കേരളത്തില്‍ പിടിമുറുക്കി ലഹരി മാഫിയ; മയക്കുമരുന്ന് കേസുകളില്‍ ഗണ്യമായ വര്‍ധന

കേരളത്തില്‍ പിടിമുറുക്കി ലഹരി മാഫിയ. മയക്കുമരുന്ന് കേസുകളില്‍ ഗണ്യമായ വര്‍ധനയാണ് സമീപ വര്‍ഷങ്ങളില്‍ ഉണ്ടായത്. എന്‍ഡിപിഎസ് ആക്ടിന് കീഴില്‍ 2020ല്‍ 4968 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2021-ല്‍ 5695 ആയും 2022-ല്‍ 26,619 ആയും 2023-ല്‍ 30,697 ആയും 2024-ല്‍ 27,530 ആയും കേസുകളുടെ എണ്ണം ഉയര്‍ന്നു. 2025 ജനുവരിയില്‍ മാത്രം കേരളത്തില്‍ ഏകദേശം 2,000 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ എറണാകുളം ജില്ലയാണ് സംസ്ഥാനത്ത് മുന്‍പന്തിയില്‍. 2023 ജനുവരി ഒന്നിനും 2024 ജൂണ്‍ ഒന്നിനും ഇടയില്‍, ജില്ലയില്‍ 8,567 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 5906 കേസുകളുമായി മലപ്പുറവും 5385 കേസുകളുമായി കോഴിക്കോടും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
കൗമാരക്കാര്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗക്കേസുകളില്‍ 82 ശതമാനവും കഞ്ചാവുമായി ബന്ധപ്പെട്ടതാണ്. ഇവരില്‍ 75.66 ശതമാനം പേര്‍ സിഗരറ്റ് വലിച്ചിരുന്നവരാണെന്നും മാനസികസമ്മര്‍ദ്ദം നേരിട്ടപ്പോഴാണ് ഇവരില്‍ 35.16 ശതമാനം പേര്‍ മയക്കുമരുന്നിലേക്ക് തിരിഞ്ഞതെന്നുമാണ് കണ്ടെത്തല്‍. എല്‍ എസ് ഡി, എം ഡി എം എ ഉപയോഗവും യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചു. ഒളിപ്പിച്ചുവയ്ക്കാന്‍ എളുപ്പമാണെന്നതും ഉപയോഗിച്ചവരെ കണ്ടെത്തുക ബുദ്ധിമുട്ടാണ് എന്നതും ഇവയുടെ ഉപയോഗം വ്യാപകമാക്കി. ഇതിനു പുറമേ കൊക്കെയ്ന്‍, ഹെറോയിന്‍, ഹാഷിഷ് എന്നിവയും സംസ്ഥാനത്ത് പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരി, ഫെബുവരി മാസങ്ങളില്‍ കേരളത്തില്‍ നടന്ന 63 കൊലപാതകങ്ങളില്‍ 30 എണ്ണം മയക്കുമരുന്നുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസ് പറയുന്നു.
Story Highlights : Drug cases increase in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here