Advertisement

സിപിഐഎം സമ്മേളന നഗരയിൽ ഗസ്റ്റ് റോളിൽ മുകേഷ് MLA ; സംഭവിച്ചത് എന്ത്

March 8, 2025
2 minutes Read
mukesh

വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വിട, ജോലിത്തിരക്കിലായിരുന്ന കൊല്ലം എം എൽ എ എം മുകേഷ് സി പി ഐ എം സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാംനാൾ അതിഥിതാരമായെത്തി. സംസ്ഥാന സമ്മേളനത്തിൽ ആതിഥേയനാകേണ്ടിയിരുന്ന പാർട്ടി എം എൽ എയെ അതിഥിയായെങ്കിലും എത്താനായതിന്റെ തൃപ്തിയിൽ ആണ് താരം.

കൊല്ലം എം എൽ എയായ എം മുകേഷിന് സ്വന്തം തട്ടകത്തിൽ നടക്കുന്ന സി പി ഐ എം സമ്മേളന വേദിയിൽ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇത് ചൂടേറിയ മാധ്യമ വാർത്തയായിരിക്കെയാണ് മുകേഷിനെ പാർട്ടി തന്നെ മുൻകൈയെടുത്ത് സമ്മേളന നഗരിയിൽ അടിയന്തിര ലാൻഡിംഗ് നടത്തിച്ചത്.

ജോലിത്തിരക്കുകൾ കാരണമാണ് രണ്ടുദിവസം തന്നെ കാണാതിരുന്നതെന്നും, മറ്റു ദിവസങ്ങളിൽ ഇവിടെ സജീവമായിരുന്നുവെന്നുമായിരുന്നു മാധ്യമങ്ങളോടുള്ള മുകേഷിന്റെ പ്രതികരണം. എന്നാൽ സമ്മേളന ദിവസം സിനിമാതിരക്കുകൾ കാരണം വരാൻ പറ്റിയില്ലെന്ന മുകേഷിന്റെ പ്രതികരണം പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ്. പാർട്ടി ഏൽപ്പിച്ച ചുമതലയേക്കാളും പാർട്ടിയേക്കാളും തനിക്ക് സിനിമയാണ് പ്രധാനം എന്ന സന്ദേശമാണ് മുകേഷ് നൽകുന്നതെന്നാണ് വിമർശനം. പാർട്ടിയെ കൊല്ലത്ത് പ്രതിരോധത്തിലാക്കിയതിന്റെ പേരിൽ കടുത്ത വിമർശനം നേരിടുകയാണ് എം മുകേഷ്. ഗൗരവത്തോടെയല്ല മുകേഷ് വിഷയങ്ങളെ സമീപിക്കുന്നതെന്നും, പാർട്ടിക്ക് കടുത്ത ക്ഷീണമാണ് മുകേഷ് ഉണ്ടാക്കിയതെന്നുമുള്ള ആരോപണങ്ങൾക്കിടയിലാണ് മുകേഷിനെ സമ്മേളനത്തിൽ നിന്നും പൂർണമായും അകറ്റി നിർത്തിയത്.

Read Also: ‘ഒന്നാം പിണറായി സർക്കാരിനേക്കാൾ മികച്ചത് രണ്ടാം പിണറായി സർക്കാർ; യൂസർ ഫീസ് പിരിക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ല’; MV ഗോവിന്ദൻ

സിനിമാ താരമായ കൊല്ലം എം എൽ എ അകപ്പെട്ട ലൈംഗികപീഡന പരാതി സി പി ഐ എമ്മിനെ കടുത്തപ്രതിരോധത്തിലാക്കിയിരുന്നു. എം എൽ എ സ്ഥാനത്തുനിന്നും മുകേഷിനെ മാറ്റി നിർത്തണമെന്ന് പാർട്ടിയിലെ ഒരുവിഭാഗം ആവശ്യമുന്നയിച്ചിരുന്നു. പാർട്ടിനേതൃത്വം ഇടപെട്ട് മുകേഷ് വിഷയം തണുപ്പിച്ചെങ്കിലും പ്രതിഷേധം ഇപ്പോഴും നിലനിൽക്കുന്നതിനാലാണ് മുകേഷിനെ സമ്മേളനത്തിൽ നിന്നും മാറ്റി നിർത്താൻ നേതൃത്വം നിർബന്ധിതരായത്.

