ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പലര്‍ക്കും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ല; 35 കേസുകള്‍ അവസാനിപ്പിക്കാന്‍ പൊലീസ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ ക്ലൈമാക്‌സിലേക്ക്. ഹേമ കമ്മിറ്റിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ച മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത 35 കേസുകള്‍ അവസാനിപ്പിക്കും. മൊഴി നല്‍കിയ പലര്‍ക്കും കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യം ഇല്ലാത്തതിനെ തുടര്‍ന്നാണ് നീക്കം. ( Hema committee report police will close 35 cases)
കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നത്. പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തേയും രൂപീകരിച്ചിരുന്നു. ലൈംഗിക അതിക്രമത്തെക്കുറിച്ചും തൊഴില്‍ ചൂഷണത്തെക്കുറിച്ചും വേതന പ്രശ്‌നത്തെക്കുറിച്ചും ഉള്‍പ്പെടെ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയ പലര്‍ക്കും പക്ഷേ ഇതില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
പൊലീസിന് മുന്‍പാകെ എത്തി മൊഴി നല്‍കാന്‍ സിനിമയില്‍ പ്രശ്‌നം നേരിട്ട സ്ത്രീകളോട് പൊലീസ് നോട്ടീസ് മുഖാന്തരം ആവശ്യപ്പെട്ടെങ്കിലും പലരും മൊഴി നല്‍കാന്‍ താത്പര്യം പ്രകടിപ്പിച്ചില്ല. ഇതേ തുടര്‍ന്നാണ് 35 കേസുകള്‍ പൊലീസ് അവസാനിപ്പിച്ചത്. ആറ് വര്‍ഷം മുന്‍പ് പഠനാവശ്യത്തിനും സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്താനുമാണ് കമ്മിറ്റിയ്ക്ക് മുന്‍പില്‍ മൊഴി നല്‍കിയതെന്നും അതിനെ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നുമാണ് ചിലര്‍ വിശദീകരിച്ചിരിക്കുന്നത്. കേസുകള്‍ അവസാനിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പൊലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. മുകേഷ്, സിദ്ദിഖ്, രഞ്ജിത്ത് മുതലായവര്‍ക്കെതിരായ കേസുകളില്‍ കൃത്യമായി പരാതി ലഭിച്ചിട്ടുള്ളതിനാല്‍ കേസുമായി മുന്നോട്ടുപോകുമെന്നും പൊലീസ് വ്യക്തമാക്കി.
Story Highlights : Hema committee report police will close 35 cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here