പാകിസ്താനില്‍ ട്രെയിന്‍ തട്ടിയെടുത്ത് ബലൂച്ച് ലിബറേഷന്‍ ആര്‍മി; 450 യാത്രക്കാരെ ബന്ദികളാക്കി

പാകിസ്താനിലെ ജാഫര്‍ എക്‌സ്പ്രസ് ആക്രമിച്ച് തട്ടിയെടുത്ത് 400ലേറെ യാത്രക്കാരെ ബന്ദികളാക്കി വിഘടനവാദ ഗ്രൂപ്പായ ബലൂച്ച് ലിബറേഷന്‍ ആര്‍മി. സൈനിക നീക്കത്തിലൂടെ തങ്ങളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ബന്ദികളെ ജീവനോടെ തിരികെക്കിട്ടില്ലെന്ന് ബലൂച്ച് ലിബറേഷന്‍ ആര്‍മി പാക് സൈന്യത്തെ ഭീഷണിപ്പെടുത്തി. ബന്ദികളാക്കിയവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. (aloch Militants Hijack Train In Pakistan)
ബലൂചിസ്ഥാന്റെ വിമോചനത്തിനായി പോരാടുമെന്ന് പ്രഖ്യാപിച്ച് തീവ്ര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബലൂച്ച് ലിബറേഷന്‍ ആര്‍മി. 1948 മാര്‍ച്ചില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ബലമായി ബലൂച് പിടിച്ചടക്കിയതാണെന്നും മുന്‍ രാജാവായ കലാത്ത് ഖാനെ ബലം പ്രയോഗിച്ച് കരാര്‍ ഒപ്പുവപ്പിച്ചാണ് ഈ പ്രദേശം കൈയടക്കിയതെന്നും ബലൂച്ച് ലിബറേഷന്‍ ആര്‍മി വാദിക്കുന്നു. പതിറ്റാണ്ടുകളായി ബലൂചിസ്ഥാനെ വിമോചിപ്പിക്കുന്ന എന്ന ആവശ്യമുന്നയിച്ച് ആക്രമണങ്ങള്‍ നടത്തുന്ന ഈ സംഘടനയെ യുഎസും പാകിസ്താനും തീവ്രവാദ സംഘടനകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
തോക്കുധാരികളായ വലിയ സംഘം ബോലന്‍ എന്ന സ്ഥലത്തുവച്ചാണ് ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ട്രെയിന്‍ ബലമായി നിര്‍ത്തിച്ച സംഘം തോക്കുകളുമായി ട്രെയിനിനകത്തേക്ക് ഇരച്ചെത്തുകയും യാത്രക്കാരെ തോക്കിന്‍ മുനയില്‍ ഭീഷണിപ്പെടുത്തി നിര്‍ത്തുകയുമായിരുന്നു. ബലൂച്ച് ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡും ഫത്തേഹ് സ്‌ക്വാഡുമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബലൂച്ച് ലിബറേഷന്‍ ആര്‍മിയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി പാക് ഭരണകൂടം സ്ഥിരീകരിച്ചു. ബന്ദികളെ വിട്ടുകിട്ടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.
Story Highlights : Baloch Militants Hijack Train In Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here