മാമാങ്കത്തിന്റെ 100 കോടി പോസ്റ്ററും കേക്ക് മുറിയും അബദ്ധം ; വേണു കുന്നപ്പിള്ളി

എം. പദ്മകുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി ചരിത്ര വേഷത്തിൽ അഭിനയിച്ച ‘മാമാങ്കം’ 100 കോടി ക്ലബ്ബിൽ കയറിയിട്ടില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാമാങ്കം 135 കോടി രൂപ കളക്റ്റ് ചെയ്തുവെന്ന് അറിയിച്ച് പുറത്തു വിട്ട പോസ്റ്ററിന്റെയും, അതിനോടനുബന്ധിച്ചു കേക്ക് മുറിച്ചാഘോഷിച്ച ചടങ്ങിൻറെയും പിന്നിലുള്ള സത്യം വെളിപ്പെടുത്തിയത്.
“ജീവിതത്തിൽ പലപ്പോഴും നമുക്ക് ചില മണ്ടത്തരങ്ങൾ പറ്റുമെന്ന് പറയാറില്ലേ? അന്ന് പലരും എന്നോട് പറഞ്ഞത് അങ്ങനെയൊരു പോസ്റ്ററൊക്കെ അടിച്ചാലേ തിയറ്ററിലേക്ക് ആളുകൾ വരൂ എന്നാണ്. നീന്തലറിയാതെ വെള്ളത്തിൽ വീണ് പിടയുമ്പോൾ ആരെങ്കിലും വന്ന് എന്തെങ്കിലും പിടിച്ചു കയറാനായി ഇട്ട് തന്നാൽ നമ്മളതിൽ പിടിക്കും. മാമാങ്കം റിലീസ് ചെയ്ത് ആദ്യ 2 ദിവസം കഴിഞ്ഞ് കളക്ഷൻ നേരെ താഴോട്ട് ഇടിഞ്ഞു. അപ്പോൾ ചിലർ കേക്ക് കട്ട് മുറിച്ചാഘോഷിക്കാനും പോസ്റ്ററടിക്കാനും ഒക്കെ പറഞ്ഞപ്പോൾ പരിചയമില്ലാത്തത്കൊണ്ട് എന്ത് വേണമെങ്കിലും ചെയ്യാമെന്നായി” വേണു കുന്നപ്പിള്ളി പറഞ്ഞു.
പിന്നീടൊരിക്കലും താൻ അങ്ങനെ ചെയ്തിട്ടില്ല, ശേഷം സിനിമ എന്താണെന്നു താൻ പഠിച്ചു എന്നും, സംവിധായകനും തിരക്കഥയും ഒക്കെ എന്താണെന്ന് മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ‘കാവ്യ ഫിലിം കമ്പനി’ എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ സിനിമകൾ നിർമ്മിക്കുന്ന വേണു കുന്നപ്പിള്ളി മാമാങ്കത്തിന് ശേഷം 2018, ചാവേർ, ആനന്ദ് ശ്രീബാല തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. ആ സംഭവത്തിന് ശേഷം പിന്നീട് താൻ ചെയ്‌ത ഒരു സിനിമയെ സംബന്ധിച്ചും യാതൊരു വിധ വിവാദങ്ങളും ഉണ്ടായിട്ടേയില്ല എന്നും വേണു കുന്നപ്പിള്ളി കൂട്ടിച്ചേർത്തു.
വേണു കുന്നപ്പിള്ളിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം ആസിഫ് അലി നായകനായ ‘രേഖാചിത്രമാണ്. തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച് 50 കോടി ക്ലബ്ബിൽ കയറിയ ചിത്രം, ഇതിനകം സോണി ലിവിലൂടെ ഒടിടി സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ചിത്രം വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേർന്നായിരുന്നു നിർമ്മിച്ചത്.
Story Highlights : Mamangam’s 100 crore poster and cake cutting ceremony were a mistake; Venu Kunnappilly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here