‘ആശ’യറ്റവരുടെ പ്രതിഷേധ പൊങ്കാല; ഇത് മന്ത്രിമാരുടെ മനസലിയാനുള്ള പ്രാര്‍ത്ഥനയെന്ന് ആശമാര്‍

ആറ്റുകാല്‍ പൊങ്കാല ദിവസമായ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ വര്‍ക്കേഴ്‌സ് പ്രതിഷേധ പൊങ്കാലയിടും. കഴിഞ്ഞ 32 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടരുന്ന ആശാവര്‍ക്കേഴ്‌സ് ആണ് പ്രതിഷേധ പൊങ്കാലയിടുക. പ്രതിഷേധത്തിന്റെ മാത്രം ഭാഗമായല്ല, വിശ്വാസത്തിന്റെ കൂടെ ഭാഗമായാണ് പൊങ്കാല എന്ന് സമരക്കാര്‍ പറഞ്ഞു. സമരം തുടരുന്നതിനാല്‍ മറ്റെവിടെയും പോകാന്‍ കഴിയാത്തതിനാലാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ തന്നെ പൊങ്കാലയിടുന്നതെന്നും സമരക്കാര്‍ അറിയിച്ചു. അതിനിടെ പൊങ്കാലയ്ക്ക് എത്തിയ നിരവധി ജനങ്ങള്‍ സമരപ്പന്തലില്‍ എത്തി സമരക്കാര്‍ക്ക് പിന്തുണ അറിയിച്ചു. (asha workers attukal pongala 2025)
ആരോഗ്യമന്ത്രിയുടെ മനസലിയാനുള്ള തങ്ങളുടെ പ്രാര്‍ത്ഥന കൂടിയാണ് തങ്ങളുടെ പൊങ്കാലയെന്ന് പ്രതിഷേധിക്കുന്ന ആശമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. തങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് ആവശ്യങ്ങള്‍ പരിഹരിച്ച് തങ്ങളെ ഈ തെരുവിലെ സമരപ്പന്തലില്‍ നിന്ന് രക്ഷിക്കണേ എന്ന ഒറ്റപ്രാര്‍ത്ഥനയാണ് എല്ലാവര്‍ക്കുമുള്ളതെന്ന് ആശമാര്‍ പറഞ്ഞു. ഇത്തരമൊരു പൊങ്കാല തങ്ങള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ല. ഇതിനെ ഒരു പ്രതിഷേധം മാത്രമായി കാണരുതെന്നും ഇത് തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗം തന്നെയാണെന്നും ആശമാര്‍ പറഞ്ഞു.
Read Also: പാകിസ്താനിലെ ട്രയിന്‍ റാഞ്ചല്‍; 300 ബന്ദികളേയും മോചിപ്പിച്ചെന്ന് പാകിസ്താന്‍ പട്ടാളം
അതേസമയം ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസരത്തും തിരുവനന്തപുരം നഗരത്തിന്റെ വിവിധയിടങ്ങളിലും സ്ത്രീകളായ ഭക്തലക്ഷങ്ങള്‍ പൊങ്കാലയിടാന്‍ ഒരുങ്ങുകയാണ്. സര്‍വാഭരണ വിഭൂഷിതയായ ആറ്റുകാലമ്മയെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്താല്‍ ദൂരെ ദിക്കുകളില്‍ നിന്ന് വരെ നിരവധി പേരാണ് ആറ്റുകാലിലേക്ക് എത്തുന്നത്. രാവിലെ ശുദ്ധപുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുന്നത്. ക്ഷേത്രത്തിന് മുന്നില്‍ നിന്നും തോറ്റംപാട്ടുകാര്‍ കണ്ണകി ചരിതത്തില്‍ പണ്ഡ്യരാജവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടന്‍ തന്ത്രി ശ്രീകോവിലില്‍ നിന്ന് പത്തേകാലോടെ ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറും.
Story Highlights : asha workers attukal pongala 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here