Advertisement

ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം, കഠിനമായ ചൂട്: പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍; നിർദേശവുമായി മന്ത്രി വീണാ ജോര്‍ജ്

March 12, 2025
1 minute Read

ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ചൂട് വര്‍ധിച്ചതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

സുസജ്ജമായ മെഡിക്കല്‍ ടീമുകള്‍ക്ക് പുറമേ ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

· കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
· നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക
· ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക
· തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നിര്‍ജലീകരണം തടയും
· ശുദ്ധമായ ജലത്തില്‍ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളില്‍ ഉപയോഗിക്കുക
· ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക
· ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക
· കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്. ഇടയ്ക്കിടെ കുടിക്കാന്‍ വെള്ളം നല്‍കണം
· സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കം വരുത്താതെ കഴിക്കുക
· കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍ കയ്യില്‍ കരുതണം

പൊള്ളല്‍ ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്

· തീ പിടിക്കുന്ന വിധത്തില്‍ അലസമായി വസ്ത്രങ്ങള്‍ ധരിക്കരുത്.
· ചുറ്റുമുള്ള അടുപ്പുകളില്‍ നിന്നും തീ പടരാതെ സൂക്ഷിക്കണം.
· അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വയ്ക്കരുത്
· തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം
· വസ്ത്രങ്ങളില്‍ തീപിടിച്ചാല്‍ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടന്‍ തീ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയര്‍മാരുടെ സഹായം തേടുക.
· തീപൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യണം
· പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കണം
· വസ്ത്രമുള്ള ഭാഗമാണെങ്കില്‍ വസ്ത്രം നീക്കാന്‍ ശ്രമിക്കരുത്
· പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകള്‍ ഉപയോഗിക്കരുത്
· ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടുക
· പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം

ഭക്ഷണം കരുതലോടെ

· ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വൃത്തിയായി കൈകള്‍ കഴുകണം
· തുറന്നു വച്ചിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങി കഴിക്കരുത്.
· പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക
· മാലിന്യങ്ങള്‍ വലിച്ചെറിയരുത്. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക

Story Highlights : Veena George on Attukal Pongala 2025 instructions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top