സ്ത്രീപീഡനകേസിൽ അന്വേഷണം പൂർത്തിയാവട്ടെ എന്നും കേസിന്റെ ഗൗരവം പഠിച്ചതിന് ശേഷം മുകേഷിന്റെ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് അന്തിമമായി തീരുമാനിക്കാമെന്നുമായിരുന്നു നേതൃത്വം വ്യക്തമാക്കിയത്. തിടുക്കപ്പെട്ട് മുകേഷിനെതിരെ നടപടികളൊന്നും കൈക്കൊള്ളേണ്ടതില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന നേതൃത്വം.

ലൈംഗികപീഡന പരാതിയിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം ഇക്കഴിഞ്ഞ ദിവസമാണ് മുകേഷിനെതിരെ കുറ്റപത്രം നൽകിയത്. ഇതോടെ മുകേഷ് വിഷയത്തിൽ പാർട്ടി നേതൃത്വം വെട്ടിലായി. കൊല്ലത്തുവച്ച് സമ്മേളനം നടക്കുന്നതിനാൽ വിഷയം കൂടുതൽ ചർച്ചചെയ്യപ്പെടാതിരിക്കാനുള്ള മുൻകരുതലും നേതൃത്വം കൈക്കൊണ്ടിരുന്നു. പാർട്ടിവേദികളിൽ നിന്നും മുകേഷ് എം എൽ എയെ മാറ്റിനിർത്തിയാൽ വിഷയം ചർച്ചയാവില്ലെന്നായിരുന്നു നേതൃത്വം കരുതിയിരുന്നത്. എന്നാൽ മുകേഷിന്റെ അസാന്നിധ്യം മാധ്യമങ്ങളിൽ പ്രധാന വാർത്തയായി. ഇതോടെയാണ് മൂന്നാം ദിനം മുകേഷിനെ സമ്മേളന വേദിയിൽ എത്തിക്കാൻ പാർട്ടി തീരുമാനിച്ചത്. പാർട്ടി സമ്മേനവുമായി ബന്ധപ്പെട്ട് താൻ സജീവമായി ഉണ്ടായിരുന്നുവെന്നാണ് മുകേഷ് പറയുന്നതെങ്കിലും കൊല്ലം ജില്ലാ കമ്മിറ്റി മുകേഷിനൊപ്പമല്ല എന്ന വ്യക്തമായ സന്ദേശമാണ് നൽകുന്നത്.

മുകേഷ് എം എൽ എസ്ഥാനം രാജിവെക്കണമെന്ന നിലപാടാണ് ഇപ്പോഴും പാർട്ടിയിലെ ഒരു വിഭാഗത്തിനുള്ളത്. മുകേഷ് തുടരുന്നത് പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ജില്ലാ നേതാക്കളിൽ ഭൂരിപക്ഷവും. അടുത്ത തവണ കൊല്ലം മണ്ഡലം നിലനിർത്താൻ നല്ല ഗൃഹപാഠം ചെയ്യേണ്ടിവരുമെന്നാണ് ജില്ലാ നേതാക്കളുടെ പക്ഷം. പാർട്ടി അംഗമല്ലാത്തതിനാൽ മുകേഷിനെതിരെ സംഘടനാപരമായ നടപടി സ്വീകരിക്കൻ കഴിയില്ല.

മുകേഷിനെ സമ്മേളനപരിസരത്തുനിന്നും മാറ്റി നിർത്തുന്നതിന്റെ ഭാഗമായി സിനിമാ രംഗത്തുള്ളവരെ ആരേയും സമ്മേളനത്തിലേത്ത് ക്ഷണിച്ചിരുന്നില്ല. പാർട്ടിയുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന നിരവധി നടന്മാരും സംവിധായകരേയും മറ്റും സമ്മേളനങ്ങളുമായി ബന്ധപ്പെട്ടുള്ള അനുബന്ധ പരിപാടിയിലേക്ക് സാധാരണ ക്ഷണിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഇത്തവണ ആരേയും പങ്കെടുപ്പിച്ചിരുന്നില്ലത് ശ്രദ്ധേയം. പുകസ സംസ്ഥാന പ്രസിഡന്റായ ഷാജി എം കരുണിനെപോലും സമ്മേളനത്തിന് ക്ഷണിച്ചിരുന്നില്ല. ചലത്രവികസന കോർപറേഷന്റെ ചെയർമാന്റെ ചുമതയലവഹിക്കുന്നതും ഷാജി എം കരുണാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ തുടങ്ങിയവരെയും സമ്മേളനവുമായി ബന്ധപ്പെട്ട് ക്ഷണിച്ചിരുന്നില്ല. കഴിഞ്ഞ പാർട്ടി സമ്മേനത്തിന്റെ അനുബന്ധപരിപാടികളിൽ സിനിമാ-സാംസ്‌കാരിക കലാരംഗത്തുള്ള പാർട്ടി അനുഭാവികളെ പങ്കെടുപ്പിച്ചിരുന്നു.

