പെട്ടതായി റിപ്പോര്‍ട്ട്; പിന്നാലെ വ്യാപക ചര്‍ച്ച

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരും നിര്‍ദേശിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. 338 നാമനിര്‍ദ്ദേശങ്ങളില്‍ 244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടുന്നുവെന്ന് നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഈ പട്ടികയില്‍ ട്രംപിന്റെ പേരുള്ളതായി ഏജന്‍സ് ഫ്രാന്‍സ് പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. (Donald Trump Likely Among Over 300 Nobel Peace Nominees)
കഴിഞ്ഞ വര്‍ഷം 286 നാമനിര്‍ദേശങ്ങളാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി ഉണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ നൊബേല്‍ സമ്മാനത്തിനായി നിര്‍ദേശിക്കപ്പെട്ട 2016ല്‍ 376 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരുന്നത്. സമാധാന പുരസ്‌കാരത്തിനായി താന്‍ ട്രംപിന്റെ പേര് നിര്‍ദേശിക്കുമെന്ന് കഴിഞ്ഞ ദിവസം യുഎസ് കോണ്‍ഗ്രസ് അംഗം ഡാരെല്‍ ഇസ്സ എക്‌സില്‍ പോസ്റ്റ് ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരത്തിന് ട്രംപിനേക്കാള്‍ അര്‍ഹനായി ലോകത്ത് മറ്റാരുമില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നു. എങ്കിലും വിവാദങ്ങളില്‍ പ്രതികരിക്കാനോ നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പേരുകളെക്കുറിച്ച് സൂചന പോലും നല്‍കാനോ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറായിട്ടില്ല.
മുന്‍ വര്‍ഷങ്ങളിലും ട്രംപ് നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തവണ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ട്രംപിന് നൊബേല്‍ നല്‍കണമെന്നുള്ള ആവശ്യം ശക്തമാകുന്നത് ശ്രദ്ധേയമാണ്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയുമായി ട്രംപ് നടത്തിയ ചര്‍ച്ചകളും ഗസ്സയെ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനവും യുഎസ് വിദേശനയത്തില്‍ മാറ്റങ്ങള്‍ വരുത്തി യൂറോപ്യന്‍ സഖ്യകക്ഷികളെ പ്രകോപിപ്പിച്ചതുമെല്ലാം ഉയര്‍ത്തിക്കാട്ടി ട്രംപ്- നൊബേല്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ കത്തിപ്പടരുകയാണ്.
Story Highlights : Donald Trump Likely Among Over 300 Nobel Peace Nominees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here