Advertisement

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; തന്ത്രിമാരെ നിലയ്ക്ക് നിർത്തണമെന്ന് വെള്ളാപ്പള്ളി, കഴകക്കാരനെ മാറ്റിയത് ചട്ടലംഘനമെന്ന് കെ. രാധാക്യഷ്ണൻ

March 10, 2025
2 minutes Read
vellappalli

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ സ്വമേധയ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ജാതി വിവേചന വിവാദത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്സി. ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനും കമ്മീഷൻ അംഗം വി ഗീത നിർദേശം നൽകി. കഴകം ജോലിയിൽ നിയമിതനായ വി എ ബാലുവിനോട് കൊച്ചിൻ ദേവസ്വം ബോർഡ് വിശദീകരണം തേടും.

അതേസമയം, കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന പരാതിയിൽ, തന്ത്രിമാർക്കെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. തന്ത്രിമാരാണ് സർവ്വാധികാരികൾ എന്ന അഹങ്കാരം വേണ്ടെന്നും ഇത്തരക്കാരെ നിലയ്ക്ക് നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അങ്ങേയറ്റം പ്രതിഷേധാർഹമായ സംഭവമെന്നും അദ്ദേഹം പ്രതികരിച്ചു. സർക്കാർ ബോർഡ് നിയമിച്ച അംഗങ്ങളെ അംഗീകരിക്കണമെന്നും കഴക നിയമനം പാലിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിലുള്ള ചില അവകാശം പറഞ്ഞുകൊണ്ട് സർവാധിപത്യം സ്ഥാപിക്കാൻ ഇന്ന് ചിലയാളുകൾ ശ്രമിക്കുന്നുണ്ട്. ഈ ജനാധിപത്യ യുഗത്തിൽ കാലഘട്ടത്തിന്റെ മാറ്റങ്ങൾ മനസിലാക്കാതെയും ഉൾക്കൊള്ളാതെയും ഇതുപോലുള്ള ക്ഷേത്രത്തിലെ അവകാശികളെന്നും അധികാരികളെന്നും പറഞ്ഞിരിക്കുന്നവരുണ്ട്. അവർ ജനങ്ങളുടെ വികാരങ്ങൾക്കും വിചാരങ്ങൾക്കുമെതിരായി ഇതുപോലുള്ള തടസവാദങ്ങൾ ഉന്നയിച്ച് ജാതി വിവേചനം കൽപ്പിക്കുന്നു. ഹിന്ദു ഐക്യത്തെ തകർക്കുവാൻ ഇറങ്ങിത്തിരിച്ചവരാണ് ഈ അൽപപ്രാണികൾ – അദ്ദേഹം പറഞ്ഞു.

Read Also: ‘ വീണ ജോര്‍ജിനെ പരിഗണിച്ചത് പാര്‍ലമെന്ററി രംഗത്തെ പ്രകടനം മാത്രം കണക്കിലെടുത്തെ്; സംഘടനാപരമായ പ്രവര്‍ത്തനങ്ങളാകണം മാനദണ്ഡം’ ; സിപിഐഎം നേതൃത്വത്തിനെതിരെ എ പത്മകുമാര്‍

ജാതിവിവേചനം അംഗീകരിക്കാനാവില്ലെന്നും കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനെ മാറ്റിയത് ചട്ടലംഘനമെന്നും കെ. രാധാക്യഷ്ണൻ എംപി പ്രതികരിച്ചു. കഴകത്തിന്റെ ജോലി ചെയ്യുന്നതിനാണ് പത്തു മാസത്തേക്ക് ഒരാളെ നിയമിച്ചത്. അതനുസരിച്ച് ആ വ്യക്തിക്ക് അവിടെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം വേണം. ബന്ധപ്പെട്ട ആളുകൾ നടപടി സ്വീകരിക്കണം. ജാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ മാറ്റിനിർത്തുക എന്നത് എവിടെ നടന്നാലും തെറ്റ്. മനുവാത സിദ്ധാന്തം വീണ്ടും പുനഃസ്ഥാപിക്കുന്ന ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. അതിനെ പിന്തുണയ്ക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങളെ തള്ളിപ്പറയണം – അദ്ദേഹം വ്യക്തമാക്കി.

ആവശ്യമെങ്കിൽ തന്ത്രിമാർക്ക് എതിരെ നടപടി എടുക്കുമെന്ന് ദേവസ്വം ചെയർമാൻ കെ എ ഗോപിയും വ്യക്തമാക്കി. വിഎ ബാലുവിനോട് വിശദീകരണം തേടാൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ജോലിയുമായി ബന്ധപ്പെട്ട് പ്രതിസന്ധി നേരിട്ടോ എന്ന് അന്വേഷിക്കും. ജാതി അധിക്ഷേപം തെളിഞ്ഞാൽ തന്ത്രിമാർക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. നിയമനം സർക്കാർ ഉത്തരവുണ്ട്. അത് നടപ്പാക്കും – സികെ ഗോപി വ്യക്തമാക്കി.

Story Highlights : Human Rights Commission takes action over caste discrimination at Koodalmanikyam temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top