പാർട്ടി സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ നടത്തിയ കേരള യാത്രയിൽ ഉടനീളം സിനിമാതാരങ്ങളേയും സാംസ്‌കാരിക നായകരേയും പങ്കെടുപ്പിച്ച് പ്രത്യക പരിപാടികൾ നടത്തിയിരുന്നു. മുകേഷ് കൊല്ലം എം എൽ എ എന്ന നിലയിൽ സമ്മേളനത്തിന്റെ വിവിധ പരിപാടികളിൽ പങ്കെടുത്താലും പാർട്ടിയെ പ്രതിരോധത്തിലാക്കുമെന്നായിരുന്നു ജില്ലാ നേതാക്കളുടെ നിലപാട്. ഇതാണ് മുകേഷിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്താൻ കാരണം. സംഘാടകന്റെ റോളിൽ നിറഞ്ഞുനിൽക്കേണ്ട കൊല്ലം എം എൽ എ വിവാദങ്ങളെതുടർന്ന് ഒരു ഗസ്റ്റ് റോളിലായിരുന്നു മുകേഷിന്റെ എൻട്രി. മാധ്യമ പ്രവർത്തരോടും മറ്റും പതിവു കോമഡി വർത്തമാനങ്ങൾ പറഞ്ഞും സന്തോഷവാനായാണ് സമ്മേളനസ്ഥലത്തെ മുകേഷിന്റെ എൻട്രി.

നേരത്തെ തീരുമാനിച്ച സിനിമയിലെ ഷൂട്ടിംഗ് തിരക്കുകാരണമാണ് താൻ സമ്മേളനത്തിന്റെ ആദ്യദിനങ്ങളിൽ എത്താതിരുന്നതെന്നാണ് മുകേഷ് പറയുന്നത്. സിനിമാ ഷൂട്ടിംഗ് ഉള്ളകാര്യം നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നുമാണ് മുകേഷിന്റെ പ്രതികരണം. ഇവിടെ പാർട്ടി അംഗങ്ങളുടെ സമ്മേളനമാണ് നടക്കുന്നതെന്നും പാർട്ടി അംഗമല്ലാത്ത താൻ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ലെന്ന് പറയുന്നത് ശരിയാണോ എന്നാണ് മുകേഷിന്റെ ചോദ്യം.

ആദ്യതവണ എം എൽ എയായിരുന്ന വേളയിൽ മുകേഷിനെതിരെ പാർട്ടി അണികളിൽ നിന്നുതന്നെ വ്യാപകമായ പരാതി ഉയർന്നിരുന്നു. എം എൽ എ മണ്ഡലത്തിൽ ഉണ്ടാവാറില്ലെന്നായിരുന്നു പ്രധാന പരാതി. പാർട്ടി അണികളുടെ എതിർപ്പുകളെ അവഗണിച്ചാണ് രണ്ടാം തവണ കൊല്ലത്തുനിന്നും മുകേഷിനെ മത്സരിപ്പിച്ചതെന്നാണ് ഉയർ പ്രധാന ആരോപണം. കൊല്ലം എം എൽ എയെ കാണാനില്ലെന്ന് പ്രതിപക്ഷപാർട്ടിപ്രവർത്തകർ കൊല്ലത്ത് പോസ്റ്റർ ക്യാമ്പയിൻ നടത്തിയതും പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു.

പാർട്ടിക്ക് എം മുകേഷ് സിനിമാ താരമാണോ അതോ എം എൽ എയാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. മുകേഷ് സിനിമാ താരമാണെങ്കിലും പാർട്ടിക്ക് മുകേഷ് ജനപ്രതിനിധിയാണ്.

സിനിമയിൽ ഇടവേളകളുണ്ടാവുമ്പോൾ എം എൽ എയുടെ ചുമതല നിർവഹിക്കുകയെന്നതാണ് മുകേഷിന്റെ പതിവ് രീതി. രണ്ട് തവണ കൊല്ലത്തുനിന്നും പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചമുകേഷ് എട്ട് മാസം മുൻപ് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയുമായിരുന്നു.

Story Highlights : Mukesh MLA in guest role at CPI(M) conference in